പാത്രത്തിൽ പരിഹാസം നിറച്ച്
മുൻപിൽ വച്ച് തന്നു
എടുത്ത് കഴിച്ചപ്പോൾ അതിൽ
വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു
ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ
എല്ലാം പൂർണ്ണമായി
കുടിക്കാൻ വച്ച കണ്ണീരും
തൊട്ട് നക്കാൻ വച്ച വേദനയും
അല്പം ബാക്കി വച്ച് എഴുന്നേറ്റ് നടന്നപ്പോൾ
വയറും മനസ്സും ജീവിതവും എല്ലാം നിറഞ്ഞു
വീണു കിടക്കുന്ന ഇലകളിൽ
ഒരു മരത്തിന്റെ മുഴുവൻ കഥയും
എഴുതിയിട്ടുണ്ടാവണം….
അതാണ് ഇലകൾ കരയാത്തത്
കാറ്റിനോട് പ്രണയിക്കാത്തത്
ചവുട്ടുന്ന ചെരുപ്പുകളെ കുറ്റം പറയാത്തത്
കാലത്തിനു പോലും അറിയാത്ത
മരത്തിന്റെ രഹസ്യങ്ങൾ
വീണ ഇലകളിൽ ഭദ്രം…..
മരിച്ചവന്റെ മുന്നിൽ കത്തിച്ചു നിർത്തിയ
മെഴുകുതിരിയാകണം…..
എന്നെങ്കിലും ഒരിക്കൽ
എനിക്കും ജയിക്കണം
മതവും മദ്യവും കണക്കാ
ഒന്ന് വെള്ളം ചേർക്കാതടിച്ചാൽ
കൂമ്പ് കരിയും; മറ്റേതോ
യുക്തിയില്ലാതെ സേവിച്ചാൽ
ലോകം മൊത്തം കരിയും
മർത്ത്യന് മതം ഹറാമാണ്
മദ്യം ഒരു ഹരത്തിനൊക്കെ ആവാം
മർത്ത്യൻ മന്ദബുദ്ധിയാണ്….
മന്ദം മന്ദം ബുദ്ധിമുട്ടി
കടന്നൽ കൂടും തേടിയാണ് യാത്ര…
പൂക്കളുടെ പരാതി മാറ്റാൻ
അതിന്റാവശ്യമുണ്ടോ…
നൂറ് സ്വപ്നങ്ങൾ കാണാൻ
ഒരൊറ്റ ഉറക്കം മതി,
തളർന്നുറങ്ങുന്നവന്
സ്വപ്നം തകർന്നുണരാനോ?
ഒരനക്കം ധാരാളം……
നിന്റെ ജനാല തുറക്കുന്നത് നോക്കി
മഴയും കാത്തിരിക്കാറുണ്ട്
ഞാൻ കുടയെടുക്കാറില്ല എന്നത്
ഇന്ന് നാട്ടിൽ മുഴുവൻ പാട്ടാണ്
എന്റെ സ്വപ്നങ്ങളിൽ നിന്നും ദൂരെ
ഒരു നാല്‍പ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾ അകലെ
ഒരു ചെറിയ മണ്‍വിളക്ക്….
അത് ഊതി കെടുത്താൻ തയ്യാറായി നില്ലകുന്ന
ഒരു പറ്റം ജനം
കരച്ചിലും കാത്ത് കിടക്കുന്ന ചിലരും
ഇരുട്ടിൽ എല്ല്ലാം നശിപ്പിച്ച്
അതാ ഒരട്ടഹാസം
ഉണർന്നപ്പോൾ കിടക്ക നനഞ്ഞിരുന്നു
കണ്ണീരൊ, വിയർപ്പോ, മൂത്രമോ
എന്തായാലും സ്വപ്നം ഒരിക്കലും
ഉത്തരവാദിയല്ല… ഞാനുമല്ല….
ഞാൻ ഉറങ്ങുകയായിരുന്നില്ലേ….
-മർത്ത്യൻ-
Categories: കവിത, നുറുങ്ങുകള്‍
Leave a Reply