മത്തങ്ങ തലയാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്
ഈ കത്തി കൊണ്ട് നിന്റെ മുഖത്തൊക്കെ
വരച്ചു ഞാൻ വികൃതമാക്കും…..
പിന്നെ രാത്രി മിഠായിയും തിരക്കി വരുന്ന
വാനരപ്പട നിന്നെ കണ്ട് വിരണ്ടോടും
അപ്പോൾ പിന്നിൽ നിന്നും ഞാൻ
സ്നേഹത്തോടെ വിളിച്ചു പറയും
ഹാപ്പി ഹാലോവീൻ….
അപ്പോൾ ഞങ്ങളുടെ ആറു വയസുള്ള വാനരൻ
‘അയർണ് മാൻ’ വേഷവും ധരിച്ച്
ഒരു പാത്രത്തിൽ പലതരത്തിലുള്ള
മിഠായികളുമായി പുറത്ത് വരും
പിന്നെ ഞങ്ങൾ മിഠായി പാത്രം
നിന്നെയുമേൽപ്പിച്ച് മിഠായി തെണ്ടാനിറങ്ങും
ഞങ്ങളുടെ പതിനാലുകാരി ഇതൊക്കെ
കുട്ടിക്കളിയെന്നു പറഞ്ഞു മാറി നിൽക്കും
ഞങ്ങൾ നിർബന്ധിക്കുമ്പോൾ
ഞങ്ങളെക്കാൾ വയസ്സിയായി വേഷമിടും….
ചിലപ്പോൾ വാംപ്പയർ ദാമിഷ്ട്രവും,
രക്ത കണ്ണുകളും കൂട്ടത്തിൽ ചേർക്കും
ഞങ്ങളെ പല്ലിളിച്ചു കാട്ടും എന്നിട്ട്
ഞങ്ങളുടെ വാനരന്റെ പിന്നാലെ ഓടും
ഞങ്ങൾ ഭാഗമാവാൻ കഴിയാതെ പോയ
മനസ്സിൽ എന്നും കൊണ്ടു നടക്കുന്ന
ഹിപ്പി സംസ്കാരത്തിന്റെ ഓർമ്മക്കായി
കഴിഞ്ഞ വർഷം പോലെ വീണ്ടും
അഭിനവ ഹിപ്പികളായി മാറും
മത്തങ്ങ തലയാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്…
-മർത്ത്യൻ-
Categories: കവിത
Leave a Reply