ഫ്രഞ്ച് കവിയും എഴുത്തുകാരനുമായ ആന്ദ്രെ ബ്രെട്ടൺ സറിയലിസത്തിന്റെ നിര്‍മ്മാതാവെന്ന് അറിയപ്പെടുന്നു. അദ്ധേഹത്തിന്റെ കൃതികളിൽ 1924ൽ പുറത്തിറങ്ങിയ ആദ്യത്തെ സറിയലിസ്റ്റ് മാനിഫെസ്റ്റോയുമടങ്ങുന്നു. അദ്ധേഹത്തിന്റെ ‘ഒൾവേയ്സ് ഫോർ ദി ഫസ്റ്റ് ടൈം’ (Always For The First Time) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു.
ഒൾവേയ്സ് ഫോർ ദി ഫസ്റ്റ് ടൈം – ആന്ദ്രെ ബ്രെട്ടൺ
—————————————
എപ്പോഴും ആദ്യത്തെ തവണയാണ്
നിന്നെ കണ്ടാൽ തിരിച്ചറിയും എന്ന് തോന്നുന്നില്ല
എന്റെ ജനലിന്റെ ഒരു കോണിൽ നിന്നും മാത്രം കാണുന്ന ആ വീട്ടിലേക്ക്
നീ രാത്രിയുടെ ഏതോ സമയത്ത് തിരിച്ചു വരുന്നു
ഒരു പൂർണ്ണമായും സാങ്കല്പികമായ വീട്
അവിടെയാണ് ഒരു നിമിഷത്തിൽ നിന്ന് മറ്റേ നിമിഷത്തിലേക്ക്
ആ അഭേദ്യമായ ഇരുട്ടിൽ –
ഒരു മോഹിപ്പിക്കുന്ന അകല്‍ച്ച സംഭവിക്കുന്നതായി ഞാൻ പ്രതീക്ഷിച്ചു നിൽക്കുന്നു
ആ ഒരേയൊരു അകൽച്ച
മുഖഭാവത്തിലും എന്റെ ഹൃദയത്തിലും
ഞാൻ എത്ര തന്നെ നിന്റെ അടുത്തേക്ക് വന്നാലും
യാഥാര്‍ത്ഥ്യത്തിൽ ആ അറിയാത്ത മുറിയുടെ
വാതിലിൽ താക്കോൽ വീണ്ടും ഉച്ചത്തിൽ പാടുക മാത്രമാണ്
നീ തനിയെ എന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്പോൾ
ആദ്യം യവനികയുടെ ആ പിടികൊടുക്കാത്ത കോണിൽ
ഒരു തിളക്കത്തിൽ ഒന്നായി അലിഞ്ഞു ചേരുന്നു
പിന്നെ പുല്ലുകളുടെ പരിസരത്ത് ഒരു വഴിയിൽ പുലർച്ചയിൽ ഒരു മുല്ലപൂ പാടം ഞാൻ കാണുന്നു
കൂട്ടത്തിൽ അത് പറിക്കുന്ന ഒരു പെൺകുട്ടിയുടെ ചെരിവും
നഗ്നമായി ഉരിഞ്ഞ ചെടികളുടെ വീണുപോകുന്ന ഇരുണ്ട ചിറകുകളുടെ പിന്നിൽ.
അതിന്റെ മുൻപിൽ കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഒരു ട്ടീ-സ്ക്വെയറിൽ
യവനിക അദൃശ്യമായി പൊങ്ങുന്നു.
പരിഭ്രമിച്ച് പൂക്കളെല്ലാം കൂടിച്ചേരുന്നു
ഉറങ്ങുന്നത് വരെ മങ്ങാത്ത ആ രണ്ടു നീണ്ട മണികൂറുകളുമായി
നീയാണ് പൊരുത്തപ്പെട്ടത്
നീ നീയാണെന്ന വ്യാചേനെ…..
ഞാൻ നിന്നെ ഇനി കാണില്ല എന്നതൊഴിച്ചാൽ എല്ലാം അതുപോലെ തന്നെ
ഞാൻ നിന്നെ നോക്കുന്നത് അറിയില്ലെന്ന് നീയും നടിക്കുന്നു
അത്യത്ഭുതകരമായി എനിക്കും ആ കാര്യം അറിയില്ലന്നതാണ്
നിന്റെ ഉപേക്ഷ കണ്ട് എന്റെ കണ്നുകൾ നിറയുന്നു
നിന്റെ ഓരോ ചേഷ്ടകളിലും വ്യാഖ്യാനങ്ങളുടെ ഒരു തേനീച്ചക്കൂട്ടം തന്നെയുണ്ട്
ഇത് തേൻ തുള്ളികൾക്ക് വേണ്ടിയുള്ള നയാട്ടാണ്
തട്ടിൽ ആട്ടുകസേരകളുണ്ട്, കാട്ടിൽ നിനക്ക് പോറൽ നൽകുന്ന ശിഖരങ്ങളുണ്ട്
റൂ നോത്രെ-ഡാം-ഡി-ലോറേറ്റെയിലെ ഒരു പീടികയുടെ ചില്ലുകൂട്ടിൽ
നീണ്ട കാലുറകളിൽ കുടുങ്ങിയ ഭംഗിയുള്ള രണ്ടു കാലുകൾ
ധാരാളിത്തത്തിന്റെ നടുക്ക് മിന്നിത്തിളങ്ങുന്നു
ഒരു വള്ളിച്ചെടിയുടെ മുകളിൽ ചാരി വച്ച പട്ടു പുതപ്പിച്ച കോണിയും
നിന്റെ സാന്നിദ്ധ്യത്തിന്റെയും അസാന്നിദ്ധ്യത്തിന്റെയും കിഴുക്കാന്തൂക്കിൽ
ചാരി നിൽക്കുന്ന എന്റെ നിരാശാജനകമായ സംയോജനം
അങ്ങിനെ ഞാൻ നിന്നെ പ്രണയിക്കാനുള്ള രഹസ്യം കണ്ടെത്തുന്നു
എല്ലാം എപ്പോഴും ആദ്യത്തെ തവണയാണ്
(വിവർത്തനം-മർത്ത്യൻ)
André Breton
(19 February 1896 – 28 September 1966)
Categories: Malayalam translation
Leave a Reply