Author Archives
മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം
രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…
പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു
-
സ്വപ്നാടനം
സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി ആരോടെങ്കിലും വഴി ചോദിച്ചാലോ? പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി അലയുന്നുണ്ടാവണം… അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍… -മര്‍ത്ത്യന്‍-
-
മൂര്‍ച്ച
വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും ജെല്ല് പുരട്ടിയല്ലേ? കൊള്ളാം ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കു.. അവ വീണ്ടും വിണ്ടു കീറും… -മര്‍ത്ത്യന്‍-
-
മദ്യപന്‍
ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച് ഭിത്തിയില്‍ പിടിച്ച്, മെല്ലെ ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന് മെത്തയില്‍ ചെന്ന് കിടന്നു ഇത്ര കുടിക്കേണ്ടിയിരുന്നില്ല നാളെ കുടി നിര്‍ത്തണം… കണ്ണടയുന്നു…. നാളെയോ?… കണ്ണ് തുറന്ന് നോക്കി.. ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?.. ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം… -മര്‍ത്ത്യന്‍-
-
മയില്‍പ്പീലി
നോട്ടുപുസ്തകത്തില്‍ വച്ച മയില്‍പ്പീലി പിണങ്ങിയിരുന്നു പിണക്കം മാറ്റാനായി ഞാനതിനെ വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും വച്ച് നോക്കി. അത് അലറിവിളിച്ച് പുറത്ത് ചാടി ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു എന്നിട്ട് പറഞ്ഞു “നീ പോറ്റിക്കോ.. എനിക്ക് വയ്യ ഈ അനുസരണകെട്ട – മയില്‍പ്പീലിയുമായി മല്ലിടാന്‍” അവനത് മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച് പയ്ക്കളെയും മേച്ച് നടന്നു… -മര്‍ത്ത്യന്‍-
-
തളരാതെ
അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം… തളരാതെ ഒരിക്കലും നിര്‍ത്താതെ ഈ വഴികളൊന്നും എങ്ങോട്ടും – നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും ഒരുറുമ്പിനെ പോലെ, പലപ്പോഴും ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം… -മര്‍ത്ത്യന്‍-
-
രൂപം
അവളുടെ മിഴികളില്‍ പണ്ട് ഞാനോളിപ്പിച്ചു വച്ച എന്റെ തന്നെ രൂപം ഇന്ന് പേരെടുത്ത് വിളിച്ച് അവളെനിക്ക് തിരിച്ചു തന്നു…
-
നാടകം
തിരശ്ശീലക്കു പിന്നില്‍ കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു തിരശ്ശീലക്കു മുന്‍പില്‍ കാണികള്‍ അക്ഷമരായി – പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ നാടകങ്ങള്‍ അരങ്ങേറുന്നു -മര്‍ത്ത്യന്‍-
-
ചതി
തലചുറ്റി വീണത് തലചായ്ക്കാനൊരിടം തരാതെ ഇറക്കിവിട്ട ആ വീടിന്റെ ഉമ്മറത്ത് തന്നെയായല്ലോ എന്തൊരു ചതിയാണിത് മര്‍ത്ത്യാ..
-
തുള്ളികള്‍
നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ തുള്ളികള്‍ക്കായി കടിപിടികൂടി അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍ അവനെ വല്ലാതെ ഓര്‍മ്മ വന്നു ചങ്കില്‍ പാല്‍തുള്ളികള്‍ കട്ടപിടിച്ച പോലെ ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം സഹോദരനല്ലേ മര്‍ത്ത്യാ…. -മര്‍ത്ത്യന്‍-
-
ചിറകുകള്‍
എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക് സ്വര്‍ണ്ണ ചിറകുകള്‍ പണിതു കൊടുത്തു അത് വച്ച് അവളെന്റെ മുന്‍പില്‍ പറന്നു വന്നു എന്നെ നോക്കി കൊഞ്ഞനം കാട്ടി എന്നിട്ട് ഞാന്‍ പോള് മറിയാതെ മറ്റാരുടെയോ സ്വപ്നത്തിലേക്ക് പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു -മര്‍ത്ത്യന്‍-