ഒരു തുള്ളി പോലും കുടിക്കാതെ
ഗ്ലാസ്സിലേക്ക് നോക്കിയിരിക്കുന്ന
സുഹൃത്തിനോട് ഞാന്‍ ചോദിച്ചു
“കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം..”
ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ
ഒരു കഥ ഒഴിച്ച് കൊടുത്തു
അവന്‍ ആര്‍ത്തിയോടെ കുടിച്ചിറക്കി
എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ
ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു
ഞാന്‍ സൂഫിസം മാറ്റി
ബുദ്ധിസത്തിലേക്ക് തിരിഞ്ഞു
മനസ്സില്‍ നിന്നെവിടുന്നോ
ഒരു ജാതക കഥ അവന് കൊടുത്തു
അവന്‍ അത് കഴിച്ചിട്ട് അല്‍പനേരം
ധ്യാനിച്ചിരുന്നു…..
പിന്നെ കണ്ണ് തുറന്നു പറഞ്ഞു
കവിതയോന്നുമില്ലേ കൈയ്യില്‍…സഖാവേ…
ഒന്ന് തൊട്ടു നക്കാന്‍…. ?
ഞാന്‍ അവന്റെ മുന്‍പില്‍ കുറച്ച്
കുഞ്ഞുണ്ണി കവിത വിളമ്പി……
അവന്‍ അത് തൊട്ടു നക്കിയിരുന്നു…
ഇടയ്ക്ക് ചെറുതായൊന്നു ഞെട്ടി….
അപ്പോള്‍ ഞാനവന്
മാര്‍ജറീ ആഗോസിനിന്റെ
ആബ്സെന്‍സ് ഓഫ് ഷാടോവ്സ്
പകര്‍ന്നു കൊടുത്തു…..
അവന്‍ അത് കഴിച്ച് കുറെ നേരം മിണ്ടാതിരുന്നു….
ആ കണ്ണുകളില്‍ നിന്നും
തുരുതുരാ കണ്ണുനീര്‍ പൊഴിഞ്ഞു
അല്പം കഴിഞ്ഞ് കലങ്ങി തെളിഞ്ഞ
കണ്ണുകളുമായി അവനെന്നെ നോക്കി
“നല്ല വിശപ്പ്…..എന്തെങ്കിലും വേണം….”
ഞാന്‍ അവന്റെ മുന്‍പില്‍
അവന്റെ നിറഞ്ഞ ഗ്ലാസ്സിനടുത്ത്
ഒമാര്‍ ഖയാമിന്റെ റുബായിയ്യാത്ത്
തുറന്നു വച്ച് കൊടുത്തു
പിന്നെ അവന്‍ കാണാതെ
ഹരിവംശ് റായ് ബച്ചന്റെ മധുശാലയും
കയ്യില്‍ കരുതി….
ഇനി റുബായിയ്യാത്ത് ഉളവാക്കുന്ന
ദാഹം മാറ്റാന്‍ എന്തെങ്കിലും ആവശ്യപ്പെട്ടാലോ….
പക്ഷെ അങ്ങിനുണ്ടായില്ല….
റുബായിയ്യാത്ത് കഴിച്ച് അവന്‍ എന്നെ നോക്കി പറഞ്ഞു
“മതി ഇനി നീ നിന്റെ കഥ പറ…കേള്‍ക്കട്ടെ….”
ഞാന്‍ അവനോടു എന്റെ കഥ പറഞ്ഞു
കഥ മുഴുവിക്കാന്‍ സമ്മതിച്ചില്ല…
എന്റെ കൈ പിടിച്ചിട്ട് നിര്‍ത്താന്‍ പറഞ്ഞു
പിന്നെ ഒറ്റ വലിക്കു ആ നിറഞ്ഞ ഗ്ലാസ് മദ്യം
മുഴുവന്‍ കുടിച്ചു വറ്റിച്ചു….
“അറിഞ്ഞില്ല മര്‍ത്ത്യാ….അറിഞ്ഞില്ല….
നിന്റെ വിഷമങ്ങള്‍ ഞാന്‍ അറിഞ്ഞില്ല….സുഹൃത്തേ….
നിന്റെ ദുഃഖത്തില്‍ ഇന്നിതാ ഞാനും പങ്കു ചേരുന്നു….”
പിന്നെ ബയററെ നോക്കി വിളിച്ചു പറഞ്ഞു
“ഇവിടെ ഒന്ന് കൂടി……സോഡ വേണ്ട…..”
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply