സേതുവും പാറക്കടവും ലാന കൺവെൻഷനും – ഒരു മർത്ത്യാവലോകനം

LANAകഴിഞ്ഞ വീക്കെൻഡ് ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു അനുഭവം സമ്മാനിച്ചു. രണ്ടു ദിവസം അതെന്നെ പലയിടത്തും കൊണ്ടുചെന്നെത്തിച്ചു. ലാന (LANA) Literary Association of North America യുടെ റീജ്യണൽ കൺവെൻഷൻ.

ഒരു കൺവെൻഷനിൽ പങ്കെടുത്തു എന്നതല്ല മറക്കാനാവാത്ത അനുഭവം, അത് എനിക്ക് സഞ്ചരിക്കാൻ ഒരു സ്വപ്നവഞ്ചി തന്നു എന്നതാണ്. ഇതാ എന്റെ (മർത്ത്യന്റെ) അവലോകനം ഒരു മർത്ത്യാവലോകനം.

സേതുവും പാറക്കടവും പങ്കെടുത്തു എന്നത് മുഖ്യ ഹൈലൈറ്റായിരുന്നെങ്കിലും അതിനൊപ്പം കുറെ അക്ഷരസ്നേഹികളെ കണ്ടു എന്നതാണ് എനിക്ക് തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോകാൻ കഴിഞ്ഞ പ്രധാന സമ്മാനം. സാഹിത്യമായി ബന്ധമുള്ള ധാരാളം പേർ അമേരിക്കയിൽ ഉണ്ടെന്നറിഞ്ഞിരുന്നു പക്ഷെ പലരെയും ഫേസ്ബുക്ക് വഴിയേ പരിചയമുള്ളു… ഇവിടെ ഫേസ് തന്നെ കാണാൻ കഴിഞ്ഞു. ഫേസ് കണ്ടു എന്ന് മാത്രമല്ല നെയിംസും ഇനി മറക്കില്ല….

സേതുവിനെ മുൻപ് സർഗ്ഗവേദിയുടെ പരിപാടിക്ക് കണ്ടിരുന്നു, അദ്ദേഹം ഞങ്ങളുമൊത്ത് അദ്ദേഹത്തിന്റെ അറിവും അനുഭവങ്ങളും പങ്കു വച്ചു. പക്ഷെ ഇത്തവണ കൂടുതൽ സമയം ചിലവഴിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മാത്രമല്ല ഇവിടെ ചർച്ചകളിൽ പങ്കെടുക്കുന്പോൾ ഒരു പ്രസംഗത്തിൽ നിന്നുപരി അദ്ദേഹത്തിൽ നിന്നും പലതും ലഭിച്ചു എന്നൊരു തോന്നൽ. പലതും അറിഞ്ഞു പഠിച്ചു സന്തോഷമായി… അറിവു പങ്കിട്ടതിന് നന്ദി….

പാറക്കടവ് വന്നപ്പോൾ കോഴിക്കോട്ടേത്തിയ പോലെയായി. അദ്ദേഹത്തിന്റെ കഥകൾ അദ്ദേഹത്തിൽ നിന്നു തന്നെ കേൾക്കുന്നതിന്റെ സുഖം, അതും കളങ്കമില്ലാത്ത ന്പള കോയിക്കോടൻ ശൈലിയിൽ കേൾക്കുന്പോൾ ആഹാ! അത് ആവി പറക്കണ ബിരിയാണി പോലെ തന്നെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞങ്ങൾക്കൊത്ത് കൂടിയതിന് നന്ദി….

ഹൈലൈറ്റിനു ശേഷം വന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്നർലൈറ്റാണ്… പലയിടത്തുനിന്നുമായി വന്ന അക്ഷരപ്രേമികൾ തമ്മിൽ പരിചയപ്പെട്ടും ചർച്ചകളിൽ പങ്കെടുത്തും ഈയുള്ളവനെ വളരെ നൊസ്റാൾജിക്കാക്കി. ചർച്ചകളിലും സംസാരങ്ങളിലും പലപ്പോഴും ഓ.വീ വിജയൻ വന്നതു കൊണ്ടാവണം ഞാൻ ആദ്യമായി ഖസാക്ക് വായിച്ച എന്റെ കോഴിക്കോട്ടുള്ള വീട്ടിൽ ചെന്നെത്തിയത്.

