ശ്വാന ദർശനം

തിരക്കുള്ള അറവുശാലകൾക്ക് മുൻപിൽ
മണം പിടിച്ച്..
വിശപ്പ് ദാനം ചെയ്യുന്ന അന്ധതയും
മറന്ന്…
ചോര കട്ടപിടിച്ച തൂക്കിയിട്ട ഇറച്ചിയിൽ
കണ്ണും നട്ട്…
വെട്ടുമ്പോൾ തെറിച്ചേക്കാവുന്ന തുണ്ടും
പ്രതീക്ഷിച്ച്…
ചോര പൊടിയുന്ന വെട്ടുകത്തി പാടുകളുമായി
അവൻ കാത്തു നിൽക്കും….
വിലകുറഞ്ഞ മദ്യശാലകൾക്കു പുറത്ത്
അർദ്ധരാത്രിയിൽ
മത്തു പിടിച്ച തലകളും
ബലം കുറഞ്ഞ കൈകളും
ചുങ്ങി ചുരുങ്ങിയ കണ്ണുകളും
മത്സരിച്ച് തന്തൂരി കബാബുമായി
മല്ലിടുമ്പോൾ…
അനുസരണയിൽ അന്ധമായ
പ്രതീക്ഷകളുമായി
അവൻ കാത്തിരിക്കും…..
വൃത്തികെട്ട വേശ്യാ തെരുവുകളിൽ
ചങ്ങലകളിൽ കിടന്ന്…..
മോഹങ്ങൾ നഷ്ടപെട്ട കളങ്കമില്ലാത്ത
ശരീരങ്ങൾ വിൽക്കപെടുമ്പോൾ….
ഭീരുക്കളും അയോഗ്യരുമായ സുഖാന്വേഷികൾ
കൂത്താടുമ്പോൾ…..
പരിശീലകൻ സമ്മാനിച്ച ഭീകരതയിൽ
സ്വയം നഷ്ടപ്പെട്ടതാണെന്നറിയാതെ
മുൻപിൽ വീഴുന്നതെന്തും
കടിച്ചു കീറുന്നതിനായി
അവൻ കാത്തു കിടക്കും….
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.