——————-
ചോദ്യങ്ങൾക്കു മുൻപു തന്നെ അവർ പറഞ്ഞു…
ഇവൻ ജനിക്കുന്നതിനു മുൻപേ ആത്മഹത്യക്ക്
ശ്രമിച്ചവനാണ്…
ഇവന്റെ ജനുസ്സിൽ ഒളിഞ്ഞു കിടപ്പുണ്ട്
എല്ലാം കെടുത്താൻ തയ്യാറായി കിടക്കുന്ന
ഒരു ഭൂതകാല ഭ്രൂണം….
ചികിത്സ വേണം അവർ പറഞ്ഞു
കേസ് വ്യത്യസ്തമായതു കൊണ്ട് ഇവിടെ
സ്വപ്നങ്ങളെയാണ് ചികിത്സിക്കണ്ടത്
ഒരാൾ പറഞ്ഞു…
അതെ സർപ്പങ്ങളെ കൊണ്ട് അവയെ കെട്ടി
വരിഞ്ഞ് കുരിശിലേറ്റണം
മറ്റൊരുത്തൻ വിലയിരുത്തി
അതെ അതെ കൂടെയിരുന്ന തെണ്ടികൾ കൂവി വിളിച്ചു
അതാണ് പറ്റിയ ചികിത്സ
നമ്മളവനെ ചികിത്സിക്കാൻ ശ്രമിച്ചതല്ലേ?
ഒരുത്തന്റെ സംശയം…
ഒരു ഡോളർ കൊടുത്ത് സ്നേഹവും,
വിശ്വാസവും, സഹാനുഭൂതിയും വിറ്റ്
ഒരു കച്ചവടം ചെയ്യാൻ പറഞ്ഞയച്ചില്ലെ?
എന്നിട്ടെന്തുണ്ടായി…
അവൻ തിരിച്ചു വന്ന് കുറ്റം പറഞ്ഞു
ഈ ലോകം ശരിയല്ല
ഈ വക കുണ്ടാമണ്ടികൾക്കൊന്നും ഒരു വിലയുമില്ല
എന്നും പറഞ്ഞു…. മാത്രമല്ല…
ഡോളറിനെയും കുറ്റം പറഞ്ഞു
ങേ…? ഡോളറിനെ കുറ്റം പറഞ്ഞോ ഹമ്പടാ….
എല്ലാവരും അതിശയിച്ചു
പിന്നെയും നമ്മൾ ശ്രമിച്ചില്ലെ…?
അവനോട് കവിതകളെഴുതാൻ പറഞ്ഞു
ഒരിക്കലും വയിക്കപ്പെടാത്തവയാവണം എന്നും പറഞ്ഞു…
അവൻ കവിതകളുടെ പുസ്തകം കൊണ്ട് വന്നപ്പോൾ
അതിൽ ഒരക്ഷരം പോലുമുണ്ടായിരുന്നില്ല…
നിരക്ഷരർക്കുള്ള കവിതകളായിരുന്നു പോലും
“ങേ ഇവൻ അക്ഷര വിരോധിയുമാണോ..?”
എല്ലാവരും പുരികം ചുളിച്ചു…
എന്നാൽ ചികിത്സയല്ല ശിക്ഷയാണ് വേണ്ടത്
കുറ്റം അവന്റേതല്ല അവന്റെ ജനുസ്സിന്റെതാണ്
പക്ഷെ ശിക്ഷ ഇവനു തന്നെ കിട്ടണം
അവർ എല്ലാവരും ശരിവച്ചു….
എന്നാൽ ചോദ്യം തുടങ്ങാം അല്ലെ…?
എല്ലാവരും തല കുലുക്കി
ആദ്യ ചോദ്യം..
വിദ്യാഭ്യാസത്തെ കുറിച്ചെന്തു പറയുന്നു?
അവനൊന്നുമറിയില്ലെന്ന് അവൻ പറഞ്ഞു
അറിവിനെ കുറിച്ചോ? അടുത്ത ചോദ്യം
ചിലതൊക്കെ അറിയാം… അത്..
നമ്മളെ മരണത്തെ കുറിച്ച് ബോധവാന്മാരാക്കുന്നു
ജീവിതത്തെ കുറിച്ച് കഥകൾ പറഞ്ഞ്
തെറ്റിദ്ധരിപ്പിക്കുന്നു….. പറ്റിക്കുന്നു…
പിന്നെ…. മെല്ലെ മെല്ലെ… നമ്മളെ ദുഖിതരാക്കുന്നു…..
അവർ അവനെ നോക്കി എന്നിട്ട്
തമ്മിൽ തമ്മിൽ നോക്കി കണ്ണ് ചിമ്മി ചിരിച്ചു
ഒരു ചോദ്യം കൂടി
നീ സന്തോഷവാനാണോ..?
അതെ… നിങ്ങളേക്കാളെല്ലാം അവൻ പറഞ്ഞു
അവർ അട്ടഹസിച്ചു… അങ്ങിനെ വേണം…
എന്നാൽ അതാണ് നിന്റെ ശിക്ഷ
ഞങ്ങളിൽ നിന്നും സ്വാതന്ത്ര്യം…
അറിവിൽ നിന്നുമുള്ള മുക്തി
കൂടെ താങ്ങാനാവാത്ത സന്തോഷവും…
അവർ എഴുന്നേറ്റു നൃത്തം വച്ച് തുടങ്ങി
ഉറക്കെ അലറി വിളിച്ചു…
സന്തോഷം…. സന്തോഷം…
അറിവില്ലാത്തവന്റെ സമ്പത്ത്…
സന്തോഷം…. സന്തോഷം…
കൈ ചുരുട്ടി പുകയൂതി വലിച്ച്
നൃത്തം ചെയ്തത് മെല്ലെ
അവർ പുക പടലങ്ങൾക്കുള്ളിൽ
മാഞ്ഞു മറഞ്ഞു പോയി
അവനും ഉണർന്നു…….
-മർത്ത്യൻ-
Categories: കവിത
Leave a Reply