അന്വേഷണം നിർത്തിക്കൊള്ളു
നിന്റെ ചെരുപ്പുകൾ രണ്ടും രണ്ടു വഴിക്ക് പോയിക്കഴിഞ്ഞു
നഗ്നമായ കാലുകൾ തനിയെ ആകാശം നോക്കി നില്ക്കുന്നു
ഒരു മേഘം ചെരുപ്പിന്റെ ആകൃതി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്
പക്ഷെ അതിൽ നിനക്കൊരു കാര്യവുമില്ല എങ്കിലും
കാലില്ലാത്ത ആ മനുഷ്യനും നിന്നോട് സഹതപിക്കുന്നുണ്ട്
നിനക്കു നല്കാൻ ഒന്നുമില്ലാത്തതു കൊണ്ടായിരിക്കണം
നീ നിന്റെ കാലുകളോട് സംസാരിക്കു
ആ നീണ്ട കാൽനട യാത്രകളുടെ അതേ ഭാഷയിൽ
അതിർത്തികൾ മുറിച്ചു കടന്നവ,
കടൽ തീരത്ത് കൂടെ മെല്ലെ നടന്നു നീങ്ങിയവ
പള്ളിക്കൂടങ്ങളിലേക്ക് പോയവ;
അസ്തമയങ്ങളെ എത്തിപ്പിടിക്കാൻ ഓടി നോക്കിയവ
ആ ഭാഷകളിലോക്കെ അവയോടു പറയണം,
ചെരുപ്പുകളില്ലാതെ അവയെ കാണാൻ നല്ല ഭംഗിയാണെന്ന്…
അവയോട് ചെരുപ്പുകളെ മറക്കാൻ പറയണം….
ആ വാക്ക് ഇനി ഒരിക്കൽപ്പോലും ആവർത്തിക്കരുത്
ചില നഷ്ടങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും
കാലുകളെ ഒന്ന് പരിശീലിപ്പിച്ചെടുക്കണം
മുൻപോട്ടുള്ള വലിയ കാലനട യാത്രയ്ക്ക്
മെല്ലെ തുടങ്ങികൊള്ളൂ അവയ്ക്ക് ഇനി സ്വതന്ത്രമായി ജീവിക്കാം
ചെരുപ്പുകൾക്കുള്ള അന്വേഷണം നിർത്തി
നീയും മുന്നോട്ട് നീങ്ങി കൊള്ളൂ….
-മർത്ത്യൻ-
Categories: കവിത
Leave a Reply