യാത്ര

ഇനിയെങ്ങോട്ട് ?
വഴിമുട്ടി നില്‍കുന്ന യാത്രകാരന്‍ ഒരുത്തരതിനായി കാതോര്‍ത്തു
ഇനിയിവിടുന്നെങ്ങോട്ട്?

മുന്‍പിലുള്ള പാത ചുടുകാട്ടിലേക്ക് നീങ്ങുന്നു,
പിന്നിലോ ഇറങ്ങി വന്ന മല രാക്ഷസ മട്ടെ വാനം മുട്ടി നില്‍ക്കുന്നു
തിരിച്ചു കയറാന്‍ ശേഷിയില്ല , ശോഷിച്ച കരങ്ങളില്‍ ഊന്നു വടിപോലുമില്ല
ഒരുവശം ഭൂമിതീരുവോളം നീണ്ടുകിടക്കുന്ന കടലുണ്ട്
മറുവശം എന്നോ കടിഞ്ഞാണിട്ടു നിര്‍ത്തി ജീവിതത്തില്‍ നിന്നും തുടച്ചു മാറ്റിയ പഴയ ഓര്‍മ്മകളുണ്ട്‌
ഇനിയെങ്ങോട്ട് ?

ഓര്‍മ്മകളുടെ വശം ശൂന്യം, നിശബ്ദം
ഓര്‍മ്മകളില്‍ അറിയുന്ന മുഖങ്ങളെ തപ്പി നോക്കി
അറിയുന്ന ഒരു മുഖം പോലുമില്ല ഓര്‍മ്മകളില്‍ പോലും
ഇതാണോ അവസാനം…

മറവി, എല്ലാത്തില്‍ നിന്നുമുള്ള മറവി
താന്‍ സ്വയം ഇല്ലാതാവുന്നത്‌ കണ്ടു നില്‍ക്കേണ്ടി വരുക
ഇങ്ങനെയാണോ അവസാനം…
അല്ല ഇതൊരു പരീക്ഷണമാവാം….

നശിപ്പിക്കുന്നതിനു മുന്പായി മുക്തിക്കായി ഒരവസാനവസരം
നന്മയുടെ അംശത്തെ, സ്വന്തം ജീവിതത്തിന്റെ നന്മയുടെ അംശത്തെ
ഒരിക്കല്‍ കൂടി‌ നേരില്‍ കാണാന്‍ കഴിയുമോ അന്ന പരീക്ഷണം
നന്മയില്‍ നിന്നുമെത്ര ദൂരം പിന്നിട്ടെന്നറിയാന്‍
ചുടുകാട്ടിലെക്കെടുക്കുന്നതിനു മുന്‍പേ ഒരവസരം കൂടി
നന്മയുടെ ഇന്നലകളിലേക്ക് ഇന്നെങ്കിലും ഒരു വട്ടം, ഒരു നിമിഷം

ഓര്‍മ്മകളുടെ വശത്തെക്കവന്‍ കാതോര്‍ത്തു
എന്തെങ്കിലും ഒന്ന്, ഒരു പേര്, ഒരു വാക്ക് എന്തെങ്കിലും…
നഷ്ടപ്പെട്ട തന്നെ തിരിച്ചു കിട്ടാനായി എന്തെങ്കിലും ഒന്ന്
ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര…..
ഇല്ല ഒന്നും കേള്‍ക്കുന്നില്ല….

ഞാന്‍ നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാം അവസാനിച്ചിരിക്കുന്നു
ഇനി മടക്കയാത്രയില്ല, ഇതിവിടെ തീരും
ഒന്നും ഓര്‍മ്മയില്ല ഒന്നും
നന്മകള്‍ ഒന്നുമില്ല തിന്മ മാത്രം
അരുത് ഇതായികൂട അരുത്

എന്തൊരു ചൂട് , സഹിക്കാന്‍ വയ്യാത്ത ചൂട്
അയ്യോ എനിക്ക് പൊള്ളുന്നു,
എന്താണിത്‌ നിങ്ങളെന്നെ കത്തിക്കരുത്
ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കു
ഞാന്‍ നല്ലവനായിരുന്നു, ഞാനും നന്മയുടെ പാതയിലായിരുന്നു
അരുതേ എന്നെ നശിപ്പിക്കരുതേ , ഒരവസരം കൂടി
അരുത് അരുത്‌ …….



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.