സ്പാനിഷ് കവിയും എഴുത്തുകാരനുമായ ഫെഡെറിക്കോ ഗാർസിയ ലോർക്ക ‘ജെനെറേഷൻ ഓഫ് 27′ എന്ന കവികളുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു. സ്പാനിഷ് സിവിൽ വാർ സമയത്ത് ദേശീയവാദികളാൽ കൊല്ലപ്പെട്ടു. അദ്ധേഹത്തിന്റെ ട്രെയിൻ റൈഡ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്.
ട്രെയിൻ റൈഡ് – ഫെഡെറിക്കോ ഗാർസിയ ലോർക്ക
—————————————-
മഴ പെയ്തത്തിനു ശേഷം, സായംപ്രകാശത്തിൽ
തീവണ്ടിപ്പാതയുടെ പ്രകൃതി ദൃശ്യം ഒരു വിശറി പോലെ
അതിനേക്കാൾ വലിയ ഒരു അര്‍ദ്ധവൃത്തത്തിന്റെ കേന്ദ്രബിന്ദുവിൽ
സായാഹ്നത്തിന്റെ പച്ചപ്പിലേക്ക് ചുരുളഴിയുന്നു
ഒരു ഉച്ച നേരം ഇളം ചൂടിൽ ജീവൻ നഷ്ടപ്പെട്ട ഒരു പൂവിലേക്ക്
മെല്ലെ വിടരാൻ വെന്പുന്ന ആ വെള്ള മൊട്ടിനെ ഞാൻ ഓർമ്മിക്കുന്നു
എപ്പോഴും ശത്രു, വീട്ടിലുള്ള വിരോധി തന്നെയാണ്
ഞാൻ അത്ഭുതപ്പെട്ടു, ഏത് ശാസ്ത്രക്രിയയാണ് നമ്മുടെ നഷ്ടപ്പെട്ട
കഠിനാദ്ധ്വാനം മറച്ചു വച്ച ഉപേക്ഷകളുടെയും വിശ്രമവേളകളുടെയും
നീണ്ട യാത്രകളിൽ നിന്ന് നമ്മേ മുക്തരാക്കുക.
ഏത് ചികിത്സയാണ് ആ പുഞ്ചിരിയെ തിരിച്ചു കൊണ്ടു വരിക
ചുണ്ടുകളുടെയല്ല ആ കടലിനെപ്പോലും അന്ധാളിപ്പിക്കുക കണ്ണുകളുടെ പുഞ്ചിരിയെ
നമ്മൾ, ഒരു സാധാരണ ഉറക്കത്തിൽ നിന്നും അനേകം കൃത്യങ്ങളിലേക്ക്
ചിതറിപ്പോകുന്പോൾ നിരാശ പങ്കിടാനായി കൂട്ടം കൂടുന്നു.
നമ്മൾ ഒരിക്കൽ കൂട്ടം ചേർന്നിരുന്നു,
പൊതുവായ കഷ്ടപ്പാടുകളിൽ നിന്നും ലഭിച്ചിരുന്ന പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും
ക്ഷീണങ്ങൾക്കും, വേദനകൾക്കും ജയവിജയങ്ങളുടെ പരമാനന്ദത്തിനും
എപ്പോഴും ശത്രു, വീട്ടിലുള്ള വിരോധി തന്നെയാണ്.
നമ്മൾ ബധിരരായിരിക്കുന്നു,
ദൂരത്തേക്ക് ചിതറുന്ന നഗരത്തിന്റെ ചിലന്പലുകളിലും
കാട്ടിലെ കിളികളുടെ ഒച്ചപ്പാടിലും
ഒരിക്കലും സമയം കിട്ടിയിരുന്നില്ല സങ്കടപ്പെടാനോ,
വിശദമായ ഉറക്കത്തിലൂടെ കടൽ അതിന്റെ പിളർന്ന
പൊള്ളയായ പാറകളിൽ ചെന്ന് മുട്ടുന്നത് കേൾക്കാനോ.
നക്ഷത്രങ്ങളും പക്ഷികളും ഇതംഗീകരിക്കില്ല
ആ നനവു പാകിയ പൂന്തോട്ടവും;
ഉറങ്ങാൻ പോകുന്ന മരങ്ങളും ഒന്നും
നമ്മൾ പേടിച്ചരണ്ട റോന്തുചുറ്റുന്ന കാവൽക്കാരാണ്
പിന്നിലുള്ള തോക്കുകളെ ഭയക്കുന്നവർ
എപ്പോഴും ശത്രു വീട്ടിലുള്ള വിരോധി തന്നെയാണ്.
