അർമേനിയൻ കവി സഹ്റാദിന്റെ (Zareh Yaldizciyan – Zahrad 10 May 1924 – 20 February 2007), രണ്ടു കവിതകളാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്. മീറ്റിയോർ (Meteor), ഗെയിം (Game) എന്ന രണ്ടു കവിതകൾ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയൊൻപതാമത്തെ (29/30) പരിഭാഷ.
മീറ്റിയോർ (Meteor)
——————-
നമ്മളേയെല്ലാം കല്ലെറിഞ്ഞു കൊല്ലാൻ,
നമ്മളെ ഓരോരുത്തരെയും ഒന്നൊന്നായി എറിയാൻ,
ആവശ്യത്തിനിന്ന് കല്ലുകളില്ല –
നമ്മളെല്ലാം ആ ഒരു കല്ലിന്റെ ചുറ്റും ഒത്തുചേർന്നു
എല്ലാവരും ഒരു സ്ഥലത്ത്,
ഒരിക്കലും വരാൻ സാധ്യതയില്ലാത്ത
ആ ഒരു ഭീമാകാരമായ ഉൽക്കക്കായി
കാത്തു കൊണ്ട്..
-സഹ്റാദ്-
(പരിഭാഷ-മർത്ത്യൻ)
ഗെയിം (Game)
——–
മനുഷ്യരാശിയെ രണ്ട് തരത്തിൽ തിരിക്കുക,
പുരുഷന്മാരും സ്ത്രീകളും.
പുരുഷന്മാരെ ഒഴിവാക്കുക.
സ്ത്രീകളെ വയ്ക്കുക.
എന്നിട്ട് സ്ത്രീകളെ രണ്ടായി തിരിക്കുക.
വയസ്സായവരും ചെറുപ്പക്കാരും.
വയസ്സായവരെ ഒഴിവാക്കുക.
ബാക്കി വരുന്നവരെ വീണ്ടും രണ്ടായി തിരിക്കുക,
ഭംഗിയുള്ളവരും അല്ലാത്തവരും.
ഭംഗിയില്ലാത്തവരെയെല്ലാം ഒഴിവാക്കുക.
എന്നിട്ട് ഭംഗിയുള്ളവരിൽ നിന്നും
ആ ഒരു സുന്ദരിയെ തിരഞ്ഞെടുത്താൽ
നിങ്ങൾ എന്താണ് കാണാൻ കഴിയുക?
ഇത്രയും കാലം നിങ്ങളുടെ കൂടെ ജീവിച്ചു പോരുന്ന
നിങ്ങളുടെ ഭാര്യയെ!
-സഹ്റാദ്-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply