മർത്ത്യന്റെ നുറുങ്ങുകൾ Feb 2017

തിരിഞ്ഞു നോക്കാതെ നടക്കാം
തിരിച്ചറിയാത്ത വിധം അകലാം
ഓർമ്മയിൽ ഇടമില്ലാതെ മറക്കാം
എന്താ….?
-മർത്ത്യൻ-

മഷി പരന്നു കിടന്നിടത്ത്
പിച്ച വച്ച് നടന്നെത്തിയതോ……
കഴുത്തിൽ കുരുക്കിടാൻ പാകത്തിലുള്ള അക്ഷരങ്ങളുടെ ഇടയിൽ
അർത്ഥമില്ലാത്തോരു വാക്കിൽ നിന്നും ഒരക്ഷരം അടർത്തെടുത്തു
കഴുത്തിന് പാകപ്പെടുത്തി കഴിയും മുൻപേ റഫറി വിസിലടിച്ചു…. ടൈമൗട്ട് പോലും……
ഇവനെയൊക്കെ ആരാ വാക്കില്ലാ വരിയുടെ അകത്ത് കയറ്റിയത്
ബ്ലഡി ഫൂൾ
-മർത്ത്യൻ-

ഒരെരിവോടെ അനുഭവിച്ച ജീവിതത്തിൽ ചില മധുരിക്കുന്ന നിമിഷങ്ങൾ…. പക്ഷെ…. മർത്ത്യന് എന്നും ദാഹമാണ്… തുള്ളികളിൽ നിന്നും തുള്ളികളന്വേഷിച്ച് നിസ്സഹായമായി നീങ്ങുന്ന ദാഹം.
-മർത്ത്യൻ-

എനിക്ക് പറയാനുള്ളത് കേൾക്കാൻ
മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും ബന്ധങ്ങൾക്കും
ഒന്നും… സമയമില്ലാതായി.
ഇതും തത്സമയ പ്രക്ഷേപണം ചെയ്യുന്പോൾ
ഉണ്ടായിരുന്ന മനസ്സമാധാനവും തീരും.
പിന്നെ ആ ഏകാന്തത മാത്രം
അതിന്റെ പിറകിലായി ഒരു നെടുവീർപ്പ്
അതിനു ശേഷം ഒരു നീണ്ട നിശബ്ദത
പിന്നെ സ്നൂസുകളെ ഭേദിച്ചുയരുന്ന അലാറത്തിന്റെ ശബ്ദം
പുതപ്പ് തലയ്‌ക്ക് മുകളിലേക്ക് വലിച്ച് മൂടുന്പോൾ
പ്രഭാതം എന്നൊന്നിനെ കുറിച്ചോർക്കാതെ –
കഴിഞ്ഞു പോയ രാത്രിയിലേക്ക് അലിഞ്ഞു ചേരാൻ
എവിടെ നിന്നെങ്കിലും എന്നെ കണ്ടെത്തണം
എന്നാൽ പകുതി ശരിയായി
ബാക്കി പകുതി.. അതാർക്ക്‌ വേണം? 🙂
-മർത്ത്യൻ-

ഒരു നാലു വരി കവിതയിൽ;
പറഞ്ഞറിയിക്കാതെ പാഴായ രണ്ടു വാക്കിൽ;
തിരിച്ചറിയാതെ പോയൊരു നോട്ടത്തിൽ…
എവിടെയോ ജീവിതം മുട്ടി നിൽക്കുന്നുണ്ട്.. ഇന്നും,
അതടർത്തിയെടുത്ത് മുന്നോട്ട് പോകാൻ
മിടുക്കല്പം കുറവാണ് താനും
-മർത്ത്യൻ-

സ്വന്തം നാലു വരി കവിതയിൽ തൂങ്ങിമരിച്ച കവിയുടെ കയ്യിൽ നെരൂദയുടെ പ്രേമ കവിതയുടെ രണ്ടു വരികൾ. നിലത്ത് ചിതറി കിടന്ന ഹൈക്കു കഷ്ണങ്ങൾ കൂട്ടി യോജിപ്പിച്ച് മരണത്തിൽ ഒളിഞ്ഞു കിടന്ന അസ്വാഭാവികതയുടെ പൊരുൾ കണ്ടെത്താൻ ശ്രമിക്കുന്ന ഹെർക്കുൾ പോയിറോട്ട്……
-മർത്ത്യൻ-

രാത്രി കണ്ടുറങ്ങിയ സ്വപ്നങ്ങളെല്ലാം രാവിലെ പിണങ്ങിയിറങ്ങിപ്പോയി. അതിനെ തേടിയായിരുന്നു പകൽ മുഴുവനുള്ള ഓട്ടം. സന്ധ്യക്ക്‌ പുറത്ത് മഴ പെയ്യുന്ന ശബ്ദം കേട്ട് ചെറുതായൊന്ന് കണ്ണടഞ്ഞു. പിണക്കം മാറി ഉറക്കത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന സ്വപ്നങ്ങൾ പുറത്ത് തൂക്കിയ “ഇനി ഉണരില്ല” എന്ന ബോർഡ് കണ്ട് തിരിച്ചു പോയി.
-മർത്ത്യൻ-

