നിന്റെ രക്തത്തിന് മധുരമാണെന്ന്…
കൈനഖങ്ങൾക്കിടയിൽ പറ്റി പിടിച്ചു കിടന്ന
ചെളി പുരണ്ട ചുവന്ന മാംസത്തിന്
ഉപ്പുരസമാണെന്ന്….
നിന്റെ കഴുത്തിൽ വരിഞ്ഞു മുറുക്കിയ
സാരിയുടെ നിറം മഞ്ഞയായിരുന്നെന്ന്…
പിടഞ്ഞിരുന്ന കാലുകളിൽ ഒന്നിൽ
മാത്രമെ കൊലുസ്സ് കണ്ടുള്ളൂ എന്ന്…
വളകൾ മുൻപേ ഊരി മേശയുടെ
വലിപ്പിൽ വച്ചിരുന്നെന്ന്…..
മേശമേൽ ചിക്കൻ കറിയും ചപ്പാത്തിയും
ചോറും പപ്പടവും പൊരിച്ച മീനും വച്ചിരുന്നെന്ന്…
അലക്കിയ വസ്ത്രങ്ങൾ മടക്കിയിട്ട്
അലമാറിയിൽ അടുക്കി വച്ചിരുന്നെന്ന്…
ചെടികൾക്കെല്ലാം വെള്ളമൊഴിച്ചിരുന്നെന്ന്…
എല്ലാം അവർ എഴുതിയെടുത്ത് കൊണ്ട് പോയി
പക്ഷെ ഒരു വഴിക്ക് പോകുമ്പോൾ പിന്നിലെ
വാതിൽ മാത്രം എന്തു കൊണ്ട് തുറന്നു വച്ചു
എന്നാരും അന്വേഷിച്ചില്ല അല്ലെ….?
ജീവിതത്തിൽ കാണാതെ പോയത്
ആരാണ് കഥ കഴിഞ്ഞിട്ട് അന്വേഷിക്കുക അല്ലെ…?
-മർത്ത്യൻ-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment