ഉമ്മറത്ത് തന്നെ

ഉമ്മറത്ത് തന്നെ
എല്ലാം ഉമ്മറത്ത് തന്നെ
ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത്‌ തന്നെ
പിറന്ന കാലത്ത് സ്വന്തം മലത്തിലും
മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത്
ഈ ഉമ്മറത്ത്‌ തന്നെ….

പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി
ഒരറ്റം തൊട്ട് മറ്ററ്റം വരെ
നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ….

വാശി പിടിച്ച് കൈകാലുകളിട്ടടിച്ച് കരഞ്ഞതും
മുട്ടുകാലില്‍ ഓടി നടന്നു കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ….

പിന്നെ ആരുടെയോ സാരിത്തുമ്പിലോ മുണ്ടിന്റെ അറ്റത്തോ
തൂങ്ങി ആദ്യമായി രണ്ടു കാലില്‍ നിന്നതും
പിച്ചവച്ച് നടന്നതും
അങ്ങിനെ കാണികളില്‍ നിന്ന് ആദ്യവും അവസാനമായും
കൈയ്യടി ലഭിച്ചതും
എല്ലാം ഈ ഉമ്മറത്ത്‌ തന്നെ….

ഓടിക്കളിച്ചപ്പോള്‍ ആദ്യം മൂക്കും കുത്തി വീണതും
വീണപ്പോള്‍ ആദ്യമായി മുഖത്ത് അടി കിട്ടിയതും ….
ഈ ഉമ്മറത്ത്‌ തന്നെ….

സന്ധ്യക്ക്‌ വിളക്ക് വച്ചപ്പോള്‍
കൂട്ടത്തിലിരുന്ന് നാമം ജപിക്കാന്‍ വിസമ്മതിച്ച്
ആദ്യമായി നിഷേധം കാട്ടിയതും
ഉമ്മറത്ത്‌ തന്നെ…

സിമന്റില്‍ വരച്ച ചെസ്സ്‌ ബോര്‍ഡില്‍
കളിയറിയാത്ത പ്രായത്തില്‍ കല്ലുകള്‍ വച്ച് കളിച്ചതും
വിറ്റ് കിട്ടിയ പൈസ കൊണ്ട് സിനിമ കാണാം
എന്ന് കരുതി കട്ട് കൊണ്ട് പോയ ഓട്ടുപാത്രമിരുന്നതും
ഈ ഉമ്മറത്ത്‌ തന്നെ….

ബന്ധത്തിലാരോ കെട്ടി തൂങ്ങി മരിച്ചതും
ഈ ഉമ്മറത്ത്‌ നിന്ന് നോക്കിയാല്‍ കാണുന്ന
ഒരു പ്ലാവിന്റെ മുകളില്‍ നിന്നു തന്നെ
അവരുടെ നിര്‍ജ്ജീവമായ ശരീരം
ഇറക്കി കിടത്തിയതും… മരണത്തെ
ആദ്യമായി പരിചയപ്പെട്ടതും
ഈ ഉമ്മറത്ത്‌ തന്നെ….

നഷ്ടപ്പെട്ട ആളെ ഓര്‍ത്ത്
പിന്നെ ചില സന്ധ്യക്ക്‌ ഒറ്റക്കിരുന്ന്
മരണമെന്ന ആ മഹാസത്യത്തെ
മൌനമായി മനസ്സിലാക്കിയതും
ഈ ഉമ്മറത്ത്‌ തന്നെ….

പലരും വലതുകാല്‍ വച്ച് കയറിവന്നതും
ചിലര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ
വിദേശത്തേക്ക് യാത്ര പറഞ്ഞ് ഇറങ്ങി പോയതും….
ഈ ഉമ്മറത്തു നിന്ന് തന്നെ….

പണ്ടിറങ്ങിപ്പോയ അമ്മയുടെ വകയിലൊരമ്മാവന്‍ –
എന്നെങ്കിലും വരുമ്പോളുണ്ടാകുന്ന സൌഭാഗ്യങ്ങളെ ഓര്‍ത്ത്
കെട്ടിയ മനക്കൊട്ടകളെല്ലാം തകര്‍ത്ത്
താടിയും മുടിയും നീട്ടി വളര്‍ത്തി
ഭിക്ഷയാജിച്ച് തിരിച്ചു വന്നപ്പോള്‍
ആ പാവത്തിനെ എതിരെല്‍ക്കാതെ
കുടുംബം മുഴുവന്‍ മരണ വീട് പോലെ മൂകമായി നിന്നതും
ഈ ഉമ്മറത്ത്‌ തന്നെ….

ജീവിത ഭാരം പേറി… മനസ്സ് നീറി
ഉത്തരം മുട്ടി.. ലോകം ചുറ്റി നടന്ന് ക്ഷീണിച്ചു വന്ന്
വിളക്കണച്ച് ഇരുട്ടില്‍ ഒറ്റയ്ക്ക് ഉലാത്തി നടന്നതും
ഈ ഉമ്മറത്ത് തന്നെ…

പിന്നെ സന്ധ്യകളില്‍
അയല്‍വാസിയായ മദ്യപിക്കാത്ത പട്ടാളക്കാരനില്‍
നിന്നും വാങ്ങിയ ബ്രാണ്ടി നുണഞ്ഞ്
സുഹൃത്തുക്കളുമായി സമയം പങ്കിട്ടതും
ഈ ഉമ്മറത്ത് തന്നെ…

ഇനി വയസ്സു കാലത്ത്
കസേരയിലിരുന്ന് റോഡിലേക്ക് നോക്കി
പഴയ കാലം ഓര്‍ത്തിരിക്കുന്നതും
ഈ ഉമ്മറത്തായിരിക്കാം…..

പിന്നെ എന്നെങ്കിലും എഴുതുവാന്‍ ഒന്നും ബാക്കിയില്ലാതെ
എല്ലാ കഥകളും കവിതകളും അവസാനിക്കുമ്പോള്‍
വാക്കുകളും ചുണ്ടും വരണ്ട് പിന്നെ ശ്വാസം നിലയ്ക്കുമ്പോള്‍
പുതപ്പിച്ചു കിടത്തുന്നതും
ഈ ഉമ്മറത്ത് തന്നെ വേണം എന്ന് പറയണം
ഈ ഉമ്മറത്ത് തന്നെ….
ഈ ഉമ്മറത്ത് തന്നെ….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

2 replies

  1. VINOD.M.S.NAMBUDIRI's avatar

    മര്‍ത്ത്യലോകം നന്നാവുന്നുണ്ട്.തുടരുക………..

Leave a reply to മര്‍ത്ത്യന്‍ Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.