വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്…

വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല കാര്യങ്ങൾ ഇതിലുമുണ്ട്.. അത് എന്റെ ഒരു വായനാശീലം വച്ച് സ്റ്റിക്കി നോട്ട് വച്ച് മാർക്ക് ചെയ്തു… ഇനി വായിക്കാൻ താല്പര്യവുമില്ല…

പക്ഷെ ആളുകൾ വായിക്കുന്നത് കൊണ്ടോ… ഒന്നിൽ കൂടുതൽ പ്രാവശ്യം വായിക്കുന്നത് കൊണ്ടോ… മനഃപാഠമാക്കുന്നത് കൊണ്ടോ എനിക്ക് യാതൊരു വിരോധവുമില്ല… ഒരു സ്വതന്ത്രമായ ലോകത്ത്… ഒരു ജനാധിപത്യത്തിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ട്….. ഉണ്ടാവണം…

അതെ സ്വാതന്ത്ര്യത്തിന്റെ പേരിലാണ്… വായിച്ചെന്നും… എനിക്ക് വലിയ സംഭവമാണെന്ന് തോന്നിയില്ല എന്നും.. ലോകത്തിലെ മുഴുവൻ സത്യവും അതിൽ അടങ്ങിയിരിക്കുന്നു എന്നൊക്കെയുള്ള വാദങ്ങൾക്ക് ഉത്തരം പറഞ്ഞ് സമയം കളയാൻ താല്പര്യമില്ല എന്നും തുറന്ന് പറഞ്ഞ് ഒരു പോസ്റ്റിടുന്നത്… ഈ മർത്ത്യലോകത്തിലെങ്കിലും അത് പറയേണ്ടതല്ലേ…? ബൈബിളിന്റെയും ഗീതയുടെയും ഒക്കെ കാര്യം ഇത് തന്നെ…. പക്ഷെ ഖുർആൻ എടുത്ത് പറഞ്ഞത് അത് വായിക്കാൻ മാത്രമാണ് കമന്റുകളും മെസ്സേജും വരാറുള്ളത് എന്നത് കൊണ്ട് തന്നെ….

ഈ പോസ്റ്റിടുന്നത് കൊണ്ട് ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു… ഈ പോസ്റ്റിനോട് അല്ലെങ്കിൽ ഇങ്ങിനെ തുറന്ന് പറയുന്നതിനോട് എതിർപ്പുണ്ടാവുന്ന ചിലരുണ്ടാവാം… പക്ഷെ ഇങ്ങനെ ഒരു പോസ്റ്റിടന്നതിൽ എനിക്കുള്ള സ്വാതന്ത്ര്യത്തിനെ പൂർണ്ണമായി അംഗീകരിക്കുന്ന മുസ്ലിമുകൾ ഉള്ള ഒരുനാടാണ് ഇന്ത്യയും അതിലെ എന്റെ കേരളവും…. ഇത് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു….

അതങ്ങനെയല്ല എന്നും…  നിങ്ങൾ ഖുർആനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ നിങ്ങളെ കൊത്തി മുറിവേൽപ്പിക്കാൻ ഒരു മൊത്തം സമൂഹം മുഴുവൻ മുന്നോട്ട് വരുമെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞ് പരത്തുന്ന ഒരു കൂട്ടവും എന്റെ ഇന്ത്യയിലും എന്റെ കേരളത്തിലും ഉണ്ടെന്നതാണ് വേദനിപ്പിക്കുന്ന സത്യം….

ഒരു മതേതര ഇന്ത്യ വേണമെങ്കിൽ… മതത്തിനോടും മത ഗ്രന്ഥങ്ങളോടുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയാൻ സ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിൽ ഇല്ലെന്ന് കരുതുന്ന ന്യൂനപക്ഷങ്ങളെയും ഒരു സമുദായം മുഴുവൻ അസഹിഷ്ണുതയുടെ വക്താക്കളാണെന്ന് പറഞ്ഞു പരത്തുന്ന നവീന രാഷ്ട്രരാഷ്ട്രീയ സേനകളെയും സമൂഹത്തിൽ വേരുറപ്പിക്കുന്നതിൽ നിന്നും തടയണം…. ഇവിടെ ഇടതെന്നോ വലതെന്നോ ഇല്ല…. ഇവിടെ മാനവികതയെ ഉള്ളു…. മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ നിൽക്കുന്ന മാനവികത…

മത ഭ്രാന്തന്മാർക്ക് മുന്നിൽ മതഭ്രാന്തിനെതിരെ സംസാരിക്കാൻ ഒത്ത് ചേരുന്നത് പോലെ ഒരു സമുദായത്തിനെ ഒന്നടക്കം ആക്ഷേപിക്കുന്ന വേറിയന്മാരുടെ മുന്നിൽ ആ മതത്തിന്റെ കൂടെ നിന്ന് സംസാരിക്കാനും എന്റെ സ്വതന്ത്ര ചിന്ത എനിക്ക് അനുവാദം നൽകുന്നു… അതിന് വേറൊരു സ്വതന്ത്ര ചിന്തകന്റെയോ ഗ്രൂപ്പിന്റേയോ സെർട്ടിഫിക്കറ്റും മ്മക്ക് വേണ്ട എന്നതാണ് അതിന്റെ ഒരു ബ്യൂട്ടി….

ഇത്രയും പറഞ്ഞില്ലെങ്കിൽ പിന്നെ നമ്മളൊക്കെ വാക്കുണ്ട് വഴിയുണ്ട് സ്വതന്ത്ര ലോകം വേണം മർത്ത്യലൊകം എന്നൊക്കെ പറഞ്ഞ് നടക്കുന്നതെന്തിന്….

സ്നേഹം!
മർത്ത്യൻ (പഹയൻ)



Categories: മർത്ത്യലൊകം

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.