ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ
ഒരു പണിയും ചെയ്യാതെ കെട്ടിപ്പിടിച്ച്,
ഭസ്മം കൊടുത്ത്, കൈയ്യും വീശി
കഴിയാമായിരുന്നു….
ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ
ധ്യാനം നടിച്ച്, പുട്ടുമടിച്ച്, ഭജനയും പാടി
വെറുതെ കണ്ണുമടച്ച്, ചിരിയും ഫിറ്റു ചെയ്തു ദിവസം
തള്ളി നീക്കാമായിരുന്നു…
ഒരു ആൾ ദൈവമായിരുന്നെങ്കിൽ കലക്കിയേനെ
രാഷ്ട്രീയക്കാരുമായി രാഷ്ട്രീയമില്ലാതെ മത്സരിച്ച്
വലിയ പ്രതിമകളും കട്ട് ഔട്ടുകളും കൊണ്ട് നഗരം
കുത്തി നിറയ്ക്കാമായിരുന്നു…
ഒരു ആൾ ദൈവമായിരുന്നെങ്കിൽ കലക്കിയേനെ
ആസ്പത്രിയും, കോളേജും, സ്കൂളും പണിത്,
ശ്വാസത്തിനു പോലും അവകാശം പറഞ്ഞ് പേരും പദവിയും
വാങ്ങിക്കാമായിരുന്നു….
ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ
ലോകത്തെമ്പാടും ആശ്രമങ്ങൾ പണിത് സ്വന്തം
ജെറ്റിൽ ചുറ്റിക്കറങ്ങി നാടുകൾ കണ്ട് അടിച്ചു
പൊളിക്കാമായിരുന്നു….
ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ
അധികാര പദവികൾ ഒന്നുമില്ലാതെ തന്നെ
അധികാരത്തിനു മുകളിൽ കയറി ഞെളിഞ്ഞങ്ങനെ
ഇരിക്കാമായിരുന്നു…..
ഒരു ആൾദൈവമായിരുന്നെങ്കിൽ കലക്കിയേനെ
പക്ഷെ പിന്നെ ആലോചിച്ചപ്പോൾ വേണ്ടെന്നു തോന്നി
കാരണം ഇതൊരു വൻ പറ്റീരല്ലെ….
ജനങ്ങളോട് ചെയുന്ന ഒരു ഭൂലോക വഞ്ചന…
വർഷങ്ങളായി ഈ ലോകത്ത്
ശാന്തി പകരാൻ ആൾദൈവങ്ങൾ
മത്സരിച്ച് ജനിക്കുന്നു, തളിർക്കുന്നു, വാടുന്നു
എന്നിട്ടും ലോകത്തിൽ ഇന്നും
ശാന്തിക്ക് ഭയങ്കര ഡിമാണ്ടാ….
അപ്പോൾ ഇവനൊക്കെ ഇത്രയും കാലം
എന്തുണ്ടാക്കി…
അതിനും കാണും ധ്യാനത്തിൽ മയക്കി
കിടത്താൻ പാകത്തിൽ ഒരു ന്യായം..
ഇതിന് പറ്റീരെന്നല്ലേ പറ്റിയ പേര്…?
ഏതായാലും ഞാനില്ല
മാത്രമല്ല ഇനി ലൊകത്തിലെങ്ങാനും
അബദ്ധത്തിൽ ശാന്തി വന്നു പോയാൽ
ഇവന്മാരുടെയൊക്കെ കട പൂട്ടും…
അത് കൊണ്ട് ഞാനീ പണിക്കില്ല സ്വാമി
ഞാനീ പണിക്കില്ല സ്വാമി….
എന്നെ വിട്ടു കള….
അല്ലെങ്കിൽ സ്വാമി പറ
ഈ ലോകത്തിൽ ശാന്തി വരില്ലെന്ന്…
ഗാരണ്ടി തരാൻ പറ്റ്വോ സ്വാമിക്ക്…?
-മർത്ത്യൻ-
Categories: കവിത
Leave a Reply