സ്വഭാവം
——
വിചാരണക്ക് മുൻപെ
ഇരട്ട പെറ്റത് പോലെ
തിരിച്ചറിയാൻ കഴിയാതെ
മാറി മാറി ഉപയോഗിക്കപ്പെട്ട്
വിചാരണക്കിടയിൽ ചോദ്യോത്തര
വേളകളിൽ മാറി മാറി
ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും
കൂട്ടു പിടിച്ച് അവസാനം
ഉത്തരമില്ലാത്ത ചോദ്യങ്ങൾ സമ്മാനിച്ച്
തമ്മിൽ തല്ലി ചാവുന്നു….
ചോദ്യങ്ങൾ
——-
ശിക്ഷയേറ്റു വാങ്ങുമ്പോൾ കുറ്റബോധം
തോന്നണം എന്നുണ്ടോ?
കുറ്റബോധം തോന്നിയാൽ
കിട്ടുന്ന ശിക്ഷയുടെ വീര്യം കുറയുമോ?
ശിക്ഷിക്കുന്നവൻ കുറ്റവിമുക്തനാവണമോ?
അല്ലെങ്കിൽ ശിക്ഷ അസാധു ആവുമോ?
ശിക്ഷ ലഭിച്ചവനെ കുറ്റവാളി എന്ന് വിളിച്ചാൽ
അത് കുറ്റകരമാണോ…?
അതിനുള്ള ശിക്ഷ ഒരു കുറ്റത്തേക്കാൾ
വലുതാണോ…?
ശിക്ഷിക്കുമ്പോൾ മനസ്താപം വന്നാൽ
ശിക്ഷിക്കുന്നവൻ കുറ്റവാളിയാവുമൊ..?
ചോദ്യങ്ങൾ ഒരിക്കലും തീരില്ല …
ഉത്തരങ്ങൾ പുതിയ ചോദ്യങ്ങളെ
പ്രസവിച്ച് ചാവുകയെ ചെയ്യു…
സമാപനം
——-
ശിക്ഷ നടപ്പാക്കുമ്പോൾ
കുറ്റവും ശിക്ഷയും ഒരുമിച്ച്
മരണമടയണം…..
ശിക്ഷ ഒരിക്കലും കുറ്റത്തെക്കാൾ
ഉയർന്ന സ്ഥാനത്തല്ല…
ശിക്ഷ ഒരിക്കലും കുറ്റത്തെ
അതിജീവിക്കരുത്….
അത് ന്യായാന്യായ പുസ്തകങ്ങളെ
തെറ്റും ഉപയോഗ ശൂന്യവുമാക്കും…
വിചാരണകൾ പ്രകൃതിയെ മാറ്റരുത്…
-മർത്ത്യൻ-
Categories: കവിത
Leave a Reply