രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം ചെയ്യുന്നത് ഫോണിലുള്ള അലാറം ഓഫാക്കലാണ്… പിന്നെ മെല്ലെ എഴുന്നേറ്റ് കണ്ണടയിട്ട് ഫോണെടുത്ത് സോഷ്യൽ മീഡിയ നോക്കിയിട്ടാണ് ദിവസം തുടങ്ങുക… അതെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… കാരണം ഞാൻ തന്നെയാണ്…. ഒരു സോഷ്യൽ മീഡിയ അഡിക്ഷൻ…
ഈയടുത്ത് മറ്റൊരു പ്രശ്നവും കണ്ടു തുടങ്ങി… നിരന്തരം മ്മളെ എതിർക്കുന്ന ആളുകളുടെ കമന്റുകൾക്ക് റിപ്ലൈ കൊടുത്ത് കൊടുത്ത് സപ്പോർട്ട് ചെയ്യുന്നവരുടെ കമന്റ് വായിച്ചാലും എതിർത്തതാണോ എന്നൊരു തോന്നൽ…
സംഭവം അല്പം സീരിയസ് ആണ് എന്ന് സ്വയം തീരുമാനിച്ചു…
ഇന്നലെ ഇത് പോലുള്ള രണ്ട് സംഭവങ്ങൾ ഉണ്ടായി…. അങ്ങനെ സംഭവിച്ചതിൽ ഖേദവും തോന്നി…. എന്തൊരു ഊളയാണ് ഞാൻ എന്ന തോന്നൽ… ഒരു പ്രതിവിധി വേണം… അതുടനെ വേണം താനും… ഇന്ന് തന്നെ….
വിമർശന കമന്റുകൾക്ക് റിപ്ലൈ ചെയ്യുന്നത് നിർത്തുക എന്നതാകാം ആദ്യ പടി… നല്ല കമന്റുകൾക്ക് നന്ദി പറയുക…. മോശം കമന്റുകൾ പാടെ ഒഴിവാക്കുക…
പക്ഷെ ബുദ്ധിമുട്ടാണ്… നല്ല കമന്റുകൾ വായിക്കുന്പോൾ ഒരു സുഖം തോന്നുമെങ്കിലും വിമർശന കമന്റുകൾ വായിക്കുന്പോൾ റിപ്ലൈ ചെയ്യാനുള്ള വെന്പൽ ഒരു അഡിക്ഷൻ പോലെയാണ്…. ഒരു കമന്റ് റിപ്ലൈ അഡിക്ഷൻ എന്നും പറയാം…
പിന്നെ അത് ഒരു ചെയിൻ റിയാക്ഷൻ പോലെ അങ്ങനെ പോവും…. ചിലപ്പോൾ ഒരേ റിപ്ലൈ പലർക്കും കൊടുക്കേണ്ടി വരും… ഇതിനൊക്കെ പണ്ടാരടങ്ങാൻ സമയം ചിലവാക്കുന്നതെന്തിന് എന്നും തോന്നും.. മാത്രമല്ല ഈ വിമർശന കമന്റ് വരുന്നവർക്ക് അവരുടെ സുഖം നമ്മുടെ ചിലവിൽ ഉണ്ടാക്കി കൊണ്ടുക്കേണ്ടല്ലോ….
ഇതല്ലേ ഞാൻ പണ്ടും പറഞ്ഞത് എന്ന് ഇത് വായിക്കുന്പോൾ ചിലരെങ്കിലും പറയും…. കാരണം ഈ ഉപദേശം പലരും പല സമയത്തായി തന്നിട്ടുണ്ട്.. “ഈ ഊളകൾക്കൊക്കെ എന്തിനാ പഹയാ റിപ്ലൈ കൊടുക്കുന്നത്” എന്ന്… പക്ഷെ മ്മക്ക് ബോധ്യമായാലല്ലേ മ്മളെന്തെങ്കിലും ചെയ്യൂ… നിർത്തിയാൽ കുറച്ച് ദിവസങ്ങളിലേക്ക് ഒരു withdrawal ഉണ്ടാവും… പക്ഷെ ആവശ്യമാണ്….
യഥാർത്ഥത്തിൽ വിമർശന കമന്റുകൾക്ക് റിപ്ലൈ ചെയ്യുന്പോൾ നമ്മൾ അവരുടെ അജണ്ടയുടെ ഭാഗമാവുകയാണ്… അവിടെ നമ്മളല്ല കൺട്രോളിൽ എന്ന് തന്നെ….
അപ്പോൾ തീരുമാനമായി…. ആദ്യത്തെ ചില ദിവസങ്ങളിൽ വിഷമം ഉണ്ടാവുമെങ്കിലും ഇന്ന് മുതൽ എതിരഭിപ്രായങ്ങൾക്ക് റിപ്ലൈ ഇല്ല… നോക്കട്ടെ… മ്മടെ പ്രശ്നങ്ങൾ മ്മള് മനസ്സിലാക്കിയില്ലെങ്കിൽ ആർക്ക് മനസ്സിലാവും….
അവിടെ നിർത്താൻ ഉദ്ദേശമില്ല…. ഇപ്പോൾ ഇവിടെ സമയം രാവിലെ 7:15 AM… ആറുമണിക്ക് എഴുന്നേറ്റിട്ട് ഇത് വരെ സോഷ്യൽ മീഡിയ തുറന്നിട്ടില്ല…. ഈ ബ്ലോഗ് ടൈപ്പ് ചെയ്യാനാണ് ആദ്യമായി ലാപ്ടോപ്പ് തുറക്കുന്നത്… ഇനി ഇത് ഫേസ്ബുക്കിൽ പോസ്റ്റാൻ ചെല്ലുന്പോഴായിരിക്കും ആദ്യം സോഷ്യൽ മീഡിയ തുറക്കുന്നത്…. ഇതൊന്ന് പരീക്ഷിക്കാം….
കാപ്പികുടിയും എക്സെർസൈസും മറ്റു കർമ്മങ്ങളും എന്തിന് റെയ്നയെ (നായക്കുട്ടി) പുറത്ത് വിട്ടപ്പോൾ മുൻപൊന്നും ഇല്ലാത്ത പോലെ പുറത്തിറങ്ങി അഞ്ച് മിനുട്ട് മലകളും സൂര്യോദയവും നോക്കി നിന്നു…. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല… ഈ പടങ്ങൾ ഈ ബ്ലോഗെഴുത്തിന്റെ ഇടക്ക് വീണ്ടും പോയി എടുത്തതാണ്…
ഡിജിറ്റൽ മിനിമലിസം എന്നൊന്നുണ്ട്… ഡിജിറ്റൽ ഡീറ്റോക്സ് എന്നും ചിലർ പറയും… അതിനുദ്ദേശമില്ല… പക്ഷെ ചെറിയ തോതിൽ കണ്ട്രോൾ വിടുന്നെന്നറിയുന്പോൾ തിരിച്ച് നമ്മളിലേക്ക് തന്നെ എത്തിച്ചെരാൻ ഒരു ശ്രമം….
സ്നേഹം!
പഹയൻ
Categories: മർത്ത്യലൊകം
Leave a Reply