വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി…. പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു… ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ…. വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു… ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത് വാശി പിടിച്ചപ്പോൾ വാങ്ങി തന്ന കളിപ്പാട്ടങ്ങൾ ആളറിയാതെ തുറിച്ചു നോക്കിയിരുന്നു….. കടമെടുത്ത് തിരിച്ചടയ്ക്കാതെ ഉപയോഗ ശൂന്യമായ എത്രയോ പ്ലാസ്റ്റിക്കു കാർഡുകൾ പർസിൽ നിന്നും പുറത്തു ചാടി കണ്ണുരുട്ടി പേടിപ്പിച്ചു….
വായനക്കാരന്റെ മനസ്സിനെ സ്വതന്ത്രമാക്കി കൊടുത്തപ്പോൾ അടയ്ക്കപ്പെട്ട് ചില്ലലമാറയിലേക്ക് വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾ പുതിയ വായനക്കാരെ കാത്തിരുന്ന് ചിതലു പിടിച്ചു….. അതിൽ മാക്സിം ഗോർക്കിയുടെ അമ്മ മാത്രം മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി തിരിച്ചു വച്ചിരുന്നു…. പലവട്ടം വായിച്ചപ്പോൾ ജീവൻ കിട്ടി പുസ്തകം സ്വയം നീങ്ങി തുടങ്ങിയതാവുമോ….. അതിരിക്കേണ്ടയിടത്തല്ല ഇപ്പോൾ…. അമ്മ റഷ്യ വിട്ട് ഖസാക്കിലെത്തി എന്ന് തോന്നും… ഏതായാലും ഖസാക്കിലേക്കുള്ള വഴിയന്വേഷിച്ച് പല കഥാപാത്രങ്ങളും എഴുത്തുകാരും വായനക്കാരും വഴിതെറ്റി അലയുന്നുണ്ട്….. അവനും…..
പുറത്ത് കാറുകൾ വന്നു നിർത്തുന്ന ശബ്ദം അവൻ കേട്ടില്ല….. അതിൽ നിന്നുമിറങ്ങിയ ആളുകൾ അവന്റെ വീടിന്റെ ബെല്ലടിച്ചതും അവൻ കേട്ടില്ല….. കടക്കാരായിരിക്കും…. അവർക്കെ ഇപ്പോൾ അവന്റെ വീട്ടിലേക്കുള്ള വഴി ഓർമ്മയുള്ളൂ…… അവനിനി എന്ത് കടക്കാർ…. അവൻ എല്ലാവരോടും കടപ്പെട്ടവനാണ്….. നന്ദിയുള്ളവനാണ്….. അവന്റെ മനസ്സിന് അവന്റെ വിലകുറഞ്ഞ ജീവിതത്തിന്റെ വില പോലും ഇപ്പോൾ താങ്ങാൻ കഴിയില്ല…. അവൻ സ്വതന്ത്രനാണ്….. കറന്റ് വന്ന് ഫാൻ കറങ്ങി തുടങ്ങി….. അതൊന്നും അറിയാതെ അവൻ തളർന്നുറങ്ങി ഇല്ലാതായി…
-മർത്ത്യൻ-
Categories: കവിത
Leave a Reply