ഫ്രഞ്ച് കവിയും നെഗ്രിറ്റിയൂഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്ന എമി ഫെർണാണ്ട് ഡേവിഡ് സെസായറിന്റെ (Aimé Fernand David Césaire 26 June 1913 – 17 April 2008) മിസിസ്സിപ്പി (Mississipi) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞാൻ ചെയ്യുന്ന പന്ത്രണ്ടാമത്തെ (12/30) പരിഭാഷ.
മിസിസ്സിപ്പി
——-
എന്റെ മിസിസ്സിപ്പി കൺപോളകൾ ചിമ്മിയടയുന്പോൾ,
കൊലപ്പെടുത്തുന്ന തൂക്കുകയറും കരിംകൊടികളും എന്റെ –
കണ്ണുകൾക്ക് ഓർമ്മവരുമെന്ന കാര്യം
നിങ്ങൾ ജനങ്ങൾ ശ്രദ്ധിക്കാത്തത് കഷ്ടമാണ്.
ഒന്നും കാണാത്ത നിങ്ങൾ ജനങ്ങളുടെ കാര്യം വളരെ കഷ്ടമാണ്.
എന്റെ ഉദാരത, കറുപ്പും ചുവപ്പും വൃത്തത്തിൽ,
ഒരു പവിഴം കൊണ്ടുള്ള പാന്പിനെ പോലെ എന്റെ –
മിസിസ്സിപ്പി കണ്ണുനീർ തുള്ളികളെ ചുറ്റികിടക്കുന്പോൾ,
കൺപോളകൾക്ക് താഴെ രൂപപ്പെടുന്ന
മനോഹരമായ റെയിൽവേ സിഗിനലുകൾ പോലും
നിങ്ങൾ ജനങ്ങൾ കാണുന്നില്ല എന്നത് വലിയ കഷ്ടമാണ്.
സങ്കീര്‍ണ്ണതയുടെ ആഴത്തിൽ,
ആകസ്മികത ഞങ്ങളുടെ മിസിസ്സിപ്പി കണ്ണുകൾ നിക്ഷേപിച്ചിടത്ത്,
ചതുപ്പിൽ, കണ്ണോളം മുങ്ങി കിടക്കുന്ന ഒരു എരുമ കാത്തു നിൽക്കുന്നതും
നിങ്ങൾ ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ല എന്നത്
എന്തൊരു കഷ്ടമാണ്.
നമ്മളുടെയെല്ലാം സൂര്യന്റെ
രക്തവർണ്ണത്താലുള്ള പ്രശാന്തമായ ശൗര്യത്തിനു കീഴെ,
ജ്വലിക്കുന്ന ആകാശങ്ങൾ കൊണ്ട് മനസ്സ് നിറയുവോളം
മൊട്ടത്തലയൻ ദ്വീപുകൾ പണിയുന്നതിൽ നിന്നും
നിങ്ങൾക്കെന്നെ തടയാൻ കഴിയില്ല
എന്ന കാര്യം പോലും നിങ്ങൾക്ക്
കാണാൻ കഴിയുന്നില്ല എന്നത് കഷ്ടം തന്നെ.
-എമി സെസായർ-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply