കല്ലറ കൂട്ടം

അസ്തമിച്ച സ്വപ്നങ്ങളുടെയെല്ലാം
അടിവയറ്റിൽ ചില നഷ്ടപ്പെട്ട
യാഥാർത്യങ്ങളുണ്ടാവാറില്ലേ
സമയം നമുക്ക് വച്ച് നീട്ടിയിട്ടും
നമ്മൾ കണ്ടില്ലെന്നു നടിച്ച ചിലത്…
പിൽക്കാലത്ത് ഉറക്കം
വരാത്ത രാത്രികളിൽ
സ്വപ്നങ്ങളുടെ കല്ലറകൾക്ക്
മുൻപിൽ പോയി നിൽക്കുമ്പോൾ
അതേ യാഥാർത്യങ്ങളെ ശവമടക്കി
തിരിച്ചു നടക്കുന്ന
ചില മുഖങ്ങൾ കാണും
പരിചിതങ്ങളായ മുഖങ്ങൾ
പക്ഷെ നമ്മളെ നോക്കി
ചിരിക്കാതെ
പരിചയം നടിക്കാതെ
നടന്നകലും…
ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ
ചോദിച്ചെന്നുമിരിക്കും
ഇപ്പോഴും ഉണർന്നിട്ടില്ല അല്ലേ…?
ഇങ്ങനെ കുഴിച്ചുമൂടാനുള്ള യോഗമല്ലെ
നമുക്കുള്ളൂ…
നിനക്ക് നിന്റെ സ്വപ്നങ്ങളെയും
ഞങ്ങൾക്ക് അത് കണ്ടില്ലെന്ന് നടിച്ച
യാഥാർത്യങ്ങളെയും…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.