“സഹോദരി നിങ്ങളുടെ കഥയെന്താണ്..?
എന്നില്‍ നിന്നും എന്ത് സഹായമാണ് വേണ്ടത്…?”
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
“ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല”
അവള്‍ എന്നെ നോക്കി പറഞ്ഞു
“ഞാന്‍ വെടിയുണ്ടകളുടെ ശബ്ദത്തിനിടക്കാണ് പിറന്നു വീണത്
എല്ലാവരും രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നിരിക്കണം
എന്റെ കരച്ചില്‍… അതാരും കേട്ടില്ല…”
എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കി
അവള്‍ തുടര്‍ന്നു..ഞാന്‍ ചോദിച്ച അവളുടെ കഥയിലേക്ക് വീണ്ടും ..
“ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം
ഞാനും ഒരു ജീവന്‍ നല്‍കിയിരിക്കുന്നു
പരിഷ്കരിച്ച പുത്തന്‍ തോക്കുകളില്‍ നിന്നും പറക്കുന്ന
വെടിയുണ്ടകളുടെ ശബ്ദമുകരിതമായ ഇന്നത്തെ ലോകത്തിലേക്ക്”
എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍
തിരഞ്ഞ് പരാജയപ്പെട്ടപോള്‍ അവള്‍ വീണ്ടും തുടര്‍ന്നു..
“എന്റെ വിരളു കുടി നിര്‍ത്തുന്നതിനു മുന്‍പേ
കൈകളില്‍ അവര്‍ തോക്കുകള്‍ തന്നു
വായില്‍ നിന്നും വിരളു മാറ്റി അവ കൊണ്ട്
കാഞ്ചി വലിക്കാന്‍ പഠിപ്പിച്ചു”
അവള്‍ അല്പം നിര്‍ത്തിയിട്ട് തൊട്ടടുത്ത്
ഉറങ്ങി കിടക്കുന്ന മകളെ നോക്കി
“അറിവു വയ്ക്കുന്നതിനു മുന്‍പെ യുധനീതിയും
യുദ്ധരീതികളും പരിശീലിപ്പിച്ചു
യുദ്ധത്തിലേക്ക് ജനിപ്പിച്ച് യുദ്ധത്തില്‍ തന്നെ
മരിക്കാനുള്ള വിധി തീര്‍ച്ചപ്പെടുത്തി”
അവള്‍ വീണ്ടുമവളുടെ മകളെ നോക്കി
ആ കുഞ്ഞി തലയിലൂടെ കൈയോടിച്ചു
അവളുടെ ചുംബനം ഒരു നീണ്ട നിമിഷം മകളുടെ നെറ്റിയില്‍ തങ്ങി നിന്നു
ഒരു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീണ് മകളുടെ മുഖത്തെവിടെയോ അപ്രത്യക്ഷമായി
അവള്‍ വീണ്ടുമെന്നെ നോക്കി
“എന്റെ മകളും ഈ യുദ്ധത്തിലേക്ക് പിറന്നു വീണു
എനിക്കതിനി മാറ്റാന്‍ കഴിയില്ല
പക്ഷെ അവള്‍ ഒരിക്കലും ഒരു യുദ്ധത്തിന്റെ
അവകാശിയാവില്ല…”
അവള്‍ എന്റെ കൈ പിടിച്ചു പറഞ്ഞു
അമ്മമാരില്‍ മാത്രം ഞാന്‍ കേട്ട ആ ശബ്ദത്തില്‍
“സഹോദരാ… ഇതാണ് എന്റെ കഥ
പറയു… നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിയുമോ…?”
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply