നീയാരാണ്..? നിന്റെ നിഴലിന്റെ പേരെന്താണ്…? നീ എന്താണ് പറഞ്ഞത്… അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട് പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…? നിനക്കെന്തു വേണം…? നമ്മള്‍ തമ്മിലറിയുമോ..? -മര്‍ത്ത്യന്‍-
കവിത
പക്ഷെ ആദ്യം
ആകാശത്തില്‍ അമര്‍ന്നു പോയ നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത് പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ കൊള്ളാം മോഹം നിന്റെ…. പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍ കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ ചിതകള്‍ കെട്ടടങ്ങട്ടെ… -മര്‍ത്ത്യന്‍-
ന്നാലും…
അവടെ ചെല്ലുമ്പം ഒര് കാര്യണ്ട് ഓടി നടക്കണ കോഴീനേം തൊഴുത്തില് കെട്ട്യ പശൂനേം കണ്ട് വായേല് വെള്ളെറക്കണ്ട മനസ്സിലായോ… മുത്തശ്ശന്‍ കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട് ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ.. -മര്‍ത്ത്യന്‍-
തമാശകള്‍
പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി ഇങ്ങനെയുമുണ്ടോ തമാശകള്‍.. -മര്‍ത്ത്യന്‍-
പണയം
പണയപ്പെടുത്തിയത് വീടല്ല അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി പണിതുയര്‍ത്തിയ ഓര്‍മ്മകളാണ് പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല അതിടെണ്ട കഴുത്ത് തന്നെയാണ് അവര്‍ കഴുത്തിന് വേണ്ടി വരുന്നുണ്ട് അതില്ലാതെ എന്ത് സ്വര്‍ണ്ണം… എന്ത് വീട്… -മര്‍ത്ത്യന്‍-
കുന്തം
കുന്തം വിഴുങ്ങി ഇപ്പോള്‍ തോന്നുന്നു – പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു ഇത് പണ്ടാറടങ്ങാന്‍ തീരെ ദഹിക്കുന്നില്ല… -മര്‍ത്ത്യന്‍-
ഇഷ്ടം
ഓടി കിതച്ച് വന്നു നിന്നപ്പോള്‍ മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ…? സാരമില്ല… എനിക്കിഷ്ടമാണ്.. മഴത്തുള്ളികളില്‍ ഇടകലര്‍ന്ന വിയര്‍പ്പു തുള്ളികളിലെ ഉപ്പു രസം നുകരാന്‍… -മര്‍ത്ത്യന്‍-
വരകള്‍
കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍ മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം മാഞ്ഞു പോയല്ലോ.. കൈയ്യിലെ ശൂന്യത കാണുമ്പോള്‍ വല്ലാത്തൊരു നഗ്നത.. ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ…? മാഞ്ഞു പോകാത്ത മഷി കൊണ്ട് …. -മര്‍ത്ത്യന്‍-
ആത്മവിശ്വാസം
കണ്ണ് കൊണ്ട് തുറിച്ച് നോക്കി നക്കെടുത്ത് തെറി വിളിച്ചു നോക്കി ഉപദേശിച്ചു… കരഞ്ഞു പറഞ്ഞു.. മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു.. എന്നിട്ടോ..? വല്ല മാറ്റവും വന്നോ…? നഹീ….. വരും…ആ വീശി നടക്കുന്ന കൈയ്യെട്ത്ത് കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം എല്ലാം നേരയാകും…. ആത്മവിശ്വാസം കൈവിടരുത്… -മര്‍ത്ത്യന്‍-
ഭ്രാന്താലയം
ഭ്രാന്താലയത്തിലെ ജീവിതം അവസാനിപ്പിച്ച് ലോകത്തിലേക്ക് ആര്‍ത്തിയോടെ ഇറങ്ങി ചെന്നു വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി ഭേദമാവാത്ത പലതരം ഭ്രാന്തുമായി എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത് പണത്തിന്റെയും പവറിന്റെയും, വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും ഒരിക്കലും മുക്തി നേടാത്തൊരു ഇനം ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍ എനിക്കും മുഴുവട്ടാവും.. ഞാന്‍ തിരിച്ചു പോണൂ…. -മര്‍ത്ത്യന്‍-