എന്റെ രാത്രികള്‍ നിന്നോട് പറഞ്ഞ കഥകള്‍ നീ പലരുടെയും പകലുകളില്‍ നിന്നും മറച്ചു വച്ചത് ശരിയായില്ല…… -മര്‍ത്ത്യന്‍-
കവിത
നന്ദി
നന്ദി പറയാന്‍ മനസ്സില്‍ വളരെ എളുപ്പത്തില്‍ വരുന്ന വാക്കുകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ മറന്ന് ഇല്ലാതാകുന്നത്… ചീത്ത പറയാനുള്ള വാക്കുകളോ നാവിന്‍ തുമ്പത്ത് വരാന്‍ വിസമ്മതിച്ച് മാറി നിന്നാലും അതിനെയൊക്കെ തുപ്പലില്‍ കുളിപ്പിച്ച് ഉന്തി പുറത്തെടുത്ത് പ്രയോഗിക്കും… മര്‍ത്ത്യന്റെ ഓരോ കാര്യങ്ങള്‍… -മര്‍ത്ത്യന്‍-
അവകാശികള്‍
മരുഭൂമികള്‍ക്കാരായിരിക്കണം അവകാശികള്‍ ..? രാപ്പകല്‍ മണല്‍പ്പരപ്പില്‍ മണിമാളികകള്‍ പണിതിട്ട് പണിതീരുമ്പോള്‍ അകത്തു കയറാനുള്ള അവകാശം നഷ്ടപ്പെട്ട് പുറത്ത് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്…. മരുഭൂമികളുടെ വളര്‍ച്ചക്ക് എതിര്‍പ്പില്ലാതെ വിയര്‍പ്പൊഴുക്കുന്ന ഒരു ജനത…. അവര്‍ക്കും വേണ്ടേ അവകാശങ്ങളില്‍ ഒരു പങ്ക് മനസ്സിലെങ്കിലും പേരിനെങ്കിലും ഈ ഹരിതവും വര്‍ണ്ണഭരിതവുമായ പുതിയ മരുഭൂമികളുടെ അവകാശികളായി അവരെ തന്നെ കാണണം…. -മര്‍ത്ത്യന്‍-
ചങ്ങാത്തം
കടലുകള്‍ക്കൊരിക്കലും കരകളുമായി ചങ്ങാത്തം പറ്റില്ല തടസ്സങ്ങളില്ലാതെ ഭൂമി മുഴുവന്‍ പരന്നൊലിചു നിറയാന്‍ കഴിയാതെ അവയെന്നും തമ്മില്‍ തല്ലി കഴിയണം -മര്‍ത്ത്യന്‍-
റിബണ്‍
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും കണ്ടു ആ ലൈന്‍ ബസ്സിലെ അതേ സീറ്റില്‍ ആ ചുവന്ന റിബണ്‍ കെട്ടിയ തലമുടി നിന്റെ മകളായിരിക്കുമോ..? -മര്‍ത്ത്യന്‍-
പ്രണയം
കാമത്തില്‍ വര്‍ഷങ്ങളോളം മുങ്ങിത്തപ്പി തിരഞ്ഞെടുത്ത് സ്വന്തമാക്കിയതാണ് എനിക്ക് നിന്നോടുള്ള പ്രണയം… വെറുതെയല്ല.. അതിന് വീര്യം കൂടും.. -മര്‍ത്ത്യന്‍-
തെറ്റ്
പുതിയ തെറ്റുകള്‍ മോഹിപ്പിക്കാന്‍ വേണ്ടി വാതിലില്‍ മുട്ടി വിളിക്കുന്നു… പഴയ തെറ്റുകള്‍.. അവ എത്ര തന്നെ വലുതായാലും തീര്‍ത്തും നിസ്സാരമായി തോന്നുന്നു… -മര്‍ത്ത്യന്‍-
സ്വഭാവഗുണം
അടിച്ചേല്‍പ്പിച്ച സ്വഭാവഗുണങ്ങലെല്ലാം ആദ്യത്തെ പെഗ്ഗ് കുടിച്ചു തീരുന്നതിനു മുന്‍പ് ഇല്ലാതാകുന്നതാണ് -മര്‍ത്ത്യന്‍-
കാമുകന്‍
മഴക്കാറിനോട് കള്ളം പറഞ്ഞ് മഴയെ തടുത്തു നിര്‍ത്തി നിന്നെ നനയിക്കാതെ വീട്ടിലെത്തിച്ചിരുന്ന ആ പഴയ കാമുകന്‍ ഇന്നും എന്റെ ഉള്ളിലെവിടെയോ ഉണ്ട് -മര്‍ത്ത്യന്‍-
സുഹൃത്ത്
പണ്ടൊരിക്കല്‍ നിലാവും തിരഞ്ഞു പോയി ഇരുട്ടില്‍ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തുണ്ടായിരുന്നു അവന്റെ പകലുകള്‍ മുഴുവന്‍ സ്വന്തമാക്കിയ ഞാന്‍ ഇന്ന് രാത്രികളെ ഭയക്കുന്നു -മര്‍ത്ത്യന്‍-