ഇങ്ങനെയും കാത്തിരുപ്പുകള്‍

സന്ധ്യക്ക്‌ വിളക്ക് കൊളുത്തി
ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍
പടിവാതിലിനപ്പുറത്ത്
കത്താത്തൊരു തെരുവിളക്കിന്റെ താഴെ
ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത്
വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍
ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു
നീ കേട്ട് കാണും എന്നെനിക്കറിയാം
ഞാനാണെന്ന് നീ അറിഞ്ഞില്ലേ?
അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍
എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ്
നിന്റെ കഴുത്തില്‍ താലി കെട്ടിയ രാത്രി
നിന്നെ മണിയറയില്‍ വച്ച് അവന്‍ പുണര്‍ന്നപ്പോള്‍
ഞാന്‍ അതെ കത്താത്ത തെരുവുവിളക്കിന്റെ
കീഴില്‍ കാത്തു നിന്നിരുന്നു
നീ ഇറങ്ങി വരും എന്ന് ഞാന്‍ കരുതിയിരുന്നുവോ..?
ഇന്ന് അനങ്ങാതെ ഈ കട്ടിലില്‍ കിടക്കുമ്പോള്‍
തുറന്ന ജനലിലേക്ക് പലപ്പൊഴും നോക്കും
ഒരിക്കലും അതിനപ്പുറത്ത് നീ വന്നു നില്‍ക്കില്ല
എനിക്കതറിയാം.. എങ്കിലും ഈ കാത്തിരുപ്പിലുമുണ്ട്
ഈ ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പുകളിലുമുണ്ട്
ഒരു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത സുഖം….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.