എം.എൻ വിജയനെയും സുകുമാർ അഴീക്കോടിനേയും കുറിച്ചാരോ പറഞ്ഞപ്പോൾ കോഴിക്കോട് ടൗൺ ഹാളിലെ വരാന്തയിൽ നിന്ന് അവരുടെ പ്രസംഗം കേട്ടതോർമ്മ വന്നു. ബഷീറിനെ പറ്റി സേതു സാർ സംസാരിച്ചപ്പോൾ ഞാൻ ദേവഗിരി കോളേജിലെ പ്രീഡിഗ്രി കാലത്തേക്ക് പോയി, സുൽത്താന്റെ മകൻ അനീസ് സഹപാഠിയായിരുന്നെന്ന കാര്യം അവിടെ പറഞ്ഞില്ല ഇവിടെ പറയുന്നു 🙂

പാറക്കടവിനെ പരിചയപ്പെടുത്തുന്പോൾ മാധ്യമത്തെ കുറിച്ചു പറഞ്ഞപ്പോൾ ഞാൻ പോയത് ആർ.ഈ.സിയിലെ നാടക കളരിയിലേക്കാണ് അന്ന് ബോക്സസ് എന്ന നാടകം അവതരിപ്പിക്കുന്നതിന് ഭാഗമായി ഞങ്ങളുടെ കൂടെ കഴിഞ്ഞിരുന്ന പി.എ.എം ഹനീഫ സാറിന്റെ അടുത്തേക്ക്. കാരണം അദ്ദേഹം പിൽക്കാലത്ത് മാധ്യമത്തിൽ ജോലി ചെയ്തിരുന്നു. എന്റെ കോഴ്സ് കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു പറയുകയുണ്ടായി “എടാ നീ ഇപ്പോൾ ജനങ്ങളെ ഇഗ്ളീഷ് പറഞ്ഞു പറ്റിക്കുന്ന ജോലിയാണല്ലെടാ” എന്ന്… സെയിൽസ് എന്നാണ് ഉദ്ദേശിച്ചത്.. പിന്നെ ഹനീഫ മാഷിന്റെയും സുഹൃത്തുക്കളുടെയും കൂടെ പട്ടാന്പി റെയിൽവേ സ്റ്റേഷനിൽ ചെന്നു പിന്നെ ഭാരത പുഴ കേരള വർമ്മ കോളേജ് എന്നിങ്ങനെ പലയിടത്തും.. പിന്നെ തിരിച്ചു കോഴിക്കോട്ടെത്തി കോവൂരിൽ മുറിയെടുത്ത് നിന്നു…

കവിതാലാപനം തുടങ്ങിയപ്പോൾ നേരെ മീഞ്ചന്ത എൻ.എസ്.എസിലെ ഏതോ ക്ലാസ്സിൽ പോയി പുറത്ത് മഴപെയ്യുന്നതും നോക്കിയിരുന്നു. പിന്നെ കമല ടീച്ചറുടെയും അപ്പുക്കുട്ടൻ മാഷിന്റെയും കൂടെ വീട്ടിലേക്കു തിരിച്ചു വന്നു… വീട്ടിൽ എത്തിയപ്പോൾ മലയാളം റ്റ്യുഷനെടുക്കാൻ വന്നിരുന്ന മൂസദ് മാഷടെ മുൻപിൽ ചെന്ന് കുറച്ചു നേരം ഇരുന്നു…

മനസ്സ് സ്വപ്നവഞ്ചി വിട്ട് അമേരിക്കയിൽ തിരിച്ചെത്തി എന്ന് തോന്നിയപ്പോൾ  ആരോ സഫലമീയാത്ര പാടാമോ എന്ന് ആരോടോ ചോദിക്കുന്നത് കേട്ടു, പിന്നെ കണ്ണ് തുറന്നത് എൻ.എൻ കക്കാടിന്റെ ക്ളിം എന്ന വീട്ടിലാണ് മലയാളം സാഹിത്യവുമായി എന്നെ പരിചയപ്പെടുത്തിയ സ്‌ഥലം അവിടെ വച്ച് ദുബായിൽ നിന്നും ഇറക്കുമതി ചെയ്ത മലയാളം കഷ്ടി മുഷ്ടി എഴുതി ഒപ്പിക്കുന്ന ഒരു പന്ത്രണ്ടുകാരനെ  മലയാളം പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന കക്കാടിന്റെ മകൻ ശ്രീകുമാർ എന്ന മണിയേട്ടനുമായി അല്പം സമയം ചിലവഴിച്ചു… കക്കാടിന്റെ പത്നി ശ്രീദേവിയേടത്തി ഉണ്ടാക്കിയ ഉണ്ണിയപ്പം കഴിച്ചുവോ എന്നൊരു സംശയം….

ഇല്ല എവിടെയും പോയില്ല മുഴുവനായിട്ട് അമേരിക്കയിൽ തന്നെയുണ്ടായിരുന്നു… പക്ഷെ ചില വിലയേറിയ സൗഹൃദങ്ങൾ ലഭിച്ചു അതിൽ അനിലാലിനെ പ്രത്യേകം എടുത്ത് പറയണം. കൂടെ രാത്രി ചേർന്ന സദസിൽ ചൊല്ലിയ ചുള്ളിക്കാടിന്റെ സന്ദർശനവും.. ഇനിയും വേണം അനിലാൽ ചില സന്ധ്യകൾ ഒന്നിച്ച്… അടുത്ത തവണ ചിക്കാഗോ വിളിക്കുന്പോൾ ഞാൻ എതിരു പറയില്ല അവിടെ ഉണ്ടാവണം….

