ക്ഷമിക്കണം…
നിന്റെ ലിപ്സ്റ്റിക്കിന്റെ നിറങ്ങളിൽ
ഇനിയെനിക്ക് വിശ്വാസമില്ല….
നിന്റെ ചുംബനത്തിന്റെ ചിന്ഹത്തിനും
ഞാൻ ഇക്കുറി വോട്ട് ചെയ്യുന്നില്ല
നിന്റെ വാക്കുകളുടെ മൂർച്ചയിൽ
അരിഞ്ഞു വീഴ്ത്തപ്പെട്ട സ്വപ്നങ്ങളുടെ
നിലവിളി അതിന് സമ്മതിക്കുന്നില്ല
നിനക്ക് പകരം നിൽക്കാൻ
വേറൊരാളിനി വരില്ല എന്നറിയാം….
പറവകളില്ലാത്ത ഒരാകാശം
നക്ഷത്രങ്ങളില്ലാത്തൊരു സ്വപ്നം
മേഖങ്ങൾ മേയാത്തൊരു മല
എല്ലാം നിന്റെ വാഗ്ദാനങ്ങളുടെ
നീ പരിചയപ്പെടുത്താത്ത മുഖങ്ങൾ…
ഇല്ല എന്റെ വോട്ട് നിനക്കുള്ളതല്ല…
അതിന് ഇക്കുറി ആരും അർഹരല്ല…
മർത്ത്യനു നല്കാതെ പുഴകളിൽ
മത്സ്യങ്ങൾ ഒളിപ്പിച്ചു വയ്ക്കാറുള്ള
കഥകൾ കടലിലേക്ക്
ഒഴുകിപ്പോയിരിക്കുന്നു…
ഞാനതന്വേഷിച്ചു പോകുന്നു….
നീ ന്യായമായില്ലെങ്കിലും
നഗ്നമായി ഭരിക്കുക…
ഭൂരിപക്ഷം നിനക്കു തന്നെയാവും
ക്ഷമിക്കണം….
എന്റെ വോട്ട് നിനക്കുള്ളതല്ല…
ഞാൻ നിന്റെ ഈ മഹാ
ജനാധിപത്യ മേളയിൽ ഇന്ന്
ഒരനാഥനായി തീർന്നിരിക്കുന്നു…..
എങ്കിലും നിനക്കെന്റെ അഭിവാദ്യങ്ങൾ…
-മർത്ത്യൻ-
Categories: കവിത
Leave a Reply