ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..?

പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും..

ഇങ്ങനെ…

ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ അബദ്ധത്തിന് ചില മലയാള വാര്‍ത്താ ചാനലുകള്‍ കണ്ടു പോയി… അതിന്റെ ഒരു തികട്ടല് ഇന്നും മാറാതെ കൂടെയുണ്ടായി… അതൊന്ന് മാറ്റാതെ രക്ഷയില്ല… വരുന്ന ആഴ്ച്ചതന്നെ മൊത്തം കുളമാവും….

രാവിലെ എഴുന്നേറ്റിട്ട് അതിന്റെ വകുപ്പ് തിരയാന്‍ തുടങ്ങി …. ഉച്ചക്ക് അല്പം ചിക്കന്‍ ഡീഫ്രോസ്റ്റു ചെയ്യാന്‍ വച്ചിട്ട് ഇന്ത്യന്‍ കടയില്‍ പോയി കയ്പ്പക്കയും പച്ച കായയും വാങ്ങി…

വീട്ടിലെത്തി കായയും കയപ്പക്കയും വച്ചൊരു മെഴുക്കുപുരട്ടിയുടെ പണി തുടങ്ങി… കൂടെ വറുത്തരച്ച കോഴിക്കറിയുടെ പണിയും തുടങ്ങി.. ലേശം കൊത്തു തേങ്ങയൊക്കെ ഇട്ട്….

അപ്പോഴാണ് സ്ഥിരം കേള്‍ക്കാറുള്ള ദില്ലിദാലി പോഡ്കാസ്റ്റില്‍ ചിലതൊക്കെ കേള്‍ക്കാന്‍ ബാക്കിയുണ്ട് എന്ന് ഓര്‍മ്മ വന്നത്… അതും കേട്ടായി പിന്നെ പാചകം…

ആദ്യം ഭീംസേന്‍ ജോഷിയെ കുറിച്ചുള്ളൊരു എപ്പിസോഡ് കേട്ടു… കൂടെ അദ്ദേഹത്തിന്റെ ആലാപനവും… അതിനു ശേഷം ഗാന്ധിയെ കുറിച്ചും ഒരു എപിസോഡ്… പിന്നെ തകഴിയുടെ കന്യാസ്ത്രീ എന്ന കഥയുടെ വായനാനുഭവവും… ആ… ഹാ…. നന്ദി ഗോപാല്‍ ജി 🙏

അപ്പോഴേക്കും ചിക്കന്‍ കറിയും മെഴുക്കുപുരട്ടിയും റെഡി…. ആരും അറിയാതെ… ഞാന്‍ പോലുമറിയാതെ സൈഡിലൂടി ചോറും റെഡി…

പിന്നെ ചോറും അല്പം മോരും വറുത്തരച്ച ചിക്കന്‍ കറിയും ലേശം അധികം തന്നെ മെഴുക്കുപുരട്ടിയും കൂട്ടി ഒന്ന് മിന്നിച്ചു… അല്ല രണ്ട് മിന്നിച്ചു… അപ്പോള്‍ പഴയ മലയാളം പാട്ടു കേള്‍ക്കണം എന്നൊരു പൂതി… 🎶

നസീറും ഷീലയും ജയഭാരതിയും ജോസ്പ്രകാശും ഉമ്മറും ഒക്കെ അഭിനയിച്ച പല ഗാനങ്ങള്‍…. വയലാറും ബാബുക്കയും ദേവരാജന്‍ മാസ്റ്ററും ദാസേട്ടനും ജാനകിയമ്മയും ഒക്കെയായി അങ്ങനെ കുറച്ച് സമയം…

കൂടെ നുകരാന്‍ ജേംസണും 🥃

പിന്നെ വായിച്ചു കൊണ്ടിരിക്കുന്ന ആഞ്ചലാ മേര്‍ക്കലിനെ ‘ദി ചാന്‍സലര്‍’ എന്ന പുസ്തകം വായിക്കാന്‍ തുടങ്ങി….

അപ്പോഴാണ് ഇങ്ങനൊരു പോസ്റ്റു ചെയ്യണം എന്ന് തോന്നിയത്….. 😁😜

ശനിയാഴ്ച്ച പോയ പോക്കെ… 🥰



Categories: പ്രതികരണം

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.