യുദ്ധത്തിന്റെ തിയതി കുറിച്ചതിനു ശേഷം
അവർ തിരികേ പോയി…..
അവരുടെ കണക്കു പുസ്തകം
പൂർത്തിയാകാൻ സമയമെടുത്തിരുന്നു
മരണത്തിന്റെ എണ്ണത്തിൽ അവർ
ഏറെ നേരം ചര്ച്ച ചെയ്ത് ഒരു
ഒത്തുതീർപ്പിലെത്തി…
വലത്തേ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണം
ഇടത്തെ കൈ നഷ്ടപ്പെടുന്നവരുടെ എണ്ണവുമായി
ഏകദേശം ഒപ്പിച്ചെടുത്തു….
സ്ത്രീകൾക്ക് രണ്ടു കൈയ്യും നഷ്ടമായാൽ
ആലിംഗനം കഴിയില്ലെന്ന് പറഞ്ഞപ്പോൾ
അമ്മമാരുടെ പേര് ഒരുത്തൻ വെട്ടി മാറ്റി
അത് ശരിയല്ല അമ്മമാരിൽ
സുന്ദരികളുടെ പേര് മാത്രം വെട്ടിയാൽ
മതിയെന്ന് മറ്റൊരുത്തൻ പറഞ്ഞു
അവർ ശരിവച്ചു
മക്കൾ ചത്താൽ അമ്മക്കെന്തിന് കൈകൾ
സുന്ദരികളായാൽ വിഷയം വേറെ
ആലിംഗനം ചെയ്യാൻ കഴിയാത്ത
സുന്ദരികൾ യുദ്ധങ്ങളുടെ മാനം കെടുത്തും
എന്നും അവർ തിരുമാനിച്ചു
അങ്ങനെ സുന്ദരികളല്ലാത്ത അമ്മമാർ
ലിസ്റ്റിൽ പെട്ടു
സുന്ദരികൾ രക്ഷപ്പെട്ടു….
ഒരു കാൽ നഷ്ടപ്പെടുന്നവരുടെ എണ്ണം
അല്പം കൂടിയോ എന്നും വാദമുയർന്നു
അതാരും കണക്കിലെടുത്തില്ല
മരണത്തിനേക്കാൾ വലുതല്ലല്ലോ
ഒരു കാൽ നഷ്ടപ്പെടുന്നത്…..
രണ്ടു കാലും നഷ്ടപ്പെടുന്നവരുടെ പേർ
രണ്ടു തവണ രേഖപ്പെടുത്താതിരിക്കാൻ
അവർ പ്രത്യേകം ശ്രദ്ധിച്ചു
പിന്നെ അവസാനം കൈകളും കാലുകളും
നഷ്ടപ്പെട്ട് ഉടലിൽ തുന്നി വച്ച തലകൾ
ഏതു വകുപ്പിൽ പെടുത്തണമെന്നറിയാതെ
അവർ വളരെ ബുദ്ധിമുട്ടി…
പക്ഷെ സമയം അധികമായതിനാൽ
അവർ ആ എണ്ണം മരണപട്ടികയിൽ
ചേർത്ത് തൃപ്തരായി….
പിന്നെ യുദ്ധത്തിന്റെ തിയതി കുറിച്ചതിനു ശേഷം
അവർ തിരികേ പോയി…..
-മർത്ത്യൻ-
Categories: കവിത
Leave a Reply