വീണ്ടും വേണം

wayവീണ്ടും വേണമൊരോണക്കാലം
കൂട്ടുകാരുമൊത്ത് മതിലു ചാടി
വിലക്കപ്പെട്ട പൂന്തോട്ടങ്ങളിൽ
പോയി പൂ പറിക്കാൻ…
വീണ്ടും വേണമൊരു
പുതുവർഷ പള്ളിക്കൂട ദിനം
പുത്തൻ ഉടുപ്പണിഞ്ഞ് ഒഴിവു കാല
കഥകൾ പങ്കിടാൻ….
വീണ്ടും വേണമൊരു വിഷു ദിനം
തരാതെ മാറ്റിവച്ച പടക്ക പൊതികൾ
തുറന്നു നോക്കാൻ….
വീണ്ടും വീഴണമൊരു പൂവ്
ഏതെങ്കിലും മുടിക്കെട്ടിൽ നിന്നും
എടുത്ത് കൊടുത്താൽ കിട്ടുന്ന
മന്ദഹാസത്തിനായി….
വീണ്ടും വേണമൊരു സ്വപ്നം
ആ പർദ്ദ മറച്ച മുഖത്തിലെ
നാണം കണ്ടു മതി വരാതെ
ഉണരാൻ…..
വീണ്ടും വേണം ഒരാദ്യാനുരാഗലഹരി
നഷ്ടപ്പെടുമെന്നറിയാതെ
പ്രണയിച്ച് ഇല്ലാതാകാൻ….
വീണ്ടും വേണമൊരു തീവണ്ടിയാത്ര
മാറി മറയുന്ന കാഴ്ചകളെ
എത്തിപ്പിടിക്കാൻ….
വീണ്ടും വേണം ഒരാദ്യരാത്രി
കാത്തിരിപ്പിന്റെ രുചിയറഞ്ഞ്
മയങ്ങുവോളം രമിക്കാൻ…..
വീണ്ടും ഒരു കോളേജ് ജീവിതം
വരാന്തകളിൽ എവിടെയോ
മറന്നു വച്ചത് തിരിച്ചെടുക്കാൻ…
വീണ്ടും വേണം….
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.