ഒരു കവിത പിരിച്ചുണ്ടാക്കിയ കയറിലാണ്
അയാൾ തൂങ്ങി മരിച്ചതെന്ന് ആരോ പറയുന്നത് കേട്ടു…
മരിച്ച അയാളുടെ ചങ്കു കീറി വാക്കുകൾ മുഴുവൻ
അവർ പുറത്തെടുത്ത് നിരത്തി വച്ചിരുന്നു….
അതിൽ വിലപ്പെട്ട വാക്കുകൾ അധികാരവും,
പണവും, കയ്യൂക്കുമുള്ളവർ വീതിച്ചെടുത്തു എന്നും കേട്ടു….
ഒരു സുവനിയർ പോലെ ആ വഴി വന്നവരും ഒന്ന്
രണ്ട് അർത്ഥം മുറിഞ്ഞ് കിടന്ന വാക്കുകൾ പെറുക്കിയെടുത്തു..
സന്ധ്യയായപ്പോൾ ഞാനും ആ വഴി ചെന്നു,
നേരം ഇരുട്ടിയിരുന്നു…. ഇരുട്ടിൽ ഒന്നും കണ്ടില്ല,
എങ്കിലും എനിക്കും കിട്ടി ഒരു വാക്ക്,
ഒരു വാക്കല്ല എങ്ങോട്ടും പോകാൻ കഴിയുന്ന
വെറും ഒരക്ഷരത്തിന്റെ തുടക്കം മാത്രം….
“അ” എന്നായിരിക്കണം ആ അക്ഷരം എന്ന് ഞാനൂഹിച്ചു
അത് അമ്മ, ആമേൻ, അച്ഛൻ, അയ്യോ, ആരാ…. എന്നങ്ങിനെ
എന്തിന്റെയും തുടക്കമാവാം…… അല്ലെങ്കിൽ
കവിത കഴുത്തിൽ മുറുകിയപ്പോൾ അവസാനം പുറത്തേക്ക്
ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പരാചയപ്പെട്ട ആരുടെയോ
പേരിന്റെ തുടക്കമാവാം ആലീസ്, ആമിന, അമ്മുക്കുട്ടി…
ആരായിരിക്കും…. അറിയില്ല… ഒരിക്കലും അറിയുമായിരിക്കില്ല…
-മർത്ത്യൻ-
Categories: കവിത
Leave a Reply