അർജെന്റീൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു യൂലിയോ കോർട്ടസാറിന്റെ (Julio Cortázar-August 26, 1914 – February 12, 1984) ദി ഫ്യൂച്ചർ (The Future) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന പതിനൊന്നാമത്തെ (11/30) പരിഭാഷ
ദി ഫ്യൂച്ചർ
——–
നീ അവിടുണ്ടാവില്ലെന്ന് എനിക്കറിയാം
നീയാ പട്ടണപ്പാതയിലും ഉണ്ടാവില്ല,
ആ തെരുവു വിളക്കുകളുടെ മൂളലിലും ഉണ്ടാവില്ല,
ഒരു പട്ടികയിൽ നിന്നും നിന്നെ തിരഞ്ഞെടുക്കാൻ കഴിയില്ല,
ദൈനംദിന യാത്രയിൽ തിങ്ങിനിറയുന്ന യാത്രക്കാരുടെ മുഖത്ത് –
പ്രസാദം പരത്തുന്ന ചിരിയിലും നീയുണ്ടാവില്ല,
കടം വാങ്ങിയ പുസ്തകങ്ങളിലും നിന്നെ കാണില്ല,
‘നാളെ കാണാം’ എന്ന നേരന്പോക്ക് പറച്ചിലിലും നീയുണ്ടാവില്ല,
നീയെന്റെ സ്വപ്നത്തിലുണ്ടാവില്ല,
എന്റെ വാക്കുകളുടെ ലക്ഷ്യസ്ഥാനത്തൊ,
ഒരു ടെലിഫോൺ നന്പറിലോ നീയുണ്ടാവില്ല,
കയ്യുറകളുടെയും ബ്ളൗസിന്റെയും നിറത്തിലും നീയുണ്ടാവില്ല.
എനിക്ക് ദേഷ്യവും സ്നേഹവും വരും നീയില്ലാത്തതിനാൽ,
ഞാൻ ചോക്കലേറ്റുകൾ വാങ്ങും, നിനക്കല്ലെന്ന് മാത്രം,
നീയൊരിക്കലും വരാൻ സാധ്യതയില്ലാത്ത –
ആ തെരുവു മൂലയിൽ ഞാൻ ചെന്ന് നിൽക്കും.
എന്നിട്ട് ഞാൻ പറയാനുള്ളത് പറയും,
കഴിക്കാനുള്ളത് കഴിക്കും,
സ്വപ്നം കാണാനുള്ളത് സ്വപ്നം കാണും,
നീ അവിടുണ്ടാവില്ലെന്ന് തീർത്തും ബോധ്യമുണ്ടായിട്ടും,
ഇവിടെ അകത്ത്, നിന്നെ ഞാൻ പാർപ്പിക്കുന്ന തടവു മുറിയിലും നീയുണ്ടാവില്ല.
അവിടെ പുറത്ത്, പുഴയൊഴുകുന്ന നഗരവീഥികളിലും പാലങ്ങളിലും നീയുണ്ടാവില്ല.
നീ അവിടെയെവിടെയും ഉണ്ടാവില്ല, നീയൊരു ഓർമ്മ പോലുമാവില്ല
ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കുന്പോൾ പോലും,
അത് നിന്നെ ഓർമ്മിച്ചെടുക്കാനുള്ള ഒരു അവ്യക്തമായ ശ്രമം മാത്രമാണ്.
-ഊലിയോ കോർട്ടസാർ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply