കാവല്‍ക്കാരന്‍

അയാളുടെ ഒരു കവിതയ്ക്ക്
കാവല്‍ നില്‍ക്കണം
എന്നയാള്‍ ആവശ്യപ്പെട്ടു…
ഒരു സഹായമല്ലേ…
ഞാനും സമ്മതിച്ചു
“പേടിക്കണ്ട… അധികം
വായനക്കാരുണ്ടാവില്ല”
എന്നും പറഞ്ഞയാള്‍ നടന്നകന്നു
ആദ്യം വായനക്കാര്‍ കുറവായിരുന്നു
പിന്നെ വായനക്കാരുടെ
തള്ളിക്കയറ്റമായി…
അയാളാണെങ്കില്‍ തിരിച്ചും വരുന്നില്ല
ക്രമേണ വായനക്കാര്‍ ചോദിച്ചു തുടങ്ങി
കവിയെവിടെ…? കവിയെ കൊണ്ട് വരൂ..?
ഞാന്‍ അയാള്‍ തന്ന നമ്പറില്‍
ഒന്ന് വിളിച്ചു നോക്കി
അതിലൊരു മെസ്സേജ് വന്നു
“മര്‍ത്ത്യാ.. ഞാന്‍ പോകുന്നു
വായനക്കാരില്ലാത്ത
കവിതകളെഴുതി എനിക്ക് മടുത്തു…
എന്നെ അന്വേഷിക്കരുത്……”
ഞാന്‍ അക്ഷമരായി നില്‍ക്കുന്ന
വായനക്കാരെ നോക്കി….
അവര്‍ എന്നെ നോക്കി അലറി…..
“ഇവനാണ് കവി… ഇവന്‍ തന്നെ..
കാവല്‍ക്കാരനായി വേഷം മാറി
നമ്മളെ പറ്റിക്കുകയാണ്…”
ഞാന്‍ കഴിവതും പറഞ്ഞു നോക്കി
ഞാന്‍ വെറുമൊരു കാവല്‍ക്കാരനാണെന്ന് …
അവര്‍ കേട്ടില്ല…. ഇന്നും കേള്‍ക്കുന്നില്ല
അവര്‍ എന്നെ ചൂണ്ടി കവിയെന്നു
കൂക്കി വിളിച്ചു
കവി…. കവി….കവി….
-മര്‍ത്ത്യന്‍-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.