അംഗോളയുടെ ആദ്യത്തെ രാഷ്ട്രപതിയും പ്രധാനപ്പെട്ട കവിയുമായിരുന്ന അന്റോണിയോ അഗൊസ്റ്റീനോ നെറ്റോയുടെ (António Agostinho Neto 17 September 1922 – 10 September 1979) ബമാക്കൊ (Bamako) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിനാലാമത്തെ (24/30) പരിഭാഷ
ബമാക്കൊ (Bamako)
—————-
ബമാക്കൊ!
അവിടെ ഒരിലയുടെ തിളക്കത്തിന്മേൽ വീഴുന്നൊരു പരമസത്യം
അവിടുത്തെ മനുഷ്യരുടെ നവത്വവുമായി ഒന്നിക്കുന്നു.
ഇളംചൂടുള്ള മണ്ണിനു കീഴെ ഉറപ്പുള്ള വേരുകളെപ്പോലെ..
നൈജറിന്റെ ഔദാര്യത്തിൽ ഫലപുഷ്ടമായി,
കോംഗോയുടെ വിപുലതയുടെ തണലനുഭവിച്ച്,
സ്നേഹവും ഭാവിയും വളരുന്ന,
ആഫ്രിക്കൻ ഇളംകാറ്റിന്റെ ഹൃദയ മിടിപ്പ്
ബമാക്കൊ!
അവിടെ ചൈതന്യം ജനിക്കുന്നു
വളരുന്നു…
നമ്മളുടെ ഉള്ളിൽ വേണ്ടപ്പെട്ട നന്മയുടെ,
അഗ്നിയെ വളര്‍ത്തുന്നു.
ബമാക്കൊ!
അവിടെ ഞങ്ങളുടെ കൈത്തണ്ടുകളും,
ഞങ്ങളുടെ ശബ്ദവും,
കണ്ണുകളിലെ ശുഭാപ്തിവിശ്വാസവും, എല്ലാം
സൗഹൃദത്തിന്റെ നിര്‍മ്മലമായ ശക്തിയായി പരിണമിക്കുന്നു.
പണ്ടു മുതൽ അടിമത്തം പിടിപെട്ട ആഫ്രിക്കയിൽ,
നൂറ്റാണ്ടുകളായി ഒഴുകിയ കണ്ണുനീരിനെ അത് തുടച്ചു മാറ്റുന്നു.
പഴങ്ങളുടെ പുഷ്‌ടികരമായ നീരുകൊണ്ട് ജീവന്‍ നല്‍കി
നീലാകാശത്തിനു താഴെ,
സൂര്യൻ ഭീമാകാരമായ കിളിമഞ്ചാരോകളെ കണ്ടെത്തുന്ന..
ഈ ഭൂമിയുടെ..
ആ മണ്ണിന്റെ സുഗന്ധം
ബമാക്കൊ!
ഭാവി പൊട്ടിമുളക്കുന്ന,
ആഫ്രിക്കയുടെ ജീവനുള്ള ഞരന്പുകളിൽ വളരുന്ന..
ആഫ്രിക്കയുടെ ആ ഫലം.
അവിടെ പ്രത്യാശ ഒരു മരമായിരിക്കുന്നു,
ഒരു നദിയും, വന്യമൃഗവും, നാടുമായിമാറുന്നു
അവിടെ പ്രത്യാശ..
ഉള്ളംകൈയുടെ ശോഭയും മനുഷ്യന്റെ കറുത്ത ചർമ്മവും കൊണ്ട്
സൗഹൃദങ്ങൾ നേടുന്നു.
ബമാക്കൊ! അവിടെ ഞങ്ങൾ മരണത്തെ കീഴ്പ്പെടുത്തുന്നു
അവിടെ ഭാവി വളരുന്നു –
പ്രകൃതിയുടെയും ജീവന്റെയും തടുക്കാനാവാത്തൊരു ശക്തിയായി
ബമാക്കൊയിൽ, ജീവനുള്ള ഞങ്ങളുടെ ഉള്ളിൽ
ഭാവി വളരുന്നു..
-അന്റോണിയോ അഗൊസ്റ്റീനോ നെറ്റോ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply