ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച് ഭിത്തിയില്‍ പിടിച്ച്, മെല്ലെ ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന് മെത്തയില്‍ ചെന്ന് കിടന്നു ഇത്ര കുടിക്കേണ്ടിയിരുന്നില്ല നാളെ കുടി നിര്‍ത്തണം… കണ്ണടയുന്നു…. നാളെയോ?… കണ്ണ് തുറന്ന് നോക്കി.. ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?.. ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം… -മര്‍ത്ത്യന്‍-
കവിത
മയില്‍പ്പീലി
നോട്ടുപുസ്തകത്തില്‍ വച്ച മയില്‍പ്പീലി പിണങ്ങിയിരുന്നു പിണക്കം മാറ്റാനായി ഞാനതിനെ വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും വച്ച് നോക്കി. അത് അലറിവിളിച്ച് പുറത്ത് ചാടി ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു എന്നിട്ട് പറഞ്ഞു “നീ പോറ്റിക്കോ.. എനിക്ക് വയ്യ ഈ അനുസരണകെട്ട – മയില്‍പ്പീലിയുമായി മല്ലിടാന്‍” അവനത് മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച് പയ്ക്കളെയും മേച്ച് നടന്നു… -മര്‍ത്ത്യന്‍-
തളരാതെ
അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം… തളരാതെ ഒരിക്കലും നിര്‍ത്താതെ ഈ വഴികളൊന്നും എങ്ങോട്ടും – നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും ഒരുറുമ്പിനെ പോലെ, പലപ്പോഴും ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം… -മര്‍ത്ത്യന്‍-
ചിറകുകള്‍
എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക് സ്വര്‍ണ്ണ ചിറകുകള്‍ പണിതു കൊടുത്തു അത് വച്ച് അവളെന്റെ മുന്‍പില്‍ പറന്നു വന്നു എന്നെ നോക്കി കൊഞ്ഞനം കാട്ടി എന്നിട്ട് ഞാന്‍ പോള് മറിയാതെ മറ്റാരുടെയോ സ്വപ്നത്തിലേക്ക് പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു -മര്‍ത്ത്യന്‍-
അയാള്‍
ചിലനേരം വരും, അടുത്തിരിക്കും; പലതും പറഞ്ഞു ചിരിക്കും. കുറേയായി കണ്ടില്ല, ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ ഇനി എവിടെ ചെന്നന്വേഷിക്കും ? മനസ്സിന്റെ ഓരോ കളികള്‍ അല്ലെ മര്‍ത്ത്യാ…?
പുതുമ
പുതിയ ഉടുപ്പുകള്‍ പഴയതിനെ വീണ്ടും പഴകിക്കുന്നു കൊള്ളാത്തവയാക്കുന്നു കീറിയതാക്കുന്നു ഭംഗിയില്ലാത്തവയാക്കുന്നു, പാവം! ആ പഴയവ എന്ത് പിഴച്ചു പുതുമയേ… നിന്റെ ജനനം പഴമയുടെ മടിയില്‍ പോരെ? അതിന്റെ മൃതിയില്‍ തന്നെ വേണോ? -മര്‍ത്ത്യന്‍ –
തിരമാല
ഈ തിരമാലയെ ഞാനറിയും പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍ അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു പക്ഷെ ഇതിട്ടു നടന്ന ആളെവിടെ തിരമാലെ… തിരിച്ച് തരൂ നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ -മര്‍ത്ത്യന്‍-
കണ്ണാടി പഹയന്‍
ഒരു രാവിലെ ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു ഞാനത് പൊടിതട്ടിയെടുത്ത് നോക്കി “ഇതായിരുന്നുവല്ലേ ഞാന്‍?” പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒരു പരിചയമില്ലാത്ത പഹയന്‍ ആരാ നീ? ഞാന്‍ ചോദിച്ചു “ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്” അവന്‍ പോയില്ല, ഒരു കൂസലില്ലാതെ ഇന്നും എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്‍ക്കുന്നു മര്‍ത്ത്യന്‍
മേഖങ്ങള്‍
ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍ തുടങ്ങി വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍ ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്‍ കുറ്റബോധത്തോടെ തിരിച്ചു നടന്നു -മര്‍ത്ത്യന്‍-
കാത്തിരുപ്പ്
കാത്തിരുപ്പ് നല്ലതാണ് എന്നെങ്കിലും തീരുമെങ്കില്‍ ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും അവസാനം തീര്‍ന്നാലൊ? അതെ കാത്തിരുപ്പിനെ ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ് മര്‍ത്ത്യന്റെ ഒരു കാര്യം -മര്‍ത്ത്യന്‍-