അര്‍ത്ഥമില്ലാത്തൊരു വാക്ക്

ഒരു വാക്കിന്റെ മുകളിലേക്ക്
എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു
പറ്റാതെ വന്നപ്പോള്‍
അവിടിരുന്ന് ഒരു കവിതയെഴുതാം
എന്ന് കരുതി…
അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു
അയാള്‍ ചോദിച്ചു “എന്താ ഇവിടെ..?”
“ആ വാക്കില്‍ കയറാന്‍ നോക്കിയതാ
പറ്റിയില്ല” വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു
അത് കേട്ട് അയാള്‍ ചിരിച്ചു…
അയാളുടെ നരച്ച മുടി കാട്ടി പറഞ്ഞു
“ഞാനും ശ്രമിച്ചതാ വര്‍ഷങ്ങളോളം കഴിഞ്ഞില്ല
ഇങ്ങിനെ കവിത എഴുതിയിട്ടൊന്നും കാര്യമില്ല”
“പിന്നെ എന്ത് ചെയ്യും” ഞാന്‍ ചോദിച്ചു
അയാള്‍ അടുത്ത് വന്നിരുന്നു
“നിന്റെ കുഴപ്പമല്ല ആ വാക്കിന്റെ പ്രശ്നമാണ്
അതിന് സ്വന്തമായൊരു അര്‍ത്ഥമില്ല
രൂപമില്ല, തുടക്കമില്ല… ഒടുക്കവുമില്ല…
എല്ലാം അതില്‍ കയറാന്‍
ശ്രമിക്കുന്നവനനുസരിച്ച് മാറും”
അയാള്‍ എന്നെ നോക്കി എന്നിട്ട് തുടര്‍ന്നു
“ഇനി അഥവാ എത്തിപ്പിടിച്ചു
എന്ന് വയ്ക്ക്യാ അപ്പോള്‍
അതിന്റെ അര്‍ത്ഥം മാറും
കൈയ്യും വിട്ടു പോകും”
അയാള്‍ കുലുങ്ങി ചിരിച്ചു
“അതില്‍ കയറിപ്പറ്റാന്‍ പാടുപെട്ട്
ജീവിതം പാഴാക്കണ്ട…. അത്
മറന്നു ജീവിക്കാന്‍ നോക്കു….”
അയാള്‍ അതും പറഞ്ഞു എഴുന്നേറ്റു പോയി
ഞാന്‍ കവിതയെഴുത്ത് വേണ്ടെന്നു വച്ചു
പകരം വലിയ അക്ഷരങ്ങളില്‍
കടലാസ്സില്‍ ആ വാക്ക് എഴുതിക്കൊണ്ടേയിരുന്നു
“ശരി” “ശരി” “ശരി” “ശരി”…… “ശരി”….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

2 replies

  1. കവിത ഇഷ്ടപ്പെട്ടു , അര്‍ത്ഥമുള്ള വാക്ക് , കടലാസിലെ വാക്ക് ഇഷ്ട്ടപെട്ടു 😉

Leave a reply to മര്‍ത്ത്യന്‍ Cancel reply

This site uses Akismet to reduce spam. Learn how your comment data is processed.