ഒഴിച്ചു വച്ച മദ്യം ഒഴിഞ്ഞു കിടന്ന മദ്യ കുപ്പിയുമായി അവസാനം പറഞ്ഞ കാര്യം മുഴുമിപ്പിക്കാൻ കഴിയാതെ മദ്യപന്റെ ഉള്ളിലേക്ക് ഒഴുകിപ്പോയി. ആ ഒഴിഞ്ഞ കുപ്പി ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നെങ്കിലും സമയം കിട്ടുന്പോൾ അതിന്റെ ഉള്ളിൽ ഒരു ഭൂതമായി ചെന്ന് കാര്യങ്ങൾ മുഴുവനാക്കണം. അതിനു മുൻപേ ആരും അടപ്പിട്ട് അടച്ചു കളയാതിരുന്നാൽ മതി
-മർത്ത്യൻ-

എന്നും സന്ധ്യ വളർന്നു വന്നിട്ടാണത്രെ രാത്രിയാവുന്നത്. അതു കൊണ്ടാണ് പകലിന്റെ മരണ വാർത്തയിൽ നക്ഷത്രങ്ങൾ കരയാത്തത്. പിന്നെ അവർക്കറിയാം എല്ലാം വീണ്ടും ആവർത്തിക്കുമെന്ന്. നാളെയുണരുന്ന പുതിയ ദിവസത്തിൽ നിന്നും രക്ഷപ്പെടാൻ അവരും ശ്രമിക്കാറില്ല. അല്ലെങ്കിലും സന്ധ്യ ഉടുത്തോരുങ്ങി വരുന്നതും പകൽ പോയി മറയുന്നതും രാത്രിയെ നക്ഷത്രങ്ങൾ പുതപ്പണിയിക്കുന്നതും മേഘങ്ങൾക്കിടയിലൂടെ ചന്ദ്രൻ എത്തി നോക്കുന്നതും ഒക്കെ കാണാൻ ആർക്കുണ്ട് നേരം. ആരെങ്കിലും പോസ്റ്റിട്ടാൽ ലൈക്കി മിടുക്ക് തെളിയിക്കാൻ പോലും പലർക്കും ഇന്ന് മടിയാണ്. അല്ല നാളെയും ആവാലോ എന്നാവും.
-മർത്ത്യൻ

നിന്റെ ജനാല തുറക്കുന്നതും കാത്ത് മഴയും കൊണ്ടിരിക്കാറുണ്ട്;
ഞാൻ കുടയെടുക്കാറില്ല എന്നത് ഇന്ന് നാട്ടിൽ മുഴുവൻ പാട്ടാണ്
-മർത്ത്യൻ-

മഴക്കാറിനോട് കള്ളം പറഞ്ഞ് മഴയെ തടുത്തു നിര്‍ത്തി കുടയെടുക്കാന്‍ മറന്ന നിന്നെ,
നനയാതെ വീട്ടിലെത്തിച്ചിരുന്ന ആ പഴയ കാമുകന്‍ ഇന്നും എന്റെ ഉള്ളിലെവിടെയോ ഉണ്ട്.
ഞാനറിയാതെ പുറത്ത് ചാടില്ലെന്ന് പ്രതീക്ഷിക്കാം 🙂
-മര്‍ത്ത്യന്‍-

പെന്‍സിലില്‍ നിന്നും പേനയിലേക്ക്‌ പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത്
റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത് നിന്നിരുന്ന നിമിഷങ്ങളായിരുന്നു…
-മര്‍ത്ത്യന്‍-

സംശയം വേണ്ട
നിങ്ങൾ നിൽക്കേണ്ടത് പേനയുടെ ഭാഗത്താണ്
നിങ്ങളുടെ വിശ്വാസം എന്തെന്നത്‌ പ്രസക്തമല്ല
എന്നും പേനയുടെ ഭാഗത്ത് നിൽക്കണം
കാരണം കത്തിയും കോടാലിയും
ഒരിക്കലും ശരിയായ അക്ഷരങ്ങൾ
എഴുതിയിട്ടില്ല…. എഴുത്തുകയുമില്ല
-മർത്ത്യൻ-

കണ്ണെത്താത്ത ദൂരത്തേക്ക് സ്വപ്നങ്ങൾ എറിഞ്ഞു നോക്കിയിട്ടുണ്ട്
പലതും പൊട്ടി ചിതറിപ്പോയിട്ടുണ്ട്
എത്രയോ എണ്ണം ഉന്നം തെറ്റി തിരിച്ചു വന്ന് മുറിവേൽപ്പിച്ചിട്ടുണ്ട്
ചിലത് പോയ വഴി കണ്ടിട്ടില്ല…
എങ്കിലും എല്ലാ മറന്ന് സ്വപ്നങ്ങൾ കാണണം…
സ്വപ്നങ്ങൾക്ക് മരണം പാടില്ല….
ജീവിതമിട്ടു വെയ്ക്കുന്ന കുപ്പികളിൽ അതിനെ
കുത്തി നിറയ്ക്കാനും ശ്രമിക്കരുത്….
കണ്ണെത്താത്ത ദൂരത്തേക്ക് എറിഞ്ഞു കൊണ്ടേയിരിക്കണം….
-മർത്ത്യൻ-



Categories: നുറുങ്ങുകള്‍

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.