കവിത

ഇഷ്ടം

ഓടി കിതച്ച് വന്നു നിന്നപ്പോള്‍ മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ…? സാരമില്ല… എനിക്കിഷ്ടമാണ്.. മഴത്തുള്ളികളില്‍ ഇടകലര്‍ന്ന വിയര്‍പ്പു തുള്ളികളിലെ ഉപ്പു രസം നുകരാന്‍… -മര്‍ത്ത്യന്‍-

വരകള്‍

കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍ മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം മാഞ്ഞു പോയല്ലോ.. കൈയ്യിലെ ശൂന്യത കാണുമ്പോള്‍ വല്ലാത്തൊരു നഗ്നത.. ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ…? മാഞ്ഞു പോകാത്ത മഷി കൊണ്ട് …. -മര്‍ത്ത്യന്‍-

ആത്മവിശ്വാസം

കണ്ണ് കൊണ്ട് തുറിച്ച് നോക്കി നക്കെടുത്ത് തെറി വിളിച്ചു നോക്കി ഉപദേശിച്ചു… കരഞ്ഞു പറഞ്ഞു.. മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു.. എന്നിട്ടോ..? വല്ല മാറ്റവും വന്നോ…? നഹീ….. വരും…ആ വീശി നടക്കുന്ന കൈയ്യെട്ത്ത് കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം എല്ലാം നേരയാകും…. ആത്മവിശ്വാസം കൈവിടരുത്… -മര്‍ത്ത്യന്‍-

ഭ്രാന്താലയം

ഭ്രാന്താലയത്തിലെ ജീവിതം അവസാനിപ്പിച്ച് ലോകത്തിലേക്ക് ആര്‍ത്തിയോടെ ഇറങ്ങി ചെന്നു വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി ഭേദമാവാത്ത പലതരം ഭ്രാന്തുമായി എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത് പണത്തിന്റെയും പവറിന്റെയും, വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും ഒരിക്കലും മുക്തി നേടാത്തൊരു ഇനം ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍ എനിക്കും മുഴുവട്ടാവും.. ഞാന്‍ തിരിച്ചു പോണൂ…. -മര്‍ത്ത്യന്‍-

സ്വപ്നങ്ങളെ

ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളോട്‌ പരിഭവം കാട്ടുന്നത് ശരിയാണോ മര്‍ത്ത്യാ…. -മര്‍ത്ത്യന്‍-

രാത്രികള്‍

ചില്ല് ഗ്ലാസ്സില്‍ നിറഞ്ഞിരുന്ന സന്ധ്യകളിലേക്ക്‌ മദ്യമൊഴിച്ചപ്പോള്‍ നേരം വെളുത്തതറിഞ്ഞില്ല, ഒരിക്കലും എവിടെ പോയി മറഞ്ഞുവോ എന്റെ ഇന്നലത്തെ രാത്രികള്‍… മര്‍ത്ത്യന്‍-

തോന്നല്‍

വളരെ ദൂരം ഒരു കാരണവുമില്ലാതെ നടന്നു എന്നൊരു തോന്നല്‍ വെയിലും മഴയും ഒക്കെ കൊണ്ട് അങ്ങിനെ എവിടുന്നോ ഈ ജീവിതത്തിലേക്ക് ആരും വിളിക്കാതെ വലിഞ്ഞു കയറി വന്നവനെ പോലെ…. -മര്‍ത്ത്യന്‍-

ആഗ്രഹങ്ങള്‍

ഞാനാഗ്രഹിക്കാതെ തന്നെ മഴ പെയ്തു പീടിക വരാന്തയിലേക്ക്‌ കയറാന്‍ വൈകിയത് കാരണം അപ്പാടെ നനഞ്ഞു അശ്രദ്ധ കാരണം കയ്യിലുണ്ടായിരുന്ന ചോറ്റു പാത്രം ആ ഓട്ടത്തില്‍ നിലത്തു വീണു ചിതറി അടുത്ത വീട്ടിലെ ലില്ലിപ്പട്ടി ഒറ്റ വറ്റും വിടാതെ ചോറ് മുഴുവന്‍ തിന്നു ഞാനഗ്രഹിച്ചത് പോലെ തന്നെ സ്കൂളില്‍ പോകാതെ നേരെ വീട്ടിലേക്കു മടങ്ങി നനഞ്ഞു കുളിച്ച്… Read More ›

മദ്യം കഴിച്ചാല്‍

മദ്യം കഴിച്ചാല്‍ വയറ്റില്‍ കിടക്കണം അല്ലെങ്കില്‍ ആര്‍ക്കും ദ്രോഹമില്ലാതെ രസിച്ച് മലര്‍ന്നു റോഡിന്റെ ഒരരുകില്‍ കിടക്കണം രണ്ടും കഴിയില്ലെങ്കില്‍ കുടിക്കാന്‍ നില്‍ക്കരുത് എന്താ സമ്മതിച്ചോ…? എന്നാല്‍ ഒന്നോഴിച്ചോളു… -മര്‍ത്ത്യന്‍-

കീഴടങ്ങല്‍

ഞാന്‍ നിനക്ക് കീഴടങ്ങട്ടെ…? നിന്റെ തലമുടിയുടെ കെട്ടുകളില്‍ സ്വയം ബന്ധനസ്ഥനാക്കി ഞാന്‍ ഈ ലോകത്തിനോട് ദൂരെ പോകാന്‍ പറയട്ടെ…? നിന്റെ നിലത്തു വീണ മൂടുപടത്തില്‍ അവരെന്നെ അന്വേഷിച്ചു വന്നാല്‍ നീ എന്നെ നിന്റെ കണ്‍പോളകളില്‍ ഒളിപ്പിക്കണം വശ്യമായി ചിരിച്ച് നീ അവരുടെ ശ്രദ്ധ തിരിച്ചു വിടണം ലോകം മെല്ലെ എന്നെ കുറിച്ച് മറക്കും ഞാന്‍ നീ… Read More ›