എന്തത്ഭുതമാണ് നാം നമ്മുടെ തന്നെ കണ്ണുകളിലെ നോട്ടങ്ങളിൽ ഭയക്കുന്നത്
വീട്ടിൽ ഒറ്റക്കിരിക്കാൻ തന്നെ നമ്മൾ മടിക്കുന്നു
തലമുടി ചീകുന്നതിൽ മാറ്റം വരുത്തി പരിതാപകരമായി നമ്മൾ വയസ്സിനെ പിന്തള്ളാൻ ശ്രമിക്കുന്നു
പിന്നെ സമാപന വേളയിൽ ശ്വാസം മുട്ടുന്ന ഓട്ടക്കാരെ പോലെ
നമ്മുടെ തന്നെ അന്ത്യത്തിലേക്ക് ഇടറിവീഴുന്നു.
നമ്മുടെ പ്രസിദ്ധിയുടെ തുണ്ടുകളെ നമ്മൾ തന്നെ പതിയിരുന്നാക്രമിക്കുന്നു
എന്നിട്ട് നക്ഷത്രങ്ങൾ കൂട്ടമായി കണ്ണഞ്ചിപ്പിക്കുന്ന
മഹത്തായ ഒരു തോണിയിലേക്ക് അന്ധമായി നീങ്ങുന്നു;
പൊളിച്ചിട്ട കമാനവഴികളിൽ ഇളം ചൂടുള്ള കല്ലുകളുടെ മണവും
ഈറ്റയുടെ ശബ്ദവും കേട്ട് ഉണരുന്നു;
ഒരു മങ്ങലിൽ നിന്നും പച്ച പകലിന്റെ ഒരു ഭാഗത്തേക്ക് വീണ്ടും ഉയർത്തപ്പെടുന്നു
എല്ലായിപ്പോഴും….
നമ്മുടെ ശത്രു, നമ്മുടെ വീട്ടിലുള്ള വിരോധി തന്നെയാണ്.
തീർച്ചയായും പറയുന്ന വാക്കുകളിൽ കൂടിയല്ലാതെ
വിഷാദം കലർന്ന എഴുത്തുകളിൽ കൂടിയല്ലാതെ
കണ്ണുനീരിനാൽ കളങ്കപ്പെടാതെ ഒരു ചിന്ത വന്നു
ഈ ലോകത്തിന്റെ രോഗത്തിന് ഒരു ചികിത്സയുമില്ല
ഒരു ശാസ്ത്രക്രിയയുമില്ല
(നനഞ്ഞ ഉപ്പു രസമുള്ള വായുവിൽ ടാറിന്റെ പൊള്ളുന്ന മണം)
അത് എക്കാലവും ജ്വരം വന്ന് എരിയണം
അന്പുകൾ തറച്ച അതിപ്രശംസ,
ഒരു പേര് പ്രണയമെന്നാണെങ്കിൽ മറ്റൊരു പേര് വിപ്ലവമെന്നാണ്
(ആ വേദന , ആ അകൽച്ച, നിമിഷങ്ങളുടെ കഷണങ്ങൾ,
അതേ മഴത്തുള്ളികൾ ഒരു പ്രണയത്തിനുള്ള സന്ദര്‍ഭം ഒരുക്കുന്നു)
നോക്കാൻ പാടില്ലാത്ത സൂര്യനു വേണ്ടിയുള്ള എല്ലാ കവിതയും ഈ
ചന്ദ്രന്റെ വെളിച്ചത്തിനോടുള്ള അഭിനിവേശമാണ്;
എല്ലാ നയതന്ത്രവും ചന്ദ്രന്റെതാണ്;
ഗ്രീക്കുകാരന്റെ വെളിച്ചം താഴെ മുങ്ങിയതിനു ശേഷം വന്ന
റോമിലെ ചന്ദ്രനെ പോലെ;
എപ്പോഴും ശത്രു, വീട്ടിലുള്ള വിരോധി തന്നെയാണ്.
പക്ഷെ ഈ മൂന്നു പേരും സുഹൃത്തുക്കളാണ്,
വാക്കുകളില്ലാതെ കൈകളിൽ കൈ ചേർത്ത്,
നിശ്ചലമായി,
ഒരു മഹത്തായ വൃക്ഷവാടി കാറ്റിലേക്ക് ചെരിയുന്നു
ഭൂതവും ഭാവിയും എല്ലാം…..
(വിവർത്തനം-മർത്ത്യൻ)
Federico García Lorca
5 June 1898 – 19 August 1936
Categories: Malayalam translation
Leave a Reply