മഴയും വെയിലും ഒരുമിച്ചു വരുമ്പോഴെല്ലാം
കുറുക്കനെയും കുറുക്കച്ചിയെയും തിരക്കി
വരാന്തയിൽ പോയി നിൽക്കാറുണ്ടായിരുന്നു…
കല്യാണം കാണാമല്ലോ…
പിന്നെ മഴ വരുമ്പോൾ വെയിലുണ്ടോ എന്ന്
അന്വേഷിക്കാതായി….
മഴ നനയാതിരിക്കാനുള്ള ബദ്ധപ്പാടായിരുന്നു
എപ്പോഴും ….
പിന്നെ മഴയൊന്നും കൊള്ളാതെ നടന്നൊരു
കാലവും വന്നു…
മഴ തന്നെ മറന്നു പോയൊരു കാലം….
പിന്നെയിതാ ഇപ്പോൾ രാത്രികളിൽ
കിടക്കുമ്പോൾ പുറത്ത് മഴ തകർത്തു
പെയ്യുന്നതിന്റെ ശബ്ദം….
പിന്നെ എല്ലാ വിലക്കുകളും പൊട്ടിച്ച്
വരികയായി…..
മഴ, മൂവാണ്ടാൻ മാവ്, വയല്‍, വരമ്പ്
മടലു കൊണ്ടുണ്ടാക്കിയ ക്രിക്കറ്റ് ബാറ്റ്,
ഓല പന്ത്, ഒളിച്ചു കളി, കൊത്തംകല്ല്,
മതിലുമ്മലുള്ള നടത്തം, കുളക്കടവ്,
വീണ മുറിവുകളുടെ മറന്നുപോയ വേദന,
കുഴിയാന,
ഊഞ്ഞാലിൽ ആടുമ്പോൾ കേൾക്കുന്ന
ഒരു തരം കറ കറ ശബ്ദം….
പിന്നെ…. പിന്നെ….
ഇതിന്റെ ഒക്കെയിടയിൽ എന്നെ തന്നെ
തിരഞ്ഞ് ഓടി നടക്കുന്ന ഞാനും…
രാവിലെയാവുമ്പോൾ മഴ തോർന്നിട്ടുണ്ടാവും
അല്ലെങ്കിൽ ജീവിതം മഴ കാണിക്കാതെ
മുന്നോട്ട് ഓടിച്ചു കാണും….
പിന്നെയും രാത്രികൾ… പിന്നെയും മഴ….
പിന്നെയും വിലക്കുകൾ വകവയ്ക്കാത്ത
വിരുന്നുകാർ….
-മർത്ത്യൻ-
Categories: കവിത
Leave a Reply