ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ 

ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ  പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്…
വർഷം 1997… അന്ന് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ഇന്നത്തെ NITC) പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കോഴിക്കോട് ചാപ്റ്ററിന്റെ സ്ക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മനോരമ പത്രത്തിൽ വന്നൊരു വാർത്ത…
കൂടെയുള്ളത് അന്ന് കോഴിക്കോട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടി.സി ജോസ്… ജോസ് ഇപ്പോൾ റിട്ടയർ ആയിട്ടുണ്ടാവും… 1972 ബാച്ച് ആയിരുന്നെന്ന് തോന്നുന്നു… ഞാൻ 1993ഉം…
ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്…. ആദ്യമായി പത്രത്തിൽ നമ്മുടെ ചിത്രം വന്നാലുള്ള ഒരു രസം…. അല്ല ആദ്യമായി വ്യക്തതയുള്ള ഒരു ചിത്രം വന്നാൽ… മുൻപ് ഏതോ സമരത്തിൽ ജാഥയിൽ പങ്കെടുത്ത ചിത്രം വന്നിട്ടുണ്ട്… എന്റെയല്ല ജാഥയുടെ… അതിൽ എനിക്ക് മാത്രം ബുദ്ധിമുട്ടി ഊഹിച്ചെടുക്കാൻ പാകത്തിൽ എന്റെ ലൊക്കേഷൻ ഉണ്ടായിരുന്നു.. പക്ഷെ മുൻപിൽ കുറെ പേരുണ്ടായിരുന്നതിനാൽ ക്യാമറക്ക് എന്റെ മോന്ത ഒപ്പിയെടുക്കാൻ കഴിഞ്ഞില്ല..
ഇന്ന് ഈ ചിത്രം വളരെ പിന്നിലേക്ക് മനസ്സിനെ കൊണ്ടു പോയി… അതിന് ഷഫീക്കിന് പ്രത്യേക നന്ദി…. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും ചാനൽ ചർച്ചകളും ഒന്നും ഇല്ലാത്ത ഒരു സമയത്തേക്ക്… തിരിച്ച് വന്നപ്പോൾ മനസ്സിൽ നിറയെ ഓരോ ചിന്തകൾ…
അന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പക്ഷെ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്കുള്ള യാത്രകളായിരുന്നില്ല ഓരോ ആശയ വിനിമയങ്ങളും… ഇപ്പോൾ എവിടെയോ തിരക്കിൽ നിഷ്ക്കളങ്കമായ നിമിഷങ്ങൾ നഷ്ട്ടപ്പെട്ടിട്ടവരാണ് നമ്മൾ എന്ന് തോന്നാറുണ്ട്… വെറുതെ തോന്നുന്നതാവാം…നമ്മൾ ചിലപ്പോൾ പഴയ കാര്യങ്ങൾക്ക് ഒരു അനാവശ്യമായ പ്രാധാന്യം കൊടുക്കാറുണ്ട്… അങ്ങിനെയുമാവാം…
