ഞാനിന്നൊരു സ്വപ്നം കണ്ടു… എഴുത്തിലേക്ക് തിരിച്ചു പോകുന്നു എന്നായിരുന്നു സ്വപ്നം…
ഞാനല്ല എന്റെ പേന മാത്രം മടങ്ങി… അല്ലെങ്കിലും എന്റെ വിരലുകൾക്കിടയിൽ ഞാൻ ചിന്തിക്കും വിധം ചലിച്ച് മാത്രം ശീലിച്ച എന്റെ പേന എന്നെ വിട്ട് എഴുത്തിലേക്ക് തിരിച്ച് പോയത് എനിക്ക് ഇഷ്ടപ്പെട്ടില്ല…
എഴുതാൻ കൈകളില്ലാതെ ഇടയിൽ കിടന്നമരാൻ വിരലുകൾ ഇല്ലാതെ അതിന് മാർഗ്ഗ നിർദേശങ്ങൾ കൊടുക്കാൻ വേണ്ട മസ്തിഷ്കമില്ലാതെ അതെന്നെ തേടി തിരിച്ച് വരുമെന്നെനിക്ക് ഉറപ്പായിരുന്നു…
ഇന്ന് സ്വപ്നം കാണാനുള്ള ദിവസമായിരുന്നില്ല… എങ്കിലും കണ്ടു…. നാളെ വീണ്ടും കാണണം… നാളെ സ്വപ്നത്തിന്റെ ദിനമാണ്…
പേനയിൽ മഷി കാണുമോ…? എഴുത്ത് എത്തും മുൻപേ അത് മഷി തീർന്ന് നിശ്ചലമാവുമോ… വേറെ എഴുത്തറിയാത്ത കൈകളിൽ പെട്ടാൽ അവരതിനെ വച്ച് സമൂഹ തിന്മക്ക് വേണ്ടിയുള്ള കുത്തിവരകൾ നടത്തുമോ…. എന്റെ പേന…. ഒന്നുമില്ലെങ്കിലും….
അവർ അതിലുള്ള കറുപ്പ് മഷി മാറ്റി നീല മഷിയാക്കുമോ… നീല മോശമല്ല പക്ഷെ കറുപ്പ് മഷി പേനക്ക് നൽകുന്നൊരു സത്യസന്ധതയുണ്ട്… അതെത്തിപ്പറ്റാൻ നീല മഷിക്ക് ബുദ്ധിമുട്ടാണ്…. കറുപ്പിൽ നീലയുടെ അംശവും അടങ്ങിയിട്ടുണ്ട്…. നീല കാര്യം സമ്മതിക്കില്ലെങ്കിലും…
ഞാനും എഴുത്തിലേക്ക് തിരിച്ച് നടന്നാലോ….? സ്വപ്നത്തിന്റെ പരിധി കഴിഞ്ഞും പേന നീങ്ങിയിട്ടുണ്ടെങ്കിൽ ഇനി രക്ഷയില്ല… എങ്കിലും നടന്ന് നോക്കാം….
ഞങ്ങൾ രണ്ടു പേരും എത്തി ചേരുന്നത് ഒരേ എഴുത്തിലാണെന്ന് പ്രതീക്ഷിക്കാം…. എഴുത്തിലേക്ക് മടങ്ങാം…. ഞാൻ വരുന്നു….
മർത്ത്യൻ
Categories: കഥ
വായിക്കാൻ കാത്തിരിക്കുന്നു ! വ്ലോഗിൽ മാത്രല്ല എഴുത്തിലും സർകാസം മനോഹരം !