വഴിയിൽ മുറിഞ്ഞു കിടക്കുന്നു

broken glassനിന്റെ വഴിയിൽ ഞാൻ മുറിഞ്ഞു കിടക്കാൻ
തുടങ്ങിയിട്ടേ ഉള്ളു….
നിന്റെ ശ്രദ്ധയിൽ പെടാൻ സമയമെടുക്കും…
ഇപ്പോൾ ഒരു എട്ട് കഷ്ണങ്ങളായി ക്കഴിഞ്ഞു
ഇനിയും മുറിയാനിരിക്കുന്നതെയുള്ളു…
അതിൽ തലയുടെ ഭാഗത്തായി നിനക്കെഴുതിയ
ചില കവിതകൾ ഞാൻ വച്ചിട്ടുണ്ട്…..
കാലുകൾ കിടക്കുന്നിടത്ത് നമ്മൾ താജ് മഹൽ
കാണാൻ പോയ വണ്ടിയുടെ ടിക്കാറ്റ് കാണും,
പോക്കറ്റിൽ നിന്നും വീണതായിരിക്കണം…
കൈകൾ കിടക്കുന്നിടത്ത് ഒന്നുമില്ല
വെറും ശൂന്യത… പണ്ടത്തെ പോലെ തന്നെ…
ഹൃദയം കിടക്കുന്നിടത്ത് ഞാൻ ചില സ്വപ്നങ്ങൾ
വച്ചിട്ടുണ്ട്, നീ യാത്ര പറഞ്ഞ് ഇറങ്ങിപ്പോയവയും
ചിലത് കാണും അതിൽ……
വയറിന്റെ ഭാഗത്താണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്‌
അവിടെ ഞാനൊരു ചിത്രം പച്ച കുത്തിയിരുന്നു
ഒരു അബ്സ്ട്ട്രാക്റ്റ് സംഭവം…. ഓരോ വട്ട്…
കുത്തേറ്റതിന്റെ പാടുകൾ കാരണം ഇപ്പോൾ ഒന്നും വ്യക്തമല്ല…
എന്നാലും അവന്മാര് ഇത്രയും വേദനിപ്പിക്കണ്ടായിരുന്നു
ഇനി സാരമില്ല, എല്ലാം കഴിഞ്ഞില്ലേ….
പിന്നെ ഒരു കാര്യം മറന്നു പോയി,
വയറിനു തൊട്ടു താഴെയൊരിടമുണ്ട്
അവിടെ ആകെ കണ്ഫ്യൂഷൻ കാരണം
ഞാനൊരു മുണ്ടിട്ടു മൂടിയിട്ടുണ്ട്‌
നീ അവിടൊന്നും കാണണ്ട…
ഏതായാലും നിനക്ക് എല്ലാ ആശംസകളും
ഇപ്പോൾ എട്ട് കഷ്ണണങ്ങളായാണ് കിടപ്പ്….
ഇനിയും മുറിയാൻ കിടക്കുന്നതെയുള്ളൂ…
തിരിച്ചറിയാൻ കഴിയാതാവുന്നതിന് മുൻപേ
നീ ഈ വഴി വരുമല്ലോ…..
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.