ഇരുട്ട്
——–
ഇരുട്ടിൽ വിളക്കുകളില്ലാതെ നടന്നു നീങ്ങുന്പോൾ
ലോകം കൽപ്പിക്കുന്ന വിലക്കുകളൊന്നും
കാണാൻ കഴിയില്ല…
അല്ലെങ്കിലും വിളക്കുകളുടെ പരിധിയിൽ
പെടുന്നവർക്കല്ലേ വിലക്കുകളുള്ളൂ…
ഇരുട്ടിൽ വ്യത്യാസങ്ങളില്ലല്ലൊ
വയസ്സരും ചെറുപ്പക്കാരുമില്ല
മുസ്ലിമും, ഹിന്ദുവും, കൃസ്ത്യാനിയും
വെളുത്തവനും കറുത്തവനും
വലിയവനും ചെറിയവനും ഒന്നുമില്ല
എല്ലാവരും മർത്ത്യർ
സംസാര ശേഷി കൊണ്ട് മാത്രം
മൃഗങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു
മിണ്ടിയില്ലെങ്കിൽ ആ ഭേദവും
ഇല്ലാതാവുന്നു…
അങ്ങിനെ ഇരുട്ടിൽ ഒന്നും മിണ്ടാതെ നടന്നു നീങ്ങുന്പോൾ
എല്ലാവരും ഒന്നാകുന്നു
ഇരുട്ടിൽ നടക്കുന്പോൾ ദൂരെ ഒരു വിളക്ക് തെളിഞ്ഞാൽ
സന്തോഷമല്ല ഭയമാണ് ആദ്യ ഭാവം
ഇങ്ങിനെ തോന്നുന്നവർക്ക്
വേണ്ടിയായിരിക്കണം
അക്കിത്തം പറഞ്ഞത്
വെളിച്ചം ദു:ഖമാണുണ്ണീ,
തമസ്സല്ലൊ സുഖപ്രദം…..
-മർത്ത്യൻ-
Categories: കവിത
Leave a Reply