അല്ല സമൂഹവും ഇപ്പോൾ നിഷ്കളങ്കതയിൽ മുക്കിയല്ലല്ലോ പൊറോട്ട കഴിക്കുന്നത്…. നല്ല എരിവുള്ള എന്തെങ്കിലും വേണം… സ്‌പൈസ് അതാണ് എവിടെയും ആർക്കും വേണ്ടത്… സ്‌പൈസ് അതാണ് ഇന്നത്തെ സാമൂഹ്യ മാധ്യമത്തിന്റെയും അല്ലാത്ത മാധ്യമങ്ങളുടെയും ഇന്ധനം… എല്ലാം എന്നല്ല… കുറെ എണ്ണം… കുറ്റപ്പെടുത്തിയതല്ല കാലത്തിനനുസരിച്ച് മാറുന്നതിനെ കുറിച്ച് പറഞ്ഞെന്നെ ഉള്ളു…
പണ്ട് നിർദോഷങ്ങളായ തമാശകളിൽ നിന്നും ഉച്ചത്തിൽ ഉയരുന്ന പൊട്ടിച്ചിരികൾ ട്രോളുകളിൽ അടങ്ങിയിരിക്കുന്ന one sided പരിഹാസ്യതക്ക് വഴി മാറി കൊടുത്തിട്ടുണ്ട് എന്ന് ചിലർക്ക് തോന്നിയേക്കാം… അത് പൂർണ്ണമായും ശരിയല്ല…
പണ്ടും പല തമാശകളും നിർദോഷങ്ങളായിരുന്നില്ല… പക്ഷെ അന്ന് ചിലരിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയായിരുന്നെന്ന് മാത്രം.. ആരെയെങ്കിലും പറ്റി പരിഹസിച്ചാൽ ആ ആളറിയാനുള്ള സാദ്ധ്യതകൾ കുറവായിരുന്നു…
തമാശകളിൽ ആരാണ് പരിഹാസ്യമായിരുന്നത് അയാൾക്ക് അതിൽ പങ്കെടുക്കാൻ പലപ്പോഴും ടിക്കറ്റ് കിട്ടാറില്ല… പക്ഷെ ഇന്ന് ആരെ പറ്റി പറഞ്ഞ് പരിഹസിക്കുന്നുവോ അയാൾ അറിയാൻ വേണ്ടിയാണ് പറയുന്നത് എന്നതാണ് സത്യം.. അതാണ് നമ്മുടെ ഇന്നത്തെ കണക്ടഡ് ലോകത്തിന്റെ DNA…
അത് കൊണ്ട് തന്നെ ഈ കണക്ടഡ് ലോകത്ത് നമ്മൾക്ക് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെയും യഥാർത്ഥ ശത്രുക്കളെയും ഒക്കെ ബുദ്ധിമുട്ടി തിരഞ്ഞ് കണ്ടു പിടിക്കുക തന്നെ വേണം… സുഹൃത്തുക്കളും ശത്രുക്കളും ഒക്കെ മുഖം മുടികൾ ധരിക്കാൻ മിടുക്കരാണ് എന്നതാണ് രസം…
നമ്മൾ മുഖം മൂടി ഇല്ലാതെ പച്ചയായി മുന്നോട്ട് നീങ്ങിയാൽ താനേ മറ്റുള്ളവരുടെ മുഖം മൂടികൾ അഴിഞ്ഞ് വീഴും… സത്യങ്ങൾ കാണുന്ന മുഖങ്ങളിൽ മുഖംമൂടികൾ ശരിക്ക് ഇരിക്കില്ല…. എനിക്കും ഉണ്ടായിരുന്നു പല നിറത്തിലും രൂപത്തിലുമുള്ള മുഖം മൂടികൾ…. ജീവിതത്തിന്റെ ഞാൻ മാത്രം നടന്ന് നീങ്ങിയ പല വഴികളിലും ഓരോന്നായി കത്തിച്ച് കളഞ്ഞതാണ്….
ആ വഴികളിൽ കൂടി തിരിച്ച് നടന്നാൽ ഇന്ന് ചിലപ്പോൾ എനിക്ക് തന്നെ എന്നെ തിരിച്ചറിഞ്ഞെന്ന് വരില്ല…. ജീവിതം അനുഭവങ്ങളാണ്….. ശരികളും തെറ്റുകളുമല്ല വെറും അനുഭവങ്ങൾ… ഇന്ന് അങ്ങനെ പല അനുഭവങ്ങളിൽ കൂടി മനസ്സ് ഏറേ നേരം സഞ്ചരിച്ചു…. എത്ര കഥകൾ എത്രയെത്ര കഥാപാത്രങ്ങൾ എത്രയോ മുഖങ്ങൾ….
സ്നേഹം!
മർത്ത്യൻ


Categories: Memories

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.