ഈ നഗരം നിന്നെ പ്രസവിച്ചപ്പോൾ കരഞ്ഞിട്ടില്ല…..
നിനക്ക് കിട്ടാനിരിക്കുന്ന വേദനകളുടെ പേടി സ്വപ്നങ്ങൾ
കണ്ട് മൌനമായി രാത്രിയിൽ ഒളിച്ചിരുന്നിട്ടെയുള്ളൂ….
നീ ദൈവങ്ങളുടെ ശവപ്പറമ്പിൽ മുട്ടുകുത്തിയിരുന്നപ്പോൾ
നിന്നെ വക വരുത്താൻ ശ്രമിച്ചവർ ഈ നഗരത്തിന്റെ
സന്തതികൾ തന്നെ… നിന്റെ സഹോദരങ്ങൾ…
അന്നവർ സമ്മാനിച്ച, നിന്റെ ശരീരത്തിലെ
ചന്ദ്രനില്ലാത്ത രാത്രികളിൽ മാത്രം
ദൃശ്യമാവാറുള്ള ചാട്ടവാറിന്റെ പാടുകൾ
നീ കണ്ടില്ലെങ്കിലും ഈ നഗരം കണ്ടിരുന്നു
നീ ഉറങ്ങിക്കിടക്കുമ്പോൾ തണുത്ത കാറ്റിനെ
നിന്റെ വഴിക്ക് പറഞ്ഞയക്കാൻ
പലയിടങ്ങളായി ഗോപുരങ്ങൾ ഉയർന്നത്
നീ അറിഞ്ഞു കാണില്ല…
നിന്റെ വ്രണങ്ങൾ ഈ നഗരത്തിന്റെയും
കൂടിയായിരുന്നു….
ഇല്ല ഇവിടെ ഒന്നും മാറിയിട്ടില്ല…
പകൽ നല്കുന്നത് സൂര്യനല്ല, പാലും, പത്രവുമാണെന്ന്
വിശ്വസിക്കുന്ന അതേ ജനസമൂഹം തന്നെയാണ്
ഇന്നും ഇവിടെ….
അവരിൽ ഒരുവനായി നിനക്കും ഇവിടെ കഴിയാമായിരുന്നു…
വേണ്ടെന്ന് നീ തിരുമാനിച്ചു…
നീ ഇവിടം വിട്ടപ്പോൾ നഗരം കരഞ്ഞു…
നിന്നെ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞിട്ടാവണം…
നീ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന്
മനസ്സിലാക്കിയിട്ടാവണം…
നഗരവാസികൾക്ക് അറിയാൻ കഴിയാത്തത്
നഗരത്തിനറിയാൻ കഴിയും എന്ന് പറയുന്നത്
എത്ര സത്യം……
പക്ഷെ നീ വിഷമിക്കണ്ട… ശ്രദ്ധിച്ചു നോക്കിയാൽ
കാണാം, നിനക്കു തിരിച്ചു വരാൻ വേണ്ടി
ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു വിളക്കെങ്കിലും
തെളിഞ്ഞു കാണും ഇന്നും ഏതെങ്കിലും ജനാലയിൽക്കൂടി…
കാരണം… ഇത് നിന്റെ നഗരമാണ്.. നിന്നെ പ്രസവിച്ച..
നിന്നെ നീയാക്കിയ നിന്റെ സ്വന്തം നഗരം..
-മർത്ത്യൻ-
Categories: കവിത
Leave a Reply