പോളിഷ് കവിയും നാടകകൃത്തുമായ സിബ്ഗനിയെഫ് ഹെർബർട്ടിന്റെ (Zbigniew Herbert 29 October 1924 – 28 July 1998) ഹോം (Home) എന്ന കവിതയുടെ പരിഭാഷയുമായി ഈ കവിതാ മാസത്തിലെ ആഘോഷങ്ങൾക്ക് വിരാമമിടുന്നു. മുപ്പതാമത്തെ (30/30) പരിഭാഷ. ഈ വർഷവും ഏപ്രിൽ മാസത്തിൽ മുപ്പത് കവിതകൾ പരിഭാഷപ്പെടുത്താൻ പല രീതിയിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കാവ്യാസ്വാദകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഹോം
Home
—–
ഋതുക്കളുടെ മുകളിലൊരു വീട്,
കുട്ടികളും മൃഗങ്ങളും ആപ്പിളും നിറഞ്ഞൊരു വീട്
നിലവിലില്ലാത്തൊരു നക്ഷത്രത്തിന്റെ കീഴിൽ –
ചതുരത്തിൽ വിജനമായൊരു സ്ഥലം.
കുട്ടിക്കാലത്തെ ഭൂതക്കണ്ണാടിയാണീ വീട്
ഭാവങ്ങളുടെ പുറംതൊലി.
ഒരു പെങ്ങളുടെ കവിൾത്തടം…
ഒരു മരത്തിന്റെ ചില്ല..
തീജ്വാലകൾ നശിപ്പിച്ച കവിൾത്തടം…
ഒരു വെടിയുണ്ട വെട്ടിമാറ്റിയ ചില്ല..
ഒരു പക്ഷിക്കൂടിന്റെ പൊടിഞ്ഞ ചാരത്തിനു മുകളിൽ-
ഭവനരഹിതമായൊരു കാലാള്‍പ്പടയുടെ പാട്ട്.
ഭാവങ്ങളുടെ മരണമാണീ വീട്,
കുട്ടിക്കാലത്തെ വെറുമൊരു ക്യൂബാണീ വീട്
കത്തിയെരിഞ്ഞൊരു പെങ്ങളുടെ ചിറകുകൾ
പിഴുതെടുത്തൊരു മരത്തിന്റെ ഇല…
-സിബ്ഗനിയെഫ് ഹെർബർട്ട്-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply