അഹിംസ | ഗാന്ധി ജയന്തി പ്രമാണിച്ച് ഒരു കുഞ്ഞി കഥ | മർത്ത്യലൊകം #25

“എന്താ പേര്..?” അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു…

“ഗാന്ധി…”
അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… പേര് പറയുന്പോൾ ഉണ്ടായ വിതുന്പൽ കേട്ടിട്ടോ അതോ പേര് കേട്ടിട്ടോ എന്താണെന്നറിയില്ല അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി… ഇതൊക്കെ വിധിയാണ് എന്ന് ഉറക്കെ വിളിച്ച് പറയാൻ തയ്യാറായി നിൽക്കുന്ന ആ മുഖത്തേക്ക് തന്നെ അയാൾ കുറച്ച് നേരം നോക്കി നിന്നു.. എന്നിട്ട് വീണ്ടും ഒരു മൂളലോടുകൂടി ചോദിച്ചു..

“ങ്ങും..? ന്ത്…?”
ഇപ്പോൾ അവൻ ഉത്തരം പറഞ്ഞില്ല… അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…

“ആരാടാ നിനക്ക് ഗാന്ധി എന്ന് പേരിട്ടത്…?”
അവൻ ഒന്നും മിണ്ടിയില്ല….
അയാൾ വീണ്ടും മുരണ്ടു…
“എന്ത് ഒലക്കമ്മത്തെ ഗാന്ധിയാടാ..? മുഴുവൻ പേരില്ലേ കോപ്പേ…”
അവൻ മിണ്ടിയില്ല…

അയാൾ ചാടി എഴുന്നേറ്റ് അവന്റെ മുഖത്ത് നോക്കി ഒരു വീക്ക് വച്ച് കൊടുത്തു… അവൻ ഒരു തിരി തിരിഞ്ഞ് അവിടെ നിലത്ത് ഇരുന്നു പോയി….. അടുത്തത് അയാളുടെ ബൂട്ടായിരുന്നു മേൽ വീണത്…. അവനതും പരാതിയില്ലാതെ വാങ്ങി മുറിയുടെ ഒരു ഭാഗത്തേക്ക് ഒതുങ്ങി…

“എഴുന്നേൽക്കടാ റാസ്കൽ.. ആളെ പറ്റിക്കുന്നോ…?”
അവൻ എഴുന്നേറ്റ് നിന്നു…. അയാളുടെ പിന്നിൽ തൂങ്ങി കിടന്ന ഗാന്ധിയുടെ ചിത്രം അവൻ അല്പം ഭയത്തോടെ നോക്കി…

“നീ ഗുജറാത്തിയാണോടാ പന്നി…”
“അല്ല ബംഗാളിയാണ് സാറെ..” ഉത്തരം അടുത്ത് നിന്ന കോൺസ്റ്റബിളിൽ നിന്നായിരുന്നു…
അയാൾ കോൺസ്റ്റബിളിനെ രൂക്ഷമായി നോക്കി എന്നിട്ട് പിറുപിറുത്തു…
“രവീന്ദ്രൻ എന്നും ടാഗോർ എന്നുമുള്ള പേരുകൾക്കെന്താ ഗമ പോരെ…?”

അയാൾ വീണ്ടും കസേരയിൽ ഇരിപ്പുറപ്പിച്ചു… പിന്നെ എന്തൊക്കെയോ പുസ്തകത്തിൽ കുത്തിക്കുറിച്ചു… എന്നിട്ട് വീണ്ടും അവനെ നോക്കി..
“എടാ ഗാന്ധി… നിന്റെ അപ്പന്റെ പേര് നാഥുറാം ഗോഡ്‌സെ എന്നാണോ കാലമാടാ…?”
“നഹി…. ടാഗോർ… എന്നവൻ പറഞ്ഞു..”
അയാൾ ചാടിയെണീറ്റ് അവന്റെ നേരെ കുതിച്ചു…”പന്ന…പ്പു…മോനെ… നിനക്ക് കിട്ടിയത് പോരാ അല്ലെ…?” അയാൾ അവന്റെ മേൽ ചാടി വീണു…

“മരിയാതക്ക് ശരിക്കുള്ള പേര് പറയടാ…. നിനക്കൊക്കെ കളിക്കാനാണോടാ ഈ കാക്കി…. ബ്ലഡി റാസ്കൽ….” അയാളുടെ കൂടെ ചേരാൻ പേരറിയാത്ത മുറിക്ക് അലങ്കാരമായി നിർത്തിയിരുന്ന രണ്ടു കോൺസ്റ്റബിൾമാരും ചേർന്നു… അവൻ ഉറക്കെ കരഞ്ഞു… അവർ നിർത്തിയില്ല…

“പറയടാ… പേര് പറയടാ…. പേര് പറയടാ… ഗാന്ധീടെ മോനെ… പേര് പറയടാ ടാഗോറിന്റെ മോനെ…. പേര് പറയടാ.. പേര് പറയടാ…. ” അവർ തലങ്ങും വിലങ്ങും തല്ലി ചതച്ചപ്പോൾ അവന്റെ കരച്ചിലിനിടയിൽ കൂടി ശ്രദ്ധിച്ചാൽ കേൾക്കാമായിരുന്നു അവർക്ക് അവന്റെ പേര്…

“അഹിംസ…. അഹിംസ… അഹിംസ ഗാന്ധി…. അഹിംസ… അഹിംസ… അഹിംസ ഗാന്ധി”

ബൂട്ടിനും ലാത്തിക്കും തെറിക്കും ഇടയിൽ കേൾക്കാൻ മാത്രം അത്ര വീര്യമുള്ള പ്രതാപമുള്ള ഞെട്ടിക്കുന്ന പേരൊന്നുമല്ലല്ലോ അഹിംസ…. എല്ലാത്തിനും എപ്പോഴും വിലയില്ല…. നോട്ടിന്റെ മോളിൽ കാണുന്ന അപ്പൂപ്പനായി മാത്രം കഴിയേണ്ടി വരുന്ന ഗാന്ധിയും ആരുമറിയാത്ത അഹിംസയും….

അവൻ മുൻപും അഹിംസ ഗാന്ധി എന്ന പേര് പറഞ്ഞിരുന്നെങ്കിൽ വിധി മറ്റൊന്നാവില്ല എന്നവനറിയാമായിരിക്കണം…. അഹിംസ….

-മർത്ത്യൻ-



Categories: കഥ, മർത്ത്യലൊകം

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: