വൈകീട്ട് വെറുതെ യൂട്യൂബിലൊന്ന് പോയി. ആദ്യത്തെ സ്റ്റോപ്പ് കോഴിക്കോട് ബീച്ചിലായിരുന്നു, സുനിൽ പി ഇളയടം മഹാഭാരതത്തിനെ കുറിച്ച് സംസാരിക്കുന്നു. കേരളാ ലിറ്റററി ഫെസ്റ്റിവൽ…. മഹാഭാരതത്തിനെ കുറിച്ച് കേട്ടതു കൊണ്ടാണോ എന്നറിയില്ല, വെറുതെ ‘Advaita’ എന്ന് സർച്ച് ചെയ്തു നോക്കി. അദ്വൈതത്തെ കുറിച്ച് പറയാൻ ഒക്കെ സായിപ്പന്മാരും മദാമ്മമാരും… ‘Advaita malayalam’ എന്ന് സർച്ചി നോക്കി. പിന്നെയും കിടക്കുന്നു സായിപ്പന്മാർ…. ഇംഗ്ലീഷ് മാത്രമല്ല… വേറെ പല യൂറോപ്യൻ ഭാഷകളും… ഈ സായിപ്പന്മാരുടെ ഒരു കാര്യം… ഏടപ്പോയി ന്പള മലയാളിയോളൊക്കെ?
വന്ന വീഡിയോകളിലൂടെ വെറുതെ വലത്തോട്ട് ഞെക്കിയോടിച്ചു… ഒരു പരിചിത മുഖം… സന്ദീപാനന്ദഗിരി…. കൂടെ രവിചന്ദ്രനുമുണ്ടല്ലോ…. അവിടെ ഞെക്കി…. കുറച്ചു നേരം കേട്ടു… പിന്നെ ഒരഞ്ച് മിനിട്ട് ഏതാണ്ട് പത്ത് വീഡിയോകൾ തുറന്നും അടച്ചും നോക്കി…. പിന്നെ ‘kerala literature’ എന്ന് സർച്ചി… ആദ്യം താന്നെ വന്നു ബേപ്പൂർ സുൽത്താൻ… ഒരു ബീഡി കത്തിച്ച് സംസാരിക്കുന്നു… ഉമ്മറത്തിരുന്ന് ഏതാണ്ട് ഒരു മിനുട്ട് സംസാരിക്കുന്നു… തുടങ്ങിയതും വീഡിയോ തീർന്നു… ഞാൻ ഏതാണ്ടൊക്കെ കോഴിക്കോട്ടെത്തിയിരുന്നു.. എന്റെ കൗമാരത്തിലേക്കും…
വലത്തോട്ട് ഞ്ഞെക്കി നീങ്ങി… മനോരമയുടെ ഒരു ചർച്ച, ഏച്ചിക്കാനവുമായി ബിരിയാണിയെക്കുറിച്ച് സംസാരിക്കുന്നു… അതല്പം കേട്ടു… പക്ഷെ മനസ്സിൽ ആ അവസാനത്തെ ‘ബിരിയാണി’ എന്ന പേരു പറച്ചിലിൽ മനസ്സ് തട്ടിക്കിടന്നു… വീണ്ടും വലത്തോട്ട് ഞെക്കി നീങ്ങി… പെട്ടന്ന് മറ്റൊരു പരിചിത മുഖം എം.എൻ വിജയൻ മാഷ്… ഞാൻ മാനാഞ്ചിറ എത്തിയിരിക്കുന്നു… ടൗൺ ഹോളിലേക്ക് നടന്നു… വിജയൻ മാഷ് സംസാരിച്ചു തുടങ്ങി… വിദ്യാഭ്യാസമാണ് വിഷയം….
ടൗൻഹോളിൽ നിന്നുമിറങ്ങി വലത്തോട്ട് വീണ്ടും ഞെക്കി നീങ്ങി… ബാംഗളൂരിലെ ലിറ്റററി ഫെസ്റ്റിവലിൽ ചെന്നെത്തി… സക്കറിയ കഥ വായിക്കാൻ തയ്യാറെടുക്കുന്നു.. റാണി എന്ന കവിതാ വായിക്കാനാണ് ആവശ്യപ്പെട്ടതത്രെ… വീഡിയോയുടെ തലേക്കെട്ട് മാറ്റാൻ ആരും മെനക്കെട്ടില്ല എന്ന് തോന്നുന്നു ‘Raani – A Reading in Malayalam | Paul Zacharia’… പക്ഷെ റാണിക്ക് പകരം വേറൊരു കഥ വായിക്കട്ടെ എന്നും പറഞ്ഞ് സക്കറിയ ‘അല്ലിയാന്പൽ കടവിൽ’ എന്ന കഥ വായിക്കുന്നു… അതിനു ശേഷമായിരിക്കില്ലെ വീഡിയോ അപ്ലോഡ് ചെയ്തത്.. വേണമെങ്കിൽ ‘alliyambal kadavil – A Reading in Malayalam | Paul Zacharia’ എന്ന തലേക്കെട്ടാവാമായിരുന്നു…. ചിലപ്പോൾ റാണിക്കായിരിക്കും ഇംഗ്ലീഷിൽ ഒരു ലുക്ക്… കഥയും അതിനു ശേഷം ആരോ ചോദിച്ച ചില ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരവും പറഞ്ഞു… ഞാൻ സമയം നോക്കി രാത്രി പത്തര… ഉറങ്ങാൻ സമയമായി..
പണ്ട് ലണ്ടൻനിൽ താമസിക്കുന്ന കാലം ട്യൂബിലായിരുന്നു സഞ്ചാരം… ഇന്ന് അമേരിക്കയിൽ യുട്യൂബിലും… എന്നും മനസ്സിന്റെ പോക്ക് കോഴിക്കോട്ടേക്കും മലയാള മണ്ണിലേക്കും തന്നെ….
-മർത്ത്യൻ-
Categories: കഥ
Leave a Reply