ഞാൻ വഴി തെറ്റാതിരിക്കാൻ
എറിഞ്ഞിട്ട അടയാളങ്ങളിലൊക്കെ
ആരോ ചരടു കെട്ടിയിരുന്നു…എന്നു മാത്രമല്ല
ഒരു ക്രൂര വിനോദമെന്നവണ്ണം
ആ ചരട് എന്റെ കാലിലും കുരുക്കിട്ട് വച്ചിരുന്നു
ഞാനവയും കൊണ്ടാണ് ഇത്രയും ദൂരം വന്നത്
ഇന്നലെയാണ് ഞാനറിഞ്ഞത്
തിരിച്ചു പോകാൻ കഴിയില്ലെന്ന്
തിരിച്ചു പോകാൻ വഴിയറിയാൻ
അടയാളങ്ങൾ അവയുടെ സ്ഥലത്തില്ലെന്ന്….
ഞാൻ ആ ചരടുകളെല്ലാം മുറിച്ചു…
ഉപയോഗശൂന്യങ്ങളായ അടയാളങ്ങൾ
മുഴുവൻ കോരിയെടുത്ത് കത്തിച്ചു കളഞ്ഞു…
മുന്നോട്ട് നോക്കിയപ്പോൾ അതാ
അടയാളങ്ങളും എറിഞ്ഞ് ഒരുത്തൻ നടന്നകലുന്നു….
ഞാൻ എന്റെ ചരടുകൾ അവന്റെ അടയാളങ്ങളിൽ കെട്ടി,
എന്നിട്ട് അവ എന്റെ കാലിൽ കെട്ടിയിട്ടു…
അവന്റെ പിന്നാലെ നടന്നു തുടങ്ങി….
നാളെ അല്ല എന്നെങ്കിലുമൊരു നാളെ
അവൻ തിരിഞ്ഞു നോക്കും,
അവൻ എന്നെ കാണും….
അവനെറിഞ്ഞ എല്ലാ അടയാളങ്ങളും
കാലിൽ കെട്ടി അവനെ നോക്കി
ഞാൻ ചിരിക്കും…
ഒരു മണ്ടൻ ചിരി….
പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി
വഴിതെറ്റിയവരുടെ മഹാസമ്മേളനം നടക്കുന്ന
സ്ഥലത്തേക്കുള്ള വഴിയന്വേഷിച്ചു പോകും
ആ വഴി ആരും പറഞ്ഞു തരും
അവിടേക്ക് പോകുമ്പോൾ
ആരും വഴി തെറ്റാറില്ലത്രെ….
-മർത്ത്യൻ-
Categories: കവിത
Leave a Reply