വരണ്ട തൊണ്ടയിൽ നിന്നും
കോരിയെടുക്കുന്ന വാക്കുകൾ
ലിപ്സ്റ്റിക്കിട്ടു മറച്ച മുറിവേറ്റ
ചുണ്ടുകളിൽ ചെന്നു നിന്ന്
പുറത്തേക്ക് ചാടാൻ കഴിയാതെ
നിശബ്ദമാകും…
ഉള്ളിലേക്ക് കരയാൻ പഠിച്ചത്
കാരണം പുറം ലോകം കാണാത്ത
കണ്ണുനീരുമായി കണ്മഷികൾക്കുള്ളിലൂടെ
കണ്ണുകൾ എപ്പോഴും തുറിച്ചു നോക്കി
കൊണ്ടേയിരിക്കും….
തേടിയെത്തുന്ന മുഖങ്ങളിൽ ചിലത്
മാച്ചു കളയപ്പെട്ട ഭൂതകാലത്തിലെ
അച്ഛന്റെയും ജ്യേഷ്ഠന്റെയും, അനുജന്റെയും
ഓർമ്മകൾ സമ്മാനിക്കുമ്പോൾ
ബലം പിടിച്ച് കണ്ണടച്ചു കിടക്കും….
ഇവിടെ ബന്ധങ്ങളില്ല
ഉണ്ടെങ്കിൽ തന്നെ അതിനു
കൊടുക്കാൻ പേരുകളില്ല…..
പുറത്തേക്ക് പോകാൻ അനുവാദമില്ലാത്ത
തുറന്ന വാതിലുകൾക്ക് മുൻപിൽ
ചിരി നടിച്ചും മാടി വിളിച്ചും നിൽക്കുമ്പോൾ
അത് വഴി ചില പരിചിത മുഖങ്ങൾ
കടന്നു വരും…
കാമത്തിൽ പുതച്ച വൃത്തികെട്ട സൌഹൃതങ്ങൾ
പുതുക്കി പണിയാൻ….
എന്ത് സഹിച്ചാലും മനുഷ്യനെ തന്നിൽ
നിന്നു തന്നെ ഒറ്റപ്പെടുത്തുന്ന
ഇതുപോലുള്ള സൌഹൃതങ്ങളാണ്
എല്ലാത്തിനെക്കാളും ദുസ്സഹം…
-മർത്ത്യൻ-
Categories: കവിത
Leave a Reply