ഇന്ന് രാവിലെ ബ്ലോഗിങ് കാലത്തെ ചില ഓർമ്മകളുമായാണ് എഴുന്നേൽക്കുന്നത്…. വളരെയേറെ സന്തോഷം നൽകിയിരുന്ന കാലമായിരുന്നു… ഇന്ന് മുൻപത്തെ പോലെ എഴുതാൻ കഴിയുന്നില്ല… വീഡിയോയുടെ മുന്നിൽ എന്റെ മുഖം തന്നെ കണ്ട് മടുപ്പ് തോന്നുന്നു… അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ…. നിരന്തരം വീഡിയോ ഇട്ടിട്ട് മറ്റുള്ളവർക്കും എന്റെ ഛായ തോന്നി തുടങ്ങിയോ എന്നൊരു പേടി….
ഏതായാലുംഏതാനും ദിവസങ്ങളായി ഉള്ളൊരു ചിന്തയാണ്… കൂടുതൽ സമയം എഴുതാൻ ചിലവഴിക്കണം എന്ന്… അക്ഷരത്തെറ്റുകൾ അടങ്ങിയ ചില അന്വേഷണങ്ങൾ എന്ന് പറയാനാണിഷ്ടം… കാരണം ആകെ നാലഞ്ച് വർഷം മാത്രം കൃത്യമായി മലയാളം പഠിച്ചതിന്റെ ബുദ്ധിമുട്ട് ഇന്നും ഉണ്ട്….
ദിവസവും എന്തെങ്കിലും കുറിക്കാം എന്നോർത്തു… ഒരു മർത്ത്യലൊകം ഡെയിലി ജേർണൽ…. നോക്കട്ടെ എത്ര ദൂരം പോകുമെന്ന്… ഫേസ്ബുക്കിലും പൊടിതട്ടിയെടുത്ത എന്റെ മലയാളം ബ്ലോഗായ https://marthyan.com/ ലും ഉണ്ടാവും… മർത്ത്യൻ എന്നത് ബ്ലോഗ് കാലത്തെ അപരനാമമായിരുന്നു…. അപ്പോൾ മർത്ത്യലൊകം എന്നൊരു ജേർണൽ എങ്ങിനെ വന്നു എന്ന ചോദ്യം പ്രസക്തമല്ലല്ലോ….
ചില തീരുമാനങ്ങളിൽ കൂടി ജീവിതം നീങ്ങുകയാണ്…. അല്ല അങ്ങിനെയാണ് എല്ലാവരുടെയും ജീവിതം… ഏറ്റവും സന്തോഷം നൽകുന്നതെന്താണ് എന്ന ചോദ്യം വളരെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്… ഇഷ്ടപ്പെടുന്ന ധാരാളം കാര്യങ്ങൾ ഉണ്ടാവുന്പോൾ സ്വാഭാവികമായി തോന്നുന്നതാവാം….. എങ്കിലും അത് മനസ്സിലാക്കിയില്ലെങ്കിൽ മുന്നോട്ടുള്ള വഴി വളരെ കെട്ടിപ്പിണഞ്ഞ് കിടക്കും… അതൊക്കെ ഊരിയെടുത്ത് നീങ്ങാൻ സമയവും വേണം….
ഡെയിലി ജേർണലുകൾ കുഴഞ്ഞു കിടക്കുന്ന ചിന്തകളുടെ കെട്ടഴിച്ച് നമുക്ക് വേണ്ടത് കാണിച്ച് തരാൻ സഹായിക്കും എന്നെവിടെയോ വായിച്ചിട്ടുണ്ട്…. വായന….. വായനയും അല്പാല്പമായി വീഡിയോ വിഴുങ്ങുന്നു എന്നൊരു തോന്നൽ… തോന്നാലായിരിക്കും… എഴുതുന്പോൾ കൂടുതൽ വായിക്കാൻ തോന്നുമെന്ന് കരുതുന്നു…
ഇന്ന് ആഗസ്റ്റ് 27… ഏറ്റവും സന്തോഷം തരുന്ന കാര്യം എന്താണെന്ന ചോദ്യം അതിന്റെ പല പരിവേഷങ്ങളിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട് നിൽക്കുന്നു….. ഉത്തരങ്ങളില്ല….. സമയം പരിമിതമാണ്…. ലോകം വിശാലമാണ്….. മനസ്സും അങ്ങിനെ ആക്കാൻ ശ്രമിക്കുന്നു… ഈ പുതിയ യാത്രയിൽ കൂടെ വരുന്നവർക്ക് സ്വാഗതം……
സ്നേഹം!!!!
മർത്ത്യൻ (പഹയൻ)
Categories: മർത്ത്യലൊകം
Leave a Reply