മാപ്പ്

അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു
കുടിലുകള്‍ വീണ്ടും കത്തുന്നോ?
അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ
കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ?
ഓര്‍മ്മയില്ലേ നിനക്കെന്നെ?

പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍
പെറുക്കി വലിച്ചു നമ്മള്‍ നടന്നതോര്‍മ്മയില്ലേ?
അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു
അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു
അവസാന ചുമയായ് ചങ്കില്‍ കിടന്നു പുളയുന്നു

ഓര്‍മ്മയില്ലേ നിനക്കെന്നെ?
അന്ന് കത്തുന്ന കുടിലില്‍ നിന്നെ തനിച്ചാക്കി,
ഉപേക്ഷിച്ച് സ്വയം രക്ഷപെട്ടതല്ലേ ഞാന്‍
നീ മറക്കാന്‍ വഴിയില്ല
ചതിയനെന്നു നീ വിളിച്ചു കരഞ്ഞത് ഞാനോര്‍ക്കുന്നു

പിന്നെ കത്തിയെരിഞ്ഞ കുടിലില്‍
കത്തിച്ചാമ്പലായ നാലു ഭിത്തികള്‍ക്കുള്ളില്‍
കത്താതെ കാത്തു സൂക്ഷിച്ച ചെറിയ വാതിലിനു പിന്നില്‍
നീ മറഞ്ഞതോര്‍ക്കുന്നു
ഞാന്‍ പലകുറി ഓര്‍ത്തു വിഷമിച്ചിരുന്നു സുഹൃത്തെ

പക്ഷെ ഇന്ന് ലോകം മാറിയിരിക്കുന്നു, വരൂ
കുടില് കത്തിക്കുന്നത് തെറ്റല്ല, കോടതി വിധി വന്നു
നിനക്കും രക്ഷയുണ്ട് ; കത്തുന്ന കുടിലുകളില്‍
വെന്തേരിയുന്നതും ശിക്ഷാര്‍ഹമല്ലെന്നാണ് വിധി
ഇനി നിനക്ക് നിര്‍ഭയം കഴിയാം

പുറം ലോകം നീ കരിഞ്ഞ ചാരം കൂട്ടിവച്ച്
എത്രയോ മണിമാളികകള്‍ പണിതിരിക്കുന്നു
അവയില്‍ നിനക്കും കിട്ടും ഒരു മുറി
അല്ല ഒരു കോടിയുടെ ഒരു പുത്തന്‍ ഫ്ലാറ്റ്
എന്താ സന്തോഷമായില്ലേ നിനക്ക്

ഇനി ഗ്രഹപ്രവേശത്തിനായി ഒരുക്കിവച്ച
പല ഹോമാഗ്നികളിലുമാവാം നിന്റെ എരിയല്‍
പിന്നെ ഒരിക്കലും കെടാത്ത കനലായി തുടരാം
ജനങ്ങളുടെ ഈ.എം.ഐ പെടിസ്വനങ്ങളില്‍
നിനക്കുമുണ്ട് സുഹൃത്തേ ഒരു പുനര്‍ജ്ജന്മം

ഇനിയും കുടിലുകള്‍ കത്തും നിശ്ചം
നിന്നെപ്പോലെ ഇനിയും പലതും എരിയും
കുടിലുകളില്‍ കിടന്നുറങ്ങും ഓര്‍മ്മകളെ
ഉണര്‍ത്താതെ തീ വച്ച് നശിപ്പിക്കും ലോകം
അത് തെറ്റല്ല, ലോകം മാറിയതറിഞ്ഞില്ലേ നീ?

എത്ര പൂത്തുനിന്ന മാവുകള്‍ നശിച്ചു
ഊഞ്ഞാലുകള്‍ കെട്ടഴിയാതെ കത്തി കരിഞ്ഞു
പാമ്പിന്‍ കാവുകള്‍ കോണ്‍ക്രീറ്റ് കളിക്കൂടുകളായില്ലേ
പച്ചിലകളും പക്ഷികളും നിറഞ്ഞ വഴിയോരങ്ങള്‍
രാത്രിയിലും വിളക്കണിയിചോരുക്കിയ നടപാതകളായില്ലേ

പുരോഗതിയാണ് സുഹൃത്തെ
പലതും മാറും, പഴമകള്‍ എരിയും
പലതും പള്ളിക്കൂടങ്ങളിലെ ചരിത്ര പുസ്തകത്തിന്റെ
എടുകളിലേക്ക് ചവുട്ടിത്തള്ളും ലോകം
അതും പുരോഗതി തന്നെ

പക്ഷെ നീയെനിക്ക് മാപ്പ് തരണം,
നിന്നോടു ചെയ്ത തെറ്റുകള്‍ക്ക്
ഒരു നല്ല നാളേയ്ക്ക് വേണ്ടി
ഇന്ന് ഒരു ഒറ്റുകാരനായത്തിന്
എനിക്ക് നിന്നോടു മാപ്പ് പറയണം

നിന്നെ ദഹിപ്പിച്ച അതെ ഫ്ലാറ്റിന്റെ
സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിക്കയറണം
എന്നിട്ട് തെരുവുവിളക്കുകള്‍ അണച്ച് ഇരുട്ടില്‍
അല്പം നടക്കണം. ആകാശത്തിലെ നക്ഷത്രങ്ങളെ
നോക്കി നീയെന്ന് കരുതി മാപ്പ് ചോദിക്കണം



Categories: കവിത

Tags:

1 reply

  1. ….ഗദ്യവും പദ്യവും വേർപെടുന്നതു ‘വൃത്ത’ത്തിലൂടെയാണെന്നുള്ള ധാരണ ഇന്നില്ല…സൌന്ദര്യത്തിന്റെ താളാത്മകമായ ആവിഷ്ക്കാരമാണ് കവിത എന്ന നിർവചനം നമ്മൾ മറന്നുകഴിഞ്ഞു….വാക്കുകളുടെ താളത്തിനുമപ്പുറം,ആശയത്തിന്റെ ആഴമാണ് കവിതയുടെ അളവുകോൽ…..നമ്മുടെ ചിന്തകളെ വായനക്കാരനിൽ എത്തിക്കാനുള്ള ഒരു മാധ്യമം…അത്രമാത്രം…. മർത്ത്യെന്റെ കവിത നന്നായിട്ടുണ്ട്….ഇനിയും ഇതുപോലെ നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു….

Leave a reply to unnimadavoor Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.