ഉമേഷിന്റെ വിജ്ഞാനം നിറഞ്ഞ വിമർശനങ്ങളും അറിവു പങ്കിടലും വളരെ ഗംഭീരമായി. പ്രത്യേകിച്ചും കാളീദാസനും കവിതാ നിരൂപണത്തിലെ മാറ്റങ്ങളും എക്കാലത്തും മാറിക്കൊണ്ടിരിക്കുന്ന കവിത സങ്കല്പങ്ങളും പിന്നെ ബ്ലോഗിനും ബ്ലോഗർസിനുമുള്ള സപ്പോർട്ടും എല്ലാം…. അടുത്ത സർഗ്ഗവേദിക്ക് വീണ്ടും കാണാം….

സീ.എം.സിയുടെ പുസ്തകത്തിനു നന്ദി, കഥകൾ ചിലതൊക്കെ അവിടെ വച്ചു തന്നെ വായിച്ചിരുന്നു രാജീവന്റെ അച്ഛൻ ഒരിക്കലും മായാതെ മനസ്സിൽ എവിടെയോ തടഞ്ഞു കിടക്കും കുറെ കാലം… കൂടെ ഞങ്ങൾക്ക് കഥകൾപറഞ്ഞു തന്നതിനും പാട്ടുകൾ പാടി തന്നതിനും…

എം.എസ്.ടിയുടെ പ്രസംഗവും ഹെല്ലെനിക് കപ്പൽ വഴി അമേരിക്കയിൽ വന്ന കഥയും കേട്ടപ്പോൾ ഞാൻ ഇതുവരെ കൊട്ടിഘോഷിച്ചിരുന്ന അനായാസമായ എന്റെ പ്ലെയിൻ യാത്രകളുടെ ജാള്യത പുറത്ത് കാണിക്കാതെ മനസ്സിൽ ഒളിപ്പിച്ചു വച്ചു.

ഈ കഴിഞ്ഞ ശനിയാഴ്ച്ച ന്പള ബല്ലാത്ത പഹയന്റെ കന്നി അരങ്ങേറ്റമായിരുന്നു മലയാളി എഫ്.എമ്മിൽ. അത് മലയാളി എഫ്.എമ്മിന്റെ എല്ലാമെല്ലാമായ ടോം തരകനുമൊത്ത് പങ്കിടാൻ കഴിഞ്ഞു എന്നത് എടുത്ത് പാറയണം. സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റേയും പുതിയ പ്രവണതകളെ കുറിച്ചുള്ള ചർച്ചയിൽ താങ്ങൾക്കൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം….

സിലിക്കണിൽ നിന്നും സിനിമയിലേക്ക് പോയ പ്രകാശ് ബാരെയുമായുള്ള സിനിമാ ചർച്ചകൾ ഓർമ്മയിൽ നിൽക്കും. തന്റെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കിട്ടതിന് നന്ദി. സിനിമാ ചർച്ചകൾ ഇനിയും വരും ദിവസങ്ങളിൽ ഉണ്ടാവും.

കവിതയുടെ പാനലിൽ ഈയുള്ളവന് കവിത വായിക്കാൻ കഴിഞ്ഞു എന്നുള്ളതും ഒരു വലിയ കാര്യമായിരുന്നു.. പേർസണലി… 🙂 അതിന്റെ ഹൈലൈറ്റ്സ് ഉടൻ വരുന്നതായിരിക്കും…

അവിടെ വച്ചു പരിചയപ്പെട്ട എല്ലാവർക്കും നന്ദി നമസ്കാരം, തന്പി പറഞ്ഞതു പോലെ ഏറ്റവും കൈയ്യടി കിട്ടുന്ന വാക്കുകൾ ഇതു രണ്ടും തന്നെയാണ് നന്ദി & നമസ്കാരം… 🙂

ഇങ്ങിനെ ഒരു പരിപാടി ബേ ഏരിയയിൽ അതും എന്റെ അയൽപക്കമായ നെവാർക്കിൽ സംഘടിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് എം.എൻ.എൻ, തന്പി, പ്രേമ, രാജം, ഗീത എന്നിവർക്ക്

സ്നേഹത്തോടെ
-മർത്ത്യൻ-Categories: പലവക

Tags:

2 replies

  1. നല്ലൊരു നിരീക്ഷണം വിനോദ്. ലാന നല്ല അനുഭവമായിരുന്നു. നല്ല ചർച്ചകൾ, വിലപ്പെട്ട സൗഹൃദങ്ങൾ…ഇത് നില നിറുത്താനാകട്ടെ ലാനയ്ക്